ജാഗ്രത കൈവിടരുത്: ഗുണനിലവാരവും താഴ്ന്ന വിലയുമുള്ള ഓഹരികള്‍ സംഭരിക്കാം

ഈയിടെയുണ്ടായ 10 ശതമാനം കുതിപ്പിനുശേഷം, ക്രൂഡോയില്‍ വിലയിലും ഉല്‍പന്ന വിലയിലും പെട്ടെന്നുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് ഓഹരി വിപണിയുടെ നീക്കം കരുതലയോടെയാണ്. ഇന്ത്യന്‍ വിപണിയിലുണ്ടായ കുതിപ്പിനു പ്രധാന കാരണങ്ങളിലൊന്ന് ക്രൂഡോയില്‍ വില താഴ്ന്നതായിരുന്നു. യുദ്ധസ്ഥിതിയും ഉല്‍പന്ന വിലകളുമായിരിക്കും വിപണിയുടെ ഭാവി ചലനങ്ങളെ നിയന്ത്രിക്കുക.
റഷ്യയും യുക്രൈനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ മഞ്ഞുരുക്കത്തിനിടയാക്കുമെന്നായിരുന്നു ഒരാഴ്ച മുമ്പുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷത്തിലുണ്ടായ വര്‍ധനയും മിഡില്‍ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കാര്യങ്ങള്‍ തകിടം മറിച്ചു. ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ നിന്ന് 124 ഡോളറായി ഉയര്‍ന്നു. നേരത്തേ ഇത് 138 ഡോളര്‍വരെ എത്തിയിരുന്നു. ഉല്‍പന്ന വിലകള്‍ കുതിക്കുകയായിരുന്നിട്ടും അഭ്യന്തര വിപണിയില്‍ കാര്യമായ ഓഹരി വിറ്റഴിക്കല്‍ നടന്നില്ല.
മാര്‍ച്ച് 16ലെ യുഎസ് കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനം വന്നതോടെ വിദേശ ഓഹരികളുടെ വില്‍പന കുറഞ്ഞതാണ് കാരണം. വിദേശ ഓഹരികള്‍ വാങ്ങല്‍ ഘട്ടത്തിലാണെങ്കിലും യുദ്ധവും ഉല്‍പന്ന വിലക്കയറ്റവും പണ നയത്തില്‍ വരാനിരിക്കുന്ന വ്യതിയാനം സംബന്ധിച്ച വാര്‍ത്തകളുംമൂലം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വാരത്തിലുണ്ടായ പുരോഗതി പിന്നോട്ടു പോയിരിക്കുന്നു. ഡീസലിന്റെ മൊത്തവിലയിലുണ്ടായ വര്‍ധനയും പൊതുവായ വിലക്കയറ്റവും വിപണിയെ ബാധിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ പ്രത്യകിച്ച് ഗതാഗത മേഖല, ഉപഭോഗം, ചരക്കുകടത്ത് തുടങ്ങിയ രംഗങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ഉപഭോഗ ഉല്‍പന്ന വിലകളും സേവനങ്ങളും ഇനിയും വര്‍ധിക്കുമോ എന്നാണറിയേണ്ടത്. എങ്കിലും ഈയിടെ തുടര്‍ച്ചയായി വിലക്കയറ്റം ഉണ്ടായതിനാല്‍ ഇനിയും കൂടാനിടയില്ല. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന് ഉപഭോഗ വ്യവസായം ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും അളവും പരിമിതപ്പെടുത്തിയേക്കും. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിലക്കയറ്റം ഡിമാന്റിനേയും ലാഭത്തേയും ഒരുപോലെ ബാധിക്കും. ഈ അവസ്ഥ കുറയുവോളം കോര്‍പറേറ്റ് ലാഭം താഴാനും സാധ്യതയുണ്ട്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രൂഡോയില്‍ വിലയും ഇന്ത്യന്‍ വിപണിയും തമ്മില്‍ ഗുണകരമായ ബന്ധമാണുള്ളത്. രണ്ടും ആഗോള വിപണിയുടെ ചലനങ്ങള്‍ക്കനുസരിച്ചാണു നീങ്ങുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും സമ്പദ് വ്യവസ്ഥ ദുര്‍ബ്ബലമാവുകയും ചെയ്യുമ്പോള്‍ ഇടക്കാലത്തേക്ക് ഈ ബന്ധം ഗുണകരമല്ലാതായിത്തീരാം. എന്നാല്‍ വില കുറയുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ നേരെ തിരിച്ചും സംഭവിക്കും.
ക്രൂഡോയില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നനിലയില്‍ വില കൂടുമ്പോള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. വിതരണ പ്രശ്നങ്ങള്‍, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം, ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍, യുദ്ധം കാരണം ഡിമാന്റിലുണ്ടായ കുറവിനെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന തളര്‍ച്ച, കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധന, കൂടിയ തോതിലുള്ള വിലക്കയറ്റം എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഈയിടെയുണ്ടായ കുതിപ്പിനുശേഷം, വിപണി ജാഗരൂകമാണ്. അനിശ്ചിതത്വം വര്‍ധിക്കുന്നു. ഭാവിയില്‍ വരുമാനനേട്ടം കുറയാനിടയുണ്ട്. ഓഹരി വിലകള്‍ കൂടുകയും ചെയ്യുന്നു. യുദ്ധത്തെയും വിതരണ പുരോഗതിയേയും ആശ്രയിച്ചായിരിക്കും ഒരുപാടുകാര്യങ്ങള്‍ നിലകൊള്ളുന്നത്. മാന്ദ്യത്തില്‍നിന്നു മുക്തമാകാന്‍ അഭ്യന്തര വിപണിയെ അതുസഹായിക്കും. മുന്‍കാല അനുഭവം വെച്ചുനോക്കുമ്പോള്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അല്‍പായുസേ ഉള്ളു. എന്നാല്‍ ഇരുനേതാക്കളുടേയും പിടിവാശിയും മറ്റു പ്രശ്നങ്ങളും യുദ്ധത്തെ സംബന്ധിച്ചേടത്തോളം ദീര്‍ഘമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
താഴ്ചയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുക എന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. വിപണി കുറച്ചുകാലത്തേക്കെങ്കിലും വിപരീതമായേ ട്രേഡിംഗ് നടത്തൂ എന്നകാര്യം ശ്രദ്ധിക്കണം. താഴ്ന്ന ഘട്ടത്തില്‍ വാങ്ങുകയും ഉയര്‍ന്ന നിലയിലുള്ളവയെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയുമാണു വേണ്ടത്. ദീര്‍ഘകാല നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഉയര്‍ന്ന ഗുണനിലവാരവും താങ്ങാവുന്ന വിലയുമുള്ള ഓഹരികള്‍ സംഭരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: stock market outlook by vinod nair