1,000 പോയന്റിലേറെ തകർന്ന് സെൻസെക്‌സ്: നിക്ഷേപകർക്ക് നഷ്ടം 9 ലക്ഷം കോടി, ഇടിവ് തുടരുമോ?

കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി വിപണിയിൽ തകർച്ച. സെൻസെക്‌സ് 1,065 പോയന്റ് ഇടിഞ്ഞ് 82,180ലും നിഫ്റ്റി 353 പോയന്റ് താഴ്ന്ന് 25,232ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഒമ്പത് ലക്ഷം കോടി രൂപയാണ് ചൊവ്വാഴ്ചയിലെ തകർച്ചയിൽ മാത്രം നിക്ഷേപകർക്ക് നഷ്ടമായത്.
ഐടി ഓഹരികളിലെ കനത്ത വില്പന, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റം, ആഗോളതലത്തിൽ വ്യാപാര മേഖലയെ ബാധിച്ച അനിശ്ചിതത്വം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കും വെള്ളിയിലേക്കുമുള്ള നിക്ഷേപകരുടെ കൂടുമാറ്റം എന്നിവയാണ് വിപണിയെ പിടിച്ചുലച്ചത്.
പ്രധാനകാരണങ്ങൾ:
ഐടി ഓഹരികളിലെ തകർച്ച
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഐടി മേഖലയാണ്. നിഫ്റ്റി ഐടി സൂചിക 2.1% ഇടിവ് രേഖപ്പെടുത്തി. വിപ്രോ 3% ഇടിഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ അറ്റാദായത്തെ ബാധിച്ചതാണ് എൽടിഐ മൈൻഡ്ട്രീക്ക് തിരിച്ചടിയായത്. ഓഹരി വില 7% താഴ്ന്നു.
ആഗോള അനിശ്ചിതത്വം
യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ആഗോള വിപണികളെ ബാധിച്ചു. ഗ്രീൻലാൻഡിന് മേൽ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. നാസ്ഡാക് (Nasdaq), എസ് ആൻഡ് പി 500 (S&P 500) സൂചികകൾ ഒരു ശതമാനം ഇടിയാൻ ഇതിടയാക്കി. യുഎസിലെ 10 വർഷത്തെ ട്രഷറി ആദായം 4.265% എന്ന സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
വിദേശ പിന്മാറ്റം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തുടർച്ചയായി പത്താമത്തെ വ്യാപാര ദിനത്തിലും ഓഹരികൾ വിറ്റൊഴിഞ്ഞത് വിപണിയെ ബാധിച്ചു. ജനുവരി 19-ന് മാത്രം 3,263 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DII) 4,234 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും വിപണിക്ക് പിടിച്ചുനിൽക്കാനായില്ല.
സുരക്ഷിത നിക്ഷേപം
ആഗോള വ്യാപാര സംഘർഷ ഭീതി നിക്ഷേപകരെ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും ആകർഷിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,700 ഡോളർ എന്ന റെക്കോഡ് ഉയരം പിന്നിട്ടു. ഇന്ത്യൻ വിപണിയിൽ വെള്ളി വില കിലോയ്ക്ക് 3 ലക്ഷം രൂപ എന്ന പരിധി കടന്നു. 2026-ന്റെ ആദ്യ 20 ദിവസങ്ങളിൽ മാത്രം വെള്ളിയുടെ വിലയിൽ 35% വർധനവുണ്ടായി.
ഇടിവ് തുടരുമോ?
ആഗോള വ്യാപാര സംഘർഷവും ഐടി മേഖലയിലെ അനിശ്ചിതത്വവും നീളുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. നിഫ്റ്റി 25,450 നിലവാരത്തിന് താഴേക്ക് പോയാൽ 25,250 മുതൽ 25,350 വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിപണിയെ ജാഗ്രതയോടെ സമീപിക്കാം. ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള എസ്‌ഐപി തുടരുകയും ചെയ്യാം.
Content Highlights: Indian stock market plunges: Sensex falls over 1000 points, Nifty drops as investors lose Rs 9 lakh crore. Explore reasons & future outlook.