15 ലക്ഷം കോടിയുടെ ക്രമക്കേട്: രാജേഷ് എക്‌സ്‌പോർട്‌സിന് സെബിയുടെ വിലക്ക്, ഓഹരിയിൽ തകർച്ച

പ്രമുഖ സ്വർണാഭരണ കയറ്റുമതി സ്ഥാപനമായ രാജേഷ് എക്‌സ്‌പോർട്‌സ് കുംഭകോണത്തിൽ കമ്പനിക്കും ചെയർമാൻ രാജേഷ് മേത്തയ്ക്കും സെബി വിലക്കേർപ്പെടുത്തി. 15.15 ലക്ഷം കോടി രൂപയുടെ വരുമാനം തെറ്റായി രേഖപ്പെടുത്തിയെന്നും ഫണ്ട് വകമാറ്റി ചെലവാക്കിയെന്നുമാണ് പ്രധാന ആരോപണം. വർഷങ്ങളായി വിദേശ അനുബന്ധ സ്ഥാപനങ്ങൾ വഴി കമ്പനിയുടെ പ്രവർത്തന വ്യാപ്തി വർധിപ്പിച്ചു കാണിച്ചുവെന്നാണ് സെബിയുടെ കണ്ടെത്തൽ. സെബിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. 103.92 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം നടന്നത്.
പ്രധാന ക്രമക്കേടുകൾ
കമ്പനിയുടെ വരുമാനത്തിലും പ്രവർത്തനങ്ങളിലും വലിയ തോതിലുള്ള കൃത്രിമങ്ങൾ നടന്നതായി സെബി ആരോപിക്കുന്നു.
പ്രധാന കണ്ടെത്തലുകൾ:
- 2021നും 2025നും ഇടയിൽ സബ്‌സിഡിയറി വരുമാനത്തിൽ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നതായി സെബി കണ്ടെത്തി. കമ്പനി റിപ്പോർട്ട് ചെയ്ത മൊത്തം വരുമാനത്തിന്റെ 99.8 ശതമാനത്തോളം വരുമിത്.
- കമ്പനിയുടെ ഏകീകൃത വരുമാനത്തിന്റെ (Consolidated revenue) 97 ശതമാനം മുതൽ 99 ശതമാനം വരെ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള 'വാൽകാമ്പി എസ്എ' (Valcambi SA) എന്ന അനുബന്ധ സ്ഥാപനത്തിൽ നിന്നാണെന്നാണ് കാണിച്ചിരുന്നത്.
- എന്നാൽ, ഈ സബ്‌സിഡിയറികളുടെ സാമ്പത്തിക പ്രസ്താവനകൾ പരസ്യമായി വെളിപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടു.
- വാൽകാമ്പിയുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളിൽ വരുമാനം വളരെ കുറവാണെന്നും സെബി കണ്ടെത്തി.
വരുമാനത്തിലെ കൃത്രിമം
- 2021 നും 2024നും ഇടയിൽ 12,557 കോടി രൂപയുടെമൊത്തം വരുമാനം തെറ്റായി രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.
- വ്യക്തിഗത ഇടപാടുകൾ കമ്പനി ഇടപാടുകളായി രേഖപ്പെടുത്തി.
- ചെയർമാൻ രാജേഷ് മേത്ത വ്യക്തിപരമായി നടത്തിയ ഡെറിവേറ്റീവ് ഇടപാടുകളെ കമ്പനിയുടെ വില്പനയായും വാങ്ങലായും തെറ്റായി കാണിച്ചു.
- കമ്പനിയുടെ വില്പന 11,487 കോടി രൂപയായും വാങ്ങലായി 11,488 കോടി രൂപയായും ഇത്തരത്തിൽ രേഖപ്പെടുത്തി.
മറ്റ് ക്രമക്കേടുകൾ
വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ: 867 കോടി രൂപയുടെയും 716 കോടി രൂപയുടെയും വിനിമയ നിരക്ക് വ്യതിയാനങ്ങളെ യഥാക്രമം വരുമാനമായും വാങ്ങലായും തെറ്റായി തരംതിരിച്ചു.
പലിശ വരുമാനം: മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഫിക്‌സഡ് ഡിപ്പോസിറ്റുകളിൽ നിന്നുമുള്ള കോടിക്കണക്കിന് രൂപയുടെ പലിശ പ്രവർത്തന വരുമാനമായി രേഖപ്പെടുത്തി.
എൽഐസിക്കും നിക്ഷേപം
രാജേഷ് എക്സ്പോർട്‌സിൽ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകരായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കാര്യമായ ഓഹരി പങ്കാളിത്തമുണ്ട്. 2026 മാർച്ച് പാദത്തിലെ കണക്കനുസരിച്ച് എൽഐസിക്ക് കമ്പനിയിൽ 10.80 ശതമാനം ഓഹരിയാണുള്ളത്. 2023 സെപ്റ്റംബർ മുതൽ എൽഐസി ഈ ഓഹരി പങ്കാളിത്തത്തിൽ മാറ്റം വരുത്താതെ നിലനിർത്തിപ്പോരുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: SEBI imposed a ban on Rajesh Exports and its Chairman Rajesh Mehta., Allegations of 15.15 lakh crore revenue inflation between 2021 and 2025., Misclassification of personal derivative trades as company business., Significant discrepancy in Valcambi SA's audited accounts., LIC holds a 10.80% stake in the company as of March 2026.