തിരിച്ചടി നേരിട്ട് പൊതുമേഖല ബാങ്ക് ഓഹരികള്‍: കാരണങ്ങള്‍ അറിയാം

#Money Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

പൊതുമേഖലാ ബാങ്കുകളിലെ വിദേശ പ്രത്യക്ഷ നിക്ഷേപ പരിധി ഉയര്‍ത്തുന്നകാര്യം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ തിരിച്ചടി നേരിട്ട് ഓഹരികള്‍. പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. എഫ്ഡിഐ പരിധി 20 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഈ മേഖലയിലെ ഓഹരികളില്‍ വലിയ മുന്നേറ്റത്തിന് കാരണമായിരുന്നു.

ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ പൊതു മേഖലയിലെ 12 ബാങ്കുകളുടെയും ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 3% ഇടിഞ്ഞ് 8,264 എന്ന നിലയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 8,665-ല്‍ നിന്ന് ഏകദേശം 5% ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി 6% ഇടിഞ്ഞ് 807 രൂപ നിലവാരത്തില്‍ എത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയുടെ ഓഹരികള്‍ 2% വരെ നഷ്ടം നേരിട്ടു.

നിലവില്‍ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20 ശതമാനമാണ്. സ്വകാര്യ ബാങ്കുകളിലാകട്ടെ 74 ശതമാനവും.

Content Highlights: Public sector bank shares drop sharply after government clarifies no plans to increase FDI limits. Learn why PSU bank stocks are under pressure.