വന്‍കിടക്കാര്‍ക്കും അടിപതറി: ദമാനിക്ക് നഷ്ടം 28%, ജുന്‍ജുന്‍വാല കുടുംബത്തിന് 19%

Image: Gettyimages
Image: Gettyimages

വിപണിയിലെ സമീപകാല തകര്‍ച്ചയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് മാത്രമല്ല വന്‍കിടക്കാര്‍ക്കും അടിതെറ്റി. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകരായ രാധാകിഷന്‍ ദമാനി, ജുന്‍ജുന്‍വാല കുടുംബം ഉള്‍പ്പടെയുള്ളവരും കനത്ത വില്പന സമ്മര്‍ദത്തില്‍ തകര്‍ച്ച നേരിട്ടു.

ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ പോര്‍ട്‌ഫോളിയോയില്‍ 25 ശതമാനംവരെ ഇടിവുണ്ടായതായി കാണാം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണെങ്കില്‍ തകര്‍ച്ച 30 ശതമാനത്തിലേറെയാണ്. 

ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകിഷന്‍ ദമാനിയുടെ ഓഹരി നിക്ഷേപ മൂല്യത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ 64,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. അതായത് 28 ശതമാനം നഷ്ടം. മൊത്തം നിക്ഷേപ മൂല്യം 2.31 ലക്ഷം കോടി രൂപയില്‍നിന്ന് 1.67 ലക്ഷം കോടിയിലെത്തി. 

അദ്ദേഹത്തിന് കൂടുതല്‍ നിക്ഷേപമുള്ള അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി വിലയില്‍ 27 ശതമാനമാണ് ഇടിവുണ്ടായത്. രണ്ടാമത്തെ വലിയ നിക്ഷേപമുള്ള ട്രെന്‍ഡിന്റെ ഓഹരി വിലയിലാകട്ടെ 32 ശതമാനമാവും തകര്‍ച്ചയുണ്ടായി. 

ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ നിഫ്റ്റിയില്‍ ഉണ്ടായ നഷ്ടം 11 ശതമാനമാണ്. ചെറുകിട, ഇടത്തരം ഓഹരികളില്‍ കൂടുതല്‍ നിക്ഷേപമുള്ളതിനാലാണ് തകര്‍ച്ച കൂടാന്‍ കാരണം. നിഫ്റ്റി മിഡ്ക്യാപ് 150 സൂചിക 17 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 22 ശതമാനവും ഇടിവാണ് ഈ കാലയളവില്‍ നേരിട്ടത്. 30 മുതല്‍ 80 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ചെറികിട, പെന്നി ഓഹരികളുമുണ്ട്. 

അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ കുടുംബത്തിന്റെ പോര്‍ട്‌ഫോളിയോയില്‍ ഒക്ടോബര്‍ ഒമ്പതിനുശേഷം 19 ശതമാനമാണ് ഇടിവുണ്ടായത്. അടുത്തയിടെ വിപണയില്‍ ലിസ്റ്റ് ചെയ്ത ഇന്‍വെന്ററസ് നോളജ് സൊലൂഷന്‍സ് ഉള്‍പ്പടെ മൊത്തം ഓഹരികളുടെ മൂല്യം 59,709 കോടി രൂപയായിരുന്നു. 

ഒക്ടോബര്‍ മുതലുള്ള കണക്കെടുത്താന്‍ ആകാഷ് ബന്‍ഷാലിയുടെ പോര്‍ട്‌ഫോളിയോ മൂല്യത്തില്‍ 16 ശതമാനം ഇടിവ് നേരിട്ടു. അദ്ദേഹത്തിന് കൂടുതല്‍ ഓഹരികളുള്ള ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സിന് 13 ശതമാനം നഷ്ടമുണ്ടായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ വലിയ നിക്ഷേപമുള്ള കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ(പേടിഎമ്മിന്റെ മാതൃസ്ഥാപനം)ഓഹരി വിലയില്‍ ഈ കാലയളവില്‍ അഞ്ച് ശതമാനം നേട്ടമുണ്ടായി. 

മറ്റൊരു മുന്‍നിര സംരംഭകനായ ഹേമേന്ദ്ര കോത്താരിയുടെ നിക്ഷേപ മൂല്യത്തില്‍ 29 ശതമാനമാണ് ഇടിവുണ്ടായത്. അദ്ദേഹത്തിന് കൂടുതല്‍ നിക്ഷേപമുള്ള ആല്‍ക്കൈല്‍ അമിനെസ് കെമിക്കല്‍സും സൊണാറ്റ സോഫ്റ്റ്‌വെയറും യഥാക്രമം 28 ശതമാനവും 33 ശതമാനവും ഇടിവ് നേരിട്ടു. 

വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇതിനകം രാജ്യത്തെ ഓഹരി വിപണിയില്‍ 2.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഓഹരികളാണ് വിറ്റഴിച്ചത്. 

Content Highlights: Major Indian investors like Damani & Jhunjhunwala`s family faced significant portfolio losses.