എല്‍.ഐ.സിയുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ചേക്കും: ലക്ഷ്യം 13,000 കോടി

Photo: Gettyimages
Photo: Gettyimages

എല്‍.ഐ.സിയുടെ കൂടുതല്‍ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചേക്കും. ഈ വര്‍ഷം അവസാനത്തോടെ 13,200 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ കൈമാറ്റം ചെയ്യാനാണ് കേന്ദ്രത്തിന്റെ പദ്ധതി. സെബിയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് പൊതുജനങ്ങളുടെ കൈവശമുള്ള ഓഹരി വിഹിതം 10 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഓഹരി വിലയിലെ പെട്ടെന്നുള്ള ഇടിവ് ഒഴിവാക്കാന്‍ ഘട്ടംഘട്ടമായാകും വില്പന. ആദ്യഘട്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം അവസാനത്തോടെ ഉണ്ടായേക്കാം.

2022 മെയില്‍ നടത്തിയ പ്രാരംഭ ഓഹരി വില്പനയിലൂടെ 3.5 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്. ഇതിലൂടെ 20,557 കോടി രൂപ സമാഹരിക്കുകയും ചെയ്തു. നിലവിലെ 3.5 ശതമാനം ഓഹരി വിഹിതം പത്ത് ശതമാനമായി ഉയര്‍ത്താന്‍ 6.5 ശതമാനം ഓഹരികള്‍കൂടി വിറ്റഴിക്കേണ്ടതുണ്ട്. ഈ ഓഹരികള്‍ക്ക് നിലവില്‍ 37,000 കോടിയോളം മൂല്യമുണ്ട്.

ഓഹരി വില്പനയ്ക്കായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡി.ഐ.പി.എ.എം) ഇതിനകം പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. പൊതുജനങ്ങളില്‍നിന്നുള്ള സ്വീകാര്യത വിലയിരുത്തിയശേഷമാകും വില്പന രീതി തീരുമാനിക്കുക. ഓഫര്‍ ഫോര്‍ സെയില്‍, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേയ്‌സ്‌മെന്റ് എന്നീ സാധ്യതകളും പരിഗണിക്കുന്നുണ്ട്.

നിലവില്‍ ഐ.പി.ഒ വിലയായ 949 രൂപയ്ക്ക് താഴെയാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം 900 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഇതുപ്രകാരം കമ്പനിയുടെ വിപണിമൂല്യം 5.7 ലക്ഷം കോടി രൂപയാണ്.

സര്‍ക്കാര്‍ പിന്തുണ, വിപണിയിലെ നേതൃസ്ഥാനം, റീട്ടെയില്‍, സ്ഥാപന നിക്ഷേപകരുടെ താത്പര്യം എന്നിവ പരിഗണിക്കുമ്പോള്‍ ഓഹരികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Government plans to sell more LIC shares by year-end to raise Rs 13,200 crore. Aims to increase public holding to 10%. Sale in phases to avoid price drop.