ഒരൊറ്റ ദിവസം ഐപിഒയുമായെത്തുന്നത് ആറ് കമ്പനികൾ: 30 വർഷത്തിനിടെ ഇതാദ്യം

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിപണിയിൽ ഐപിഒ തിരക്ക്. സെപ്റ്റംബർ ഒമ്പതിന് ആറ് കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തുന്നത്. 4,386 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻതോതിൽ മൂലധനമെത്തുന്നതും നിക്ഷേപക താല്പര്യവുമാണ് ഇതിന് കാരണം. സെക്കൻഡറി മാർക്കറ്റിൽ നിന്നുള്ള ഫണ്ടുകൾ പ്രൈമറി മാർക്കറ്റിലേക്ക് മാറുന്നതും സമാഹരിക്കുന്ന തുകയിൽ ഭൂരിഭാഗവും കമ്പനികളുടെ വികസനത്തിന് പകരം നിലവിലുള്ള ഓഹരിയുടമകൾക്ക് ലാഭമെടുക്കാൻ ഉപയോഗിക്കുന്നുവെന്നതും വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഐപിഒയുമായി ഈ കമ്പനികൾ
1996 ഒക്ടോബർ 14-ന് ശേഷം ആദ്യമായാണ് ഒരേ ദിവസം ആറ് കമ്പനികൾ ഐപിഒയുമായെത്തുന്നത്.
- റെന്റോമോജോ (Rentomojo)
- അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ) [ARCIL]
- മണിപ്പാൽ പേയ്മെന്റ് ആൻഡ് ഐഡന്റിറ്റി സൊല്യൂഷൻസ്
- സ്റ്റീംഹൗസ് ഇന്ത്യ (Steamhouse India)
- എൽസിസി പ്രോജക്ട്സ് (LCC Projects)
- കരംതാര എൻജിനീയറിങ് (Karamtara Engineering)
ഈ ആറ് കമ്പനികൾ ചേർന്ന് 4,386 കോടി രൂപയാണ് സമാഹരിക്കുന്നത്. 1996-ൽ ആറ് ഐപിഒകൾ വന്നപ്പോൾ സമാഹരിച്ചിരുന്നത് 22 കോടി രൂപയായിരുന്നു.
ഐപിഒ കുതിപ്പിന് പിന്നിൽ
നിക്ഷേപക താല്പര്യം: നിക്ഷേപകരിൽനിന്ന് ശക്തമായ ഡിമാൻഡുള്ളതിനാലാണ് കമ്പനികൾ ഐപിഒയുമായി വരുന്നത്. റോഡ് ഷോകളിലൂടെയും മറ്റും നിക്ഷേപക താല്പര്യം മനസ്സിലാക്കാൻ കമ്പനികൾക്ക് സാധിക്കുന്നുണ്ട്.
മ്യൂച്വൽ ഫണ്ട് ഒഴുക്ക്: മ്യൂച്വൽ ഫണ്ടുകളിലേക്ക് ഓരോ മാസവും വൻതോതിൽ പണം എത്തുന്നുണ്ട്. സെക്കൻഡറി മാർക്കറ്റിൽ നിക്ഷേപിക്കാൻ പരിധിയുള്ളതിനാൽ, ഈ ഫണ്ടുകൾ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.
വിപണി സാഹചര്യങ്ങൾ: നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ കമ്പനികൾ ശ്രമിക്കുന്നു. ഐപിഒ വിപണി നിശ്ചിത കാലയളവുകളിൽ കുതിച്ചുയരുന്ന സ്വഭാവമുള്ളതിനാൽ നിലവിലെ അനുകൂല സാഹചര്യം നേട്ടമാക്കാനാണ് കമ്പനികളുടെ നീക്കം.
ലിസ്റ്റിങ് നേട്ടം
മിൽക്കി മിസ്റ്റ്, ഇഎസ്ഡിഎസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സമീപകാല ഐപിഒകൾ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി നൽകിയിട്ടുണ്ട്. പല ഓഹരികളും ലിസ്റ്റിങ്ങിന് ശേഷം തിരുത്തലുകൾ നേരിടുന്നുണ്ടെങ്കിലും, ഹ്രസ്വകാല ലാഭത്തിനായി നിക്ഷേപകർ ഐപിഒകളിലേക്ക് ആകൃഷ്ടരാകുന്നു.
സെപ്റ്റംബർ രണ്ടാം വാരത്തിൽ 12 ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാൻ വിപണി ഒരുങ്ങുകയാണ്. മാസാവസാനം വരാനിരിക്കുന്ന എൻഎസ്ഇ ഐപിഒ കൂടിയാകുമ്പോൾ പ്രാഥമിക വിപണി ചൂടുപിടിക്കും. കമ്പനികളുടെ ഗുണനിലവാരവും ഐപിഒയുടെ ഉദ്ദേശ്യവും വിലയിരുത്തി വേണം നിക്ഷേപം നടത്താൻ.
Content Highlights: Six companies are launching IPOs on the same day for the first time in 30 years., The total amount targeted to be raised is Rs 4,386 crore., Driven by heavy mutual fund inflows and strong investor interest., Experts raise concerns over funds being used for existing shareholder exits rather than company growth.