സമ്മര്‍ദത്തില്‍ വന്‍കിട ഓഹരികള്‍: മിഡ് ക്യാപുകളില്‍ വീണ്ടും കുതിപ്പ്, വരുന്നത് പ്രതീക്ഷയുടെ നാളുകളോ?

ഇന്ത്യന്‍ കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷകള്‍ മറികടന്നു. നികുതിക്കു ശേഷമുള്ള ലാഭം വിശാല അടിസ്ഥാനത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 50 കമ്പനികള്‍ ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. നേരത്തേ മൂന്നു ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഹരി വരുമാന പ്രതീക്ഷയില്‍ ഇത് വര്‍ധനവുണ്ടാക്കുമെന്നു കരുതുന്നു. അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവും കുറയുന്ന പണപ്പെരുപ്പവും പ്രവര്‍ത്തന ലാഭം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
വിവിധ മേഖലകളില്‍ പ്രകടനം സമ്മിശ്രമായിരുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ക്കിടെ മുന്‍ പാദത്തെയപേക്ഷിച്ച് ഡിമാന്റ് മെച്ചപ്പെട്ടതിനാല്‍ ലോഹ, ഖനന മേഖലകള്‍ മുന്നിട്ടുനിന്നു. സങ്കീര്‍ണ്ണ സ്വഭാവമുള്ള ഔഷധങ്ങളുടെ ഡിമാന്റ് കൂടുകയും രാസവസ്തുക്കളുടെ വില കുറയുകയും ചെയ്തത് ഫാര്‍മ മേഖലയിലെ പ്രകടനം മെച്ചപ്പെടാനിടയാക്കി. ആഭ്യന്തര വിപണിയെ ആശ്രയിച്ചു നില്‍ക്കുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, ടെലികോം മേഖലകളും പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കി. അതേസമയം, വാഹന, ഐടി, എഫ്എംസിജി കമ്പനികളാകട്ടെ വരുമാന വളര്‍ച്ചയില്‍ മുന്നോട്ടു പോകാതിരിക്കുകയോ മോശം പ്രകടനം കാഴ്ച വെക്കുകയോ ചെയ്തു. സാമ്പത്തിക വളര്‍ച്ചയില്‍ ആഗോള, ആഭ്യന്തര രംഗങ്ങളിലുണ്ടായ തളര്‍ച്ചയുടെ പ്രത്യാഘാതമായിരുന്നു ഇത്.
Content Highlights: Analyzing India's Q4 Corporate Performance: Growth Sectors, Challenges, and Investment Implications.