പ്രതീക്ഷയോടെ വിപണി: ആഗോള സാഹചര്യങ്ങള്‍ മുന്നേറ്റത്തിന് കരുത്തേകും

വലിയ പ്രതീക്ഷകളോടെയാണ് നിക്ഷേപകര്‍ പുതുവര്‍ഷത്തിലേക്ക് (സംവാത് 2082) പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തികച്ചും വിഭിന്നമായി വിപണി പുതിയ ഉയരങ്ങളിലേക്ക് എത്തുകയും ഊര്‍ജസ്വലമാവുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും കഴിഞ്ഞ വര്‍ഷം വിപണിയെ ദുര്‍ബലമാക്കിയിരുന്നു. അതോടൊപ്പം ആഗോള സാമ്പത്തിക തകര്‍ച്ചയും യുദ്ധങ്ങളും അടിച്ചേല്‍പിക്കപ്പെട്ട ഉയര്‍ന്ന താരിഫും സാഹചര്യം വഷളാക്കി. എന്നാല്‍ പുതിയ വര്‍ഷം പ്രതീക്ഷകളുടേതാണ്. താഴ്ന്ന പണപ്പെരുപ്പവും തുടരുന്ന ഉദാരവത്ക്കരണ നടപടികളും മികച്ച പണ ലഭ്യതയും ഒരു പക്ഷെ ഉടനെ തന്നെ സാധ്യമായേക്കാവുന്ന അമേരിക്കയുമായുള്ള വ്യാപാര കരാറും വിപണിക്ക് ഉത്തേജനം പകരുന്നു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സിന്റെ കണക്കനുസരിച്ച് ഇത്തവണ ദീപാവലി ബിസിനസ് 6.05 ലക്ഷം കോടി രൂപയുടേതായിരുന്നു. സര്‍വ്വകാല റെക്കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (FY 26) യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനം വരെയാകാമെന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു. മുമ്പ് കണക്കാക്കിയിരുന്നത് 6.5 ശതമാനമായിരുന്നു. വാഹന വില്‍പന അടക്കമുള്ള പ്രാഥമികമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേയും അടുത്ത സാമ്പത്തിക വര്‍ഷത്തേയും (FY 27) വളര്‍ച്ചാ നിരക്കുകള്‍ പിന്നെയും ഉയര്‍ന്നേക്കാമെന്ന് ആര്‍ബിഐ കണക്കാക്കുന്നു. നവരാത്രിക്കും ദീപാവലിക്കുമിടയിലുള്ള 30 ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു എന്നാണ് ടാറ്റാ മോട്ടോഴ്സ് പറയുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 33 ശതമാനം കൂടുതലാണ്.
Content Highlights: Explore the positive outlook for the Indian market in the new year. Factors like declining inflation, liberalization, and strong domestic consumption are driving growth, with potential for foreign investor return.