ആഗോള ചലനങ്ങള്‍ നേട്ടമാക്കി വിപണി: മുന്നേറ്റം തുടരുമോ?

#വിനോദ് നായര്‍
Photo:Gettyimages
Photo:Gettyimages

പ്രില്‍ ഏഴു മുതലുള്ള ഒന്നര മാസക്കാലം 13.3 ശതമാനം നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി ആകര്‍ഷകമായ കുതിപ്പാണ് കാഴ്ചവെച്ചത്. അമേരിക്ക പകരച്ചുങ്കം നിര്‍ത്തിവെച്ചതോടെയായിരുന്നു ഇതിന്റെ തുടക്കമെങ്കിലും ഇന്ത്യാ-പാക് വെടി നിര്‍ത്തല്‍ കരാര്‍ വന്നതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. ആറേഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ പകുതിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കരുതലോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. എങ്കിലും മൊത്തത്തിലുള്ള വരവ് അത്രയധികമായിരുന്നില്ല.  കൂടുതല്‍ നിക്ഷേപം വരണമെങ്കില്‍ ആഗോള സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടണമായിരുന്നു. പകരച്ചുങ്കം ഇല്ലാതായതോടെ വ്യാപാര യുദ്ധ ഭീഷണി കുറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് അത് പ്രോത്സാഹനജനകമായി. എന്നാല്‍, ഇതിന്റെ പ്രഥമിക ഗുണഭോക്താക്കള്‍ ഇതര ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയവയായിരുന്നു. ഇന്ത്യയില്‍ നിന്നു പിന്‍വലിച്ച വിദേശ നിക്ഷേപങ്ങളധികവും പോയത് ഈ രാജ്യങ്ങളിലേക്കാണ്.

വരുംദിവസങ്ങളില്‍ അമേരിക്കയുടെ സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിദേശ നിക്ഷേപകര്‍ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നു വേണം കരുതാന്‍. അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ച മെഗാ ബജറ്റിന്മേല്‍ വരാനിരിക്കുന്ന ചര്‍ച്ചയാണ് അതില്‍ പ്രധാനം. യുഎസ് സര്‍ക്കാരിന്റെ കടം പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷം കോടി ഡോളറായി ഉയരാവുന്ന നികുതിയിളവുകളും ചിലവുകളും മറ്റും ഉള്‍പ്പെടുന്നതായിരിക്കും ഈ ബജറ്റ്. 2024ല്‍ 100 ശതമാനം എന്നുകണക്കാക്കിയിരുന്ന കടം-ജിഡിപി അനുപാതം 124 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. നികുതിയിളവുകള്‍ പ്രതിവര്‍ഷ ധന ബാധ്യതകള്‍ വര്‍ധിപ്പിക്കും. ഉല്‍ക്കണ്ഠയോടെയാണ് ഓഹരി വിപണി ഇക്കാര്യം നിരീക്ഷിക്കുന്നതെന്ന് യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.5 ശതമാനത്തിനു മുകളിലേക്കു കുതിച്ചതില്‍ നിന്നു വ്യക്തമാണ്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയ മൂഡീസ് കണക്കുകളുടെ ചുവടുപിടിച്ചാണ് ഇതു സംഭവിച്ചത് എന്നത് ശ്രദ്ധേയം. സമയപരിധി തീരാറായ 14 ട്രില്യണ്‍ ഡോളറോളം വരുന്ന യുഎസ് കടം കൂടിയ പലിശ നിരക്കില്‍ പുതുക്കുന്നതു സംബന്ധിച്ച് ആശങ്ക നിലവിലുണ്ട്. ധനപരമായ ഈ സന്ദേഹങ്ങള്‍ യുഎസ് വിപണിയില്‍ പിന്‍വാങ്ങലിന് ഇടയാക്കിയേക്കാം. ഇത് ജാപ്പനീസ് കടപ്പത്രങ്ങളും ഏഷ്യന്‍ ഇക്വിറ്റികളും ഉള്‍പ്പെടുന്ന വികസ്വര വിപണികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും. വിപണിയിലെ ആശങ്കയകറ്റുന്നതിന് യുഎസ് ബജറ്റ് ബില്‍ മയപ്പെടുത്തേണ്ടത് ആവശ്യമാണ്.

Content Highlights: Global Economic Headwinds and the Indian Equity Market: Navigating Uncertainty

Continue reading