വൈറസ് ഭീതിയില്‍ തകര്‍ന്ന് വിപണി: നിക്ഷേപകര്‍ക്ക് നഷ്ടം 10 ലക്ഷം കോടി

ചൈനയിലെ വൈറസ് വ്യാപനത്തിനിടയില്‍ ബെംഗളുരുവില്‍ എച്ച്.എം.പി.വി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് നിക്ഷേപകരെ ഭീതിയിലാഴ്ത്തി. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1,200 പോയന്റിലധികം ഇടിഞ്ഞു. നിഫ്റ്റിക്കാകട്ടെ 1.4ശതമാനം നഷ്ടമായി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 9.92 ലക്ഷം കോടി കുറഞ്ഞ് 439.86 ലക്ഷം കോടിയിലെത്തി.
മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളിലും കനത്ത വില്പന സമ്മര്‍ദം നേരിട്ടു. ഭീതി സൂചികയായ ഇന്ത്യ വിഐഎക്‌സ് 13 ശതമാനം ഉയര്‍ന്നു. ഉച്ചയോടെ സെന്‍സെക്‌സിലെ നഷ്ടം ആയിരം പോയന്റിന് താഴെയായി. 78,303 നിലവാരത്തിലാണ് വ്യാപാരം നടന്നത്. നിഫ്റ്റിയാകട്ടെ 291 പോയന്റ് നഷ്ടത്തില്‍ 23,712ലുമെത്തി.
മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി ഏഴ് ശതമാനം ഇടിവ് നേരിട്ടു. ബാങ്ക് ഓഫ് ബറോഡ, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, പിഎന്‍ബി തുടങ്ങിയ ഓഹരികള്‍ 4-5 ശതമാനം നഷ്ടത്തിലായി.
കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ വരാനിരിക്കുന്നതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കരുതലെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. അതിനിടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതും വിപണിക്ക് തിരിച്ചടിയായി.
Content Highlights: Sensex drops over 1100 points, Nifty falls 1.4% amid HMPV cases in Bengaluru.