ദീപാവലി തിളക്കത്തിൽ സ്വർണം: ഗോൾഡ് ഇ.ടി.എഫിൽ ഒക്ടോബറിലെത്തിയത് 3,300 കോടി; നേട്ടസാധ്യത വിലയിരുത്താം

#Wealth Desk
Image: Freepik
Image: Freepik

ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഗോൾഡ് ഇ.ടി.എഫുകളിലേക്ക് നിക്ഷേപതരംഗം. ഒക്ടോബർ മാസത്തിൽ മാത്രം 3,300 കോടി രൂപയുടെ അറ്റനിക്ഷേപമാണ് എത്തിയത്. ആറു മാസത്തിനിടെ സ്വർണവിലയിലുണ്ടായ തിരുത്തലാണ് നിക്ഷേപകരെ ആകർഷിച്ചത്. ദീപാവലിക്ക് മുന്നോടിയായി വിലയിലുണ്ടായ ഈ കുറവ് സ്വർണം സമാഹരിക്കാനുള്ള മികച്ച അവസരമായി നിക്ഷേപകർ കണ്ടു.

ഉത്സവസീസണുകളിൽ പരമ്പരാഗതമായി സ്വർണം വാങ്ങുന്ന ശീലമുള്ള ചെറുകിട-സ്ഥാപന നിക്ഷേപകർ, വിപണിയിലെ താത്കാലിക വിലക്കുറവിനെ വാങ്ങൽഅവസരമാക്കി. ഒക്ടോബറിൽ രേഖപ്പെടുത്തിയ വൻതോതിലുള്ള നിക്ഷേപം ഇ.ടി.എഫുകളുടെ മൊത്തം ആസ്തിമൂല്യത്തിലും (AUM) പ്രതിഫലിച്ചിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ 1.58 ലക്ഷം കോടി രൂപയായിരുന്ന ഗോൾഡ് ഇ.ടി.എഫുകളുടെ മൊത്തം ആസ്തി, ഒക്ടോബറോടെ 1.91 ലക്ഷം കോടി രൂപയിലെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ പാദവാർഷിക റിപ്പോർട്ട് പ്രകാരം വരുംമാസങ്ങളിലും സ്വർണത്തിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഇ.ടി.എഫുകളുടെ പ്രകടനം

മറ്റ് നിക്ഷേപ ആസ്തികളേക്കാൾ ഉയർന്ന ആദായം നൽകാൻ ഗോൾഡ് ഇ.ടി.എഫുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദീപാവലി (2025 ഒക്ടോബർ 20) മുതൽ കണക്കാക്കിയാൽ ഗോൾഡ് ഇ.ടി.എഫ്. ശരാശരി 9.22 ശതമാനം റിട്ടേൺ നൽകിയതായി കാണാം.

മികച്ച പ്രകടനം കാഴ്ചവെച്ചവ

  • നിപ്പോൺ ഇന്ത്യ ഗോൾഡ് ഇ.ടി.എഫ്. ബീസ്‌: 12.58%
  • ഇൻവെസ്കോ ഗോൾഡ് ഇ.ടി.എഫ്.: 12.5%
  • ഐ.സി.ഐ.സി.ഐ.പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്.: 12.39%

കാറ്റഗറി

ശരാശരി

റിട്ടേൺ

(%)

1-വർഷം

18.64%

3-വർഷം

31.90%

5-വർഷം

23.15%

മൂന്നു മുതൽ അഞ്ചു വർഷംവരെ കാലയളവുകളിലും മികച്ച നേട്ടം നൽകാൻ ഗോൾഡ് ഇ.ടി.എഫിനായി. ഈ കാലയളവിൽ 23 ശതമാനം മുതൽ 31.9 ശതമാനംവരെയാണ് ഇ.ടി.എഫുകൾ നിക്ഷേപകന് നൽകിയത്.

എന്നാൽ സ്വർണത്തിൽ നേരിട്ട് നിക്ഷേപിക്കുമ്പോൾ ഇത്രയും നേട്ടം ലഭിക്കണമെന്നില്ല. പണിക്കൂലി, ബാങ്ക് ലോക്കർ വാടക ഉൾപ്പെടെയുള്ള അധികച്ചെലവുകൾ റിട്ടേൺ കുറയാനിടയാക്കും.

താരതമ്യം ചെയ്യാം

പണിക്കൂലി ഇല്ല: ഭൗതികസ്വർണം വാങ്ങുമ്പോൾ നൽകേണ്ടിവരുന്ന പണിക്കൂലി ഗോൾഡ് ഇ.ടി.എഫുകൾക്കില്ല.

സൂക്ഷിപ്പുചെലവുകളും മോഷണറിസ്കും: ഡിജിറ്റൽ രൂപത്തിലായതിനാൽ ബാങ്ക് ലോക്കർ വാടക ഇല്ല. മോഷണസാധ്യതയും അപ്രസക്തമാണ്.

സുതാര്യമായ ട്രേഡിങ്: എക്സ്ചേഞ്ച് വഴി തത്സമയ വിപണിവിലയിൽ എളുപ്പത്തിൽ വാങ്ങാം.

ചെറിയ തുക: വലിയ തുക ഒന്നിച്ച് മുടക്കാതെ തന്നെ കുറഞ്ഞ തുകയിൽ സ്വർണം ഇലക്ട്രോണിക് രൂപത്തിൽ വാങ്ങാൻ സാധിക്കുന്നു.

പ്രതിരോധ ആസ്തിയെന്ന നിലയിൽ പോർട്ട്ഫോളിയോയിൽ സ്വർണത്തിനും ഇടംകൊടുക്കാം. മൊത്തം നിക്ഷേപത്തിന്റെ 10 മുതൽ 15 ശതമാനം വിഹിതമാകാം. ദീർഘകാലയളവിൽ നിക്ഷേപം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Content Highlights: Gold ETFs recorded Rs 3,300 crore net inflows in October due to price corrections., Total AUM of Gold ETFs grew from Rs 1.58 lakh crore in April to Rs 1.91 lakh crore in October., Gold ETFs delivered average returns of 9.22% since Diwali 2025., Top performing funds include Nippon India, Invesco, and ICICI Prudential Gold ETFs., Advantages over physical gold include zero making charges, no storage costs, and high transparency.