F&O ഇടപാടുകൾക്ക് നികുതി കൂട്ടി: വിപണി നേരിട്ടത് വൻ തകർച്ച

#Money Desk
Image:Freepik
Image:Freepik

എഫ്ആൻഡ്ഒ ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചത് വിപണിയെ ബാധിച്ചു. ബജറ്റ് പ്രഖ്യാപനത്തിനിടെ രണ്ടായിരത്തിലേറെ പോയന്റ് ഇടിവ് നേരിട്ടെങ്കിലും പിന്നീട് നഷ്ടം ആയിരത്തിന് താഴെയെത്തി.

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് ഇടപാടുകളിന്മേലുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്‌സ് (എസ്ടിടി) 150 ശതമാനംവരെ കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഫ്യൂച്ചേഴ്‌സിന്റെ നികുതി 0.02 ശതമാനത്തിൽനിന്ന് 0.05 ശതമാനമായും ഓപ്ഷൻസിന്റേത് 0.1 ശതമാനത്തിൽനിന്ന് 0.15 ശതമാനമായുമാണ് വർധിപ്പിച്ചത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും എക്‌സ്‌ചേഞ്ചുകളുടെയും ഓഹരി വിലയിൽ 10 ശതമാനംവരെ ഇടിവ് നേരിട്ടു.

എസ്ടിടി നിരക്കുകൾ

പഴയ നിരക്ക്

പുതിയ നിരക്ക്

വർധന(%)

ഫ്യൂച്ചേഴ്സ് (Futures)

0.02%

0.05%

150%

ഓപ്ഷൻസ് (Options)

0.1%

0.15%

50%

ഓപ്ഷൻ പ്രീമിയത്തിന്മേലുള്ള നികുതി മുൻപത്തെ ബജറ്റിലും (0.0625%ൽ നിന്ന് 0.1% ആയി) കൂട്ടിയിരുന്നു. വർധന നിലവിൽവരുന്നതോടെ ഡെറിവേറ്റീവ് വിപണിയിലെ ഇടപാടുകൾക്ക് ചെലവേറും

വിപണിയിൽ സംഭവിച്ചത്

ബി.എസ്.ഇ, എയ്ഞ്ചൽ വൺ, ഗ്രോ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരി വിലയിൽ 10% വരെ ഇടിവ് രേഖപ്പെടുത്തി. നികുതി വർധന ഇക്വിറ്റി അധിഷ്ഠിത ഉത്പന്നങ്ങളുടെ ആകർഷണീയത കുറയ്ക്കുമെന്നും സജീവ ട്രേഡർമാരെ പിന്നോട്ടടിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങളും അസറ്റ് മാനേജർമാരും അഭിപ്രായപ്പെടുന്നു.

ഓഹരി വിപണിയിലെ നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനും നികുതി ശേഖരണം ലളിതമാക്കുന്നതിനുമായി 2004 ഒക്ടോബർ 1-നാണ് STT ഏർപ്പെടുത്തിയത്.

അന്ന് ദീർഘകാല മൂലധന നേട്ട നികുതിക്ക് (LTCG) പകരമായാണ് ഇത് കൊണ്ടുവന്നത്. 2018-ലെ ബജറ്റിൽ LTCG വീണ്ടും ഏർപ്പെടുത്തിയെങ്കിലും STT നിലനിർത്തി. ഇത് നിക്ഷേപകർക്ക് ഇരട്ട നികുതി ഭാരം ഉണ്ടാക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു. മുൻ ബജറ്റുകളിൽ LTCG ടാക്‌സ് 10%-ൽ നിന്ന് 12.5% ആയും, ഹ്രസ്വകാല മൂലധന നേട്ട നികുതി (STCG) ടാക്‌സ് 15%-ൽ നിന്ന് 20% ആയും വർധിപ്പിച്ചിരുന്നു.

ഡെറിവേറ്റീവ് ഇടപാടുകളിൽ ചെറുകിട നിക്ഷേപകർക്ക് വൻതോതിൽ പണം നഷ്ടമാകുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് ചെറുകിടക്കാർക്കിടയിൽ എഫ്ആൻഡ്ഒ ഇടപാടുകൾ നിരുത്സാഹപ്പെടുത്താനുള്ള നടപടികൾ സെബിയുടെ ഭാഗത്തുനിന്ന് നേരത്തെതന്നെ തുടങ്ങിയിരുന്നു.

എസ്ടിടി ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം 78,000 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 45,000 കോടി രൂപ മാത്രമാണ് ലഭിച്ചത്. മാർച്ച് അവസാനത്തോടെ വരുമാനം 57,000 കോടിയിൽ ഒതുങ്ങാനാണ് സാധ്യത. പ്രതീക്ഷിച്ചതിനേക്കാൾ 25% കുറവാണിത്. 2024ലെ നികുതി വർധന ഇല്ലായിരുന്നുവെങ്കിൽ ഇതിലും കൂടുതൽ തുക സർക്കാരിന് ലഭിക്കുമായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതുപോലെതന്നെ 2026-ലെ ബജറ്റിലെ STT വർധന മൊത്തം വ്യാപാരത്തിന്റെ തോതിനെ ബാധിക്കാൻ സാധ്യതയുണ്ട്. വിപണിയിലെ പങ്കാളിത്തവും കുറച്ചേക്കാം. മൂലധന വിപണിയിലെ നികുതി ഘടന പരിഷ്‌കരിക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം പരിഗണിക്കാതെയാണ് സർക്കാർ നികുതി കൂട്ടിയിട്ടുള്ളത്. ഇത് നിക്ഷേപകരുടെ ലാഭക്ഷമതയെയും മൊത്തത്തിലുള്ള വിപണി വളർച്ചയെയും എങ്ങനെ ബാധിക്കുമെന്ന് വരും മാസങ്ങളിൽ വ്യക്തമാകും.

Content Highlights: Learn how the increased tax on F&O transactions impacted the Indian market, causing a significant fall in stock prices and affecting trading.