റെക്കോഡ് നേട്ടം: ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 482 ലക്ഷം കോടി പിന്നിട്ടു

#Money Desk
Image:Freepik
Image:Freepik

ഹരി വിപണിയിലെ കുതിപ്പിനെ തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 482.31 ലക്ഷം കോടി പിന്നിട്ടു. ഏപ്രിലിന് ശേഷം വിപണിയിലുണ്ടായ 17 ശതമാനം വർധനവാണ് നേട്ടത്തിന് പിന്നിൽ. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ഭൗമരാഷ്ട്രീയ സംഘർഷത്തിലെ അയവ്, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ് എന്നിവയാണ് പ്രധാനമായും വിപണിയെ സ്വാധീനിച്ചത്. വൻകിട ഓഹരികളേക്കാൾ ഇടത്തരം-ചെറുകിട സൂചികകളിലാണ് മുന്നേറ്റം പ്രകടമായത്.

ആകെ വിപണി മൂല്യം 

₹482.31 ലക്ഷം കോടി

(റെക്കോഡ് ഉയരം)

ഏപ്രിൽ മുതലുള്ള നേട്ടം

17%

മുമ്പത്തെ

റെക്കോഡ്

2026 ജനുവരി 2

ഡോളർ മൂല്യത്തിൽ

റെക്കോഡ്

ഉയരത്തേക്കാൾ 12% താഴെ

($5.72 ട്രില്യൺ-സെപ്റ്റംബർ 2024)

സൂചികകളുടെ പ്രകടനം

ബിഎസ്ഇ 250 മൈക്രോ ക്യാപ്: ഏപ്രിൽ മുതൽ 32 ശതമാനത്തിലധികം നേട്ടം മൈക്രോ ക്യാപ് സൂചികയിലുണ്ടായി. ജൂലായ് രണ്ടിന് പുതിയ ഉയരം കുറിക്കുകയും ചെയ്തു.

ബിഎസ്ഇ 250 സ്‌മോൾ ക്യാപ്: ഏപ്രിൽ മുതൽ 23 ശതമാനം നേട്ടമുണ്ടാക്കി. എന്നിരുന്നാലും, 2024 സെപ്റ്റംബറിലെ റെക്കോർഡ് നിലവാരത്തേക്കാൾ 4.88 ശതമാനം താഴെ നിലവാരത്തിലാണ് ഇപ്പോഴുമുള്ളത്.

ബിഎസ്ഇ 150 മിഡ് ക്യാപ്: ഏപ്രിൽ മുതൽ 18 ശതമാനം വർധന രേഖപ്പെടുത്തി.

സെൻസെക്‌സും നിഫ്റ്റിയും: ഏപ്രിൽ മുതൽ എട്ടുശതമാനത്തോളം നേട്ടമുണ്ടാക്കിയെങ്കിലും 2026 ജനുവരിയിലെ റെക്കോർഡ് നിലവാരത്തേക്കാൾ യഥാക്രമം 8.8%, 7.2% എന്നിങ്ങനെ താഴെയാണ്.

കുതിപ്പിന് പിന്നിലെ കാരണങ്ങൾ

വിദേശ നിക്ഷേപം: പിന്നിട്ട 15 വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. രണ്ടാം പകുതിയിൽ ധനകാര്യം, നിർമാണം, കൺസ്യൂമർ സർവീസസ് എന്നീ മേഖലകളിലാണ് പ്രധാനമായും നിക്ഷേപമെത്തിയത്.

ആഗോള സാഹചര്യം: ഇറാൻ-ഇസ്രായേൽ സംഘർഷം ലഘൂകരിക്കപ്പെട്ടതും ക്രൂഡ് വില കുറഞ്ഞതും വിപണിക്ക് ആശ്വാസമായി.

ഗവൺമെന്റ് നയങ്ങൾ: വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ ഗുണകരമായി. സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് മൂലധന നേട്ട നികുതി ഒഴിവാക്കിയതും പ്രവാസികൾക്ക് നേരിട്ടുള്ള പങ്കാളിത്തം അനുവദിച്ചതും ഇതിൽ ഉൾപ്പെടുന്നു.

നിക്ഷേപക താത്പര്യം: നാസ്ഡാക് ടെക്‌നോളജി ഓഹരികളിലും ദക്ഷിണ കൊറിയൻ എഐ ഓഹരികളിലും ഉണ്ടായ അസ്ഥിരതയെത്തുടർന്ന് ഇന്ത്യൻ വിപണി കൂടുതൽ ആകർഷകമായി.

നിലവിലെ പ്രതിസന്ധികൾ

കോർപ്പറേറ്റ് വരുമാനം: കമ്പനികളുടെ ദുർബലമായ വരുമാന വളർച്ച വിപണിക്ക് അത്രതന്നെ ആശ്വാസകരമല്ല.

ഐടി മേഖല: ഐടി കമ്പനികളുടെ പ്രകടനം മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്.

കാലാവസ്ഥ: എൽ നിനോ പ്രതിഭാസം കാർഷിക ഉത്പാദനത്തെ ബാധിച്ചേക്കാം. എങ്കിലും നിലവിൽ മൺസൂൺ പുരോഗമിക്കുന്നതും റിസർവോയറുകളിലെ ജലനിരപ്പും ആശ്വാസകരമാണ്.

പലിശ നിരക്ക്: ഈ വർഷം അവസാനത്തോടെ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിലും യുഎസിലെ ഗ്യാസ് വിലയിലെ കുറവ് തത്ക്കാലം ഭീഷണി കുറയ്ക്കുന്നു.

വിപണിയുടെ നീക്കം

രണ്ട് സൂചികകളും 100 ദിവസത്തെ മൂവിംഗ് ആവറേജിന് മുകളിലാണ് ക്ലോസ് ചെയ്തത്. ഇത് വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നു. നിഫ്റ്റിക്ക് ഉടനടിയുള്ള പ്രതിരോധം 24,602 ലും തുടർന്ന് 24,865 ലും പ്രതീക്ഷിക്കുന്നു. മാർച്ചിൽ ഇടിവ് രേഖപ്പെടുത്തിയിരുന്ന നിഫ്റ്റിയുടെ 200 ദിവസത്തെ മൂവിംഗ് ആവറേജ് സ്ഥിരത കൈവരിച്ചു വരുന്നു. വരും ആഴ്ചകളിൽ വിപണി ഉയരാനുള്ള സാധ്യത ഇത് നൽകുന്നു.

Content Highlights: BSE listed companies total market cap surpassed ₹482.31 lakh crore., Micro-cap index led the rally with over 32% growth since April., FII inflows, easing geopolitical tensions, and lower crude prices fueled the market., Government and RBI policies incentivizing foreign investment played a crucial role., Market technicals show strong support with indices trading above 100-day moving averages.