കുതിപ്പില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്: നേട്ടം 316%, മുന്നേറ്റം ഇനിയും തുടരുമോ?

#Money Desk
കൊച്ചി കപ്പല്‍ശാല | ഫയല്‍ചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍/മാതൃഭൂമി
കൊച്ചി കപ്പല്‍ശാല | ഫയല്‍ചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍/മാതൃഭൂമി

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 316 ശതമാനം നേട്ടം. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 7.5 ശതമാനം ഉയര്‍ന്ന് 2,924 എന്ന പുതിയ ഉയരത്തിലെത്തുകയും ചെയ്തു. 80,000 എന്ന റെക്കോഡ് ഉയരം പിന്നിട്ട് സെന്‍സെക്‌സ് തിരുത്തല്‍ നേരിട്ട സമയത്തായിരുന്നു മുന്നേറ്റം. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 4140.63 കോടി രൂപയിലെത്തി. നികുതി കഴിച്ചുള്ള ആദായമാകട്ടെ 155 ശതമാനം കൂടി 1070.94 രൂപയായി. കടബാധ്യത 132 കോടി രൂപയില്‍നിന്ന് 23 കോടിയായി  കുറയ്ക്കാന്‍ കഴിഞ്ഞതും കമ്പനിക്ക് നേട്ടമായി. 

നേട്ടം തുടരുമോ?
പ്രതിരോധ മേഖലയിലെ കമ്പനികള്‍ ഏറെക്കാലമായി മികച്ച മുന്നേറ്റത്തിലാണ്. വാണിജ്യ കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയില്‍ നിര്‍ണായക പങ്കുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നിരവധി ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. അതിന് പുറമെ, ഇടക്കാലയളവില്‍ 9,000 കോടി രൂപയുടെ കപ്പല്‍ നിര്‍മാണ് കരാറുകള്‍ കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ നിര്‍മാണ പദ്ധതികള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മികച്ച അവസരമാണ് നല്‍കുന്നത്. വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്നതിന് ഇതിനകം 40,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. മാരിടൈം ഇന്ത്യ വിഷന്‍ 2030ന്റെ ഭാഗമായി ഷിപ്പിങ് മന്ത്രാലയും 100 ദിവസത്തെ കര്‍മപദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഇത് അനുകൂലമാണ്. 

2024ന്റെ തുടക്കത്തിലെ 17,000 കോടിയായിരുന്ന വിപണി മൂല്യം ഇപ്പോള്‍ 74,000 കോടി രൂപയിലെത്തിയിരിക്കുന്നു. 72.86 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഷിപ്പിങ് മേഖലയിലെത്തന്നെ മറ്റൊരു പ്രമുഖ കമ്പനിയായ മസഗോണ്‍ ഡോക്കിന്റെ ഓഹരി വിലയാകട്ടെ 2024ല്‍ 151 ശതമാനമാണ് ഉയര്‍ന്നത്. വിപണി മൂല്യമാകട്ടെ 1.15 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. കമ്പനിയുടെ 84.83 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. 

സമാന വ്യവസായത്തിലെ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഉയര്‍ന്ന പിഇ അനുപാത(95.3)മാണ് കൊച്ചിന്‍ ഷിപ്പിയാഡിനുള്ളത്. പ്രത്യേകിച്ച് മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്(59.2)സും ഗാര്‍ഡന്‍ റീച്ചു(86.9)മായി താരമ്യപ്പെടുത്തുമ്പോള്‍. അതുകൊണ്ടുതന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഹരിയില്‍ കരുതലോടെ വേണം നിക്ഷേപം നടത്താന്‍. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1 

Content Highlights: 316% gain this year: Know the reasons for the move, will it go higher?