ഉയര്‍ന്ന റിസ്‌ക്-കൂടുതല്‍ റിട്ടേണ്‍: ഓഹരിയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ പുതിയ പദ്ധതി

#Money Desk
.
.

കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്കായി പുതിയ നിക്ഷേപ പദ്ധതി സെബി അവതരിപ്പിച്ചു. മ്യൂച്വല്‍ ഫണ്ടിനും പോര്‍ട്ട്‌ഫോളിയോ മാനേജുമെന്റ് സര്‍വീസിനും ഇടയില്‍ പരിഗണിക്കാവുന്ന നിക്ഷേപ സാധ്യതയാണ് സെബി മുന്നോട്ടുവെച്ചത്. ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെയാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. 

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തന രീതിയോട് ഏറെക്കുറെ സാമ്യമുണ്ടാകുമെങ്കിലും പോര്‍ട്‌ഫോളിയോ ക്രമീകരിക്കുന്നത് പിഎംഎസിന് സമാനമായിരിക്കും. ഇതിനായി കൂടുതല്‍ സ്വാതന്ത്ര്യം ഫണ്ട് മാനേജര്‍ക്ക് അനുവദിക്കും. പരമ്പരാഗാത മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍നിന്ന് വ്യത്യസ്തമായി 'നിക്ഷേപ തന്ത്രങ്ങള്‍' ക്കായിരിക്കും ഊന്നല്‍. രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് സെബി വ്യക്തമാക്കുന്നു.

പിഎംഎസില്‍(പോര്‍ട്ഫോളിയോ മാനേജുമെന്റ് സര്‍വീസ്)ചുരുങ്ങിയ നിക്ഷേപം 50 ലക്ഷം രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന റിസ്‌കും കൂടുതല്‍ തുകയുടെ നിക്ഷേപവും ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍. 

കര്‍ശന വ്യവസ്ഥകളോടെയാണ് നിലവില്‍ വിവിധ കാറ്റഗറികളിലെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പ്രവര്‍ത്തനം. ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുവാദമില്ല. ഇക്കാര്യങ്ങള്‍ക്കെല്ലാം പുതിയ പദ്ധതിയില്‍ ഇളവുണ്ടാകും. ഡെറ്റ് പദ്ധതികളിലും റീറ്റ്സുകളിലും ഇന്‍വിറ്റുകളിലും അനുവദിച്ചിട്ടുള്ള നിക്ഷേപ പരിധിയില്‍ ഉള്‍പ്പടെ മാറ്റമുണ്ടാകും. 

ഹെഡ്ജിങ്, പോര്‍ട്ട്ഫോളിയോ റീബാലന്‍സിങ് എന്നിവ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി ഡെറിവേറ്റീവ് ഇടപാടുകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. ഹ്രസ്വ-ദീര്‍ഘ കാല ഇക്വിറ്റി ഫണ്ടുകളും ഇടിഎഫുകളും ഉള്‍പ്പെടുന്ന നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. എസ്ഐപി, എസ്ഡബ്ല്യുപി, എസ്ടിപി എന്നീ സൗകര്യങ്ങളും പദ്ധതിയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1 

Content Highlights: SEBI Launches New Investment Scheme for High Networth Individuals