കാല്‍ ശതമാനം പലിശ ലാഭിക്കാം: വായ്പ തിരിച്ചടവ് തുകയില്‍ എത്ര കുറവുണ്ടാകും?

തുടര്‍ച്ചയായി രണ്ടാമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് ഭവന-വാഹന വായ്പകളെടുത്തവര്‍ക്ക് ആശ്വാസമാകും. ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവ എടുത്തവര്‍ക്കും കൂടുതല്‍ തുക മിച്ചം പിടിക്കാനാകും.
പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. അതല്ലെങ്കില്‍ ഇ.എം.ഐ അതുപോലെതന്നെ നിലനിര്‍ത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, 20 വര്‍ഷ കാലയളവില്‍ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ നിരക്ക് 8.75ശതമാനത്തില്‍നിന്ന് 8.50 ശതമാനമായി കുറയും. ഇതോടെ പ്രതിമാസ തിരിച്ചടവ് തുക 26,511 രൂപയില്‍നിന്ന് 26,035 രൂപയുമാകും. നേട്ടമാകട്ടെ 476 രൂപ. ഒരു വര്‍ഷം 5,712 രൂപ ഇതിലൂടെ മിച്ചംപിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കില്‍ പ്രതിമാസം 795 രൂപയുടെ നേട്ടമുണ്ടാകും. രണ്ട് തവണയായി നിരക്ക് കുറച്ചതിലൂടെ 0.50 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. അതായത് 30 ലക്ഷം രൂപയുടെ വായ്പയില്‍ പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടാകുന്ന കുറവ് 957 രൂപയാണ്. ഇതിലൂടെ ഒരു വര്‍ഷം മാത്രം 12,441 രൂപ ലാഭിക്കാം. 50 ലക്ഷം രൂപയുടെ വായ്പയാണെങ്കില്‍ 19,140 രൂപയാകും നേട്ടം.
Content Highlights: Reserve Bank`s repo rate cut brings relief to home, auto, and business loan borrowers.