സര്‍ക്കാരിന് വന്‍ ബാധ്യത: ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തുന്നു

#Money Desk
Photo:Gettyimages
Photo:Gettyimages

കട ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇനി ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കിയേക്കില്ല. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു നിര്‍ത്തലാക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അപ്പോഴത്തെ സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ തുക നിക്ഷേപകര്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം 2.5 ശതമാനം പലിശയും നല്‍കേണ്ടിവരുന്നുണ്ട്. സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായതിനാല്‍ സര്‍ക്കാരിന്റെ ബാധ്യത കൂടിയതും ബോണ്ട് നിര്‍ത്തലാക്കാനുള്ള പ്രേരണയായി. 

കടം-ജിഡിപി അനുപാതം
2026-27 സാമ്പത്തിക വര്‍ഷം മുതല്‍ കടം-ജിഡിപി അനുപാതം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പ്രാരംഭ ലക്ഷ്യം മറികടന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പദ്ധതി തുടരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 

കടം-ജിഡിപി അനുപാതം 2023-24 സാമ്പത്തിക വര്‍ഷത്തെ 58.2 ശതമാനത്തില്‍നിന്ന് 2024-25ല്‍ 56.8 ശതമാനമായി കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ധനകമ്മി കുറയ്ക്കാനും ലക്ഷ്യമിടുന്നു. കടബാധ്യത കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചേക്കും. 

അവസാന എസ്ജിബി ഫെബ്രുവരിയില്‍
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. 8,008 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് 2015 നവംബറില്‍ ഗോള്‍ഡ് ബോണ്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. എട്ട് വര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം തിരികെയെടുക്കാന്‍ അനുവദിച്ചിരുന്നു. 

ബാധ്യത 4.5 ലക്ഷം കോടി
2022-23 സാമ്പത്തിക വര്‍ഷം വരെ 45,243 കോടി രൂപയുടെ ഗോള്‍ഡ് ബോണ്ടുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. 2023 മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരം 4.5 ലക്ഷം കോടി രൂപയുടെ ബാധ്യതയി ഇത് വര്‍ധിക്കുകയും ചെയ്തു. 

ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 മുതല്‍ 2020 മാര്‍ച്ച് വരെ ഇഷ്യു ചെയ്ത ബോണ്ടുകള്‍ നേരത്തെ തിരികെയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിക്ഷേപകര്‍ക്ക് അനുമതി നല്‍കിയിരുന്നു. കള്ളക്കടത്ത് തടയുന്നതിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി കുറയ്ക്കുകയുംചെയ്തിരുന്നു. 

Content Highlights: government plans to stop issuing gold bonds to reduce debt.