കാലാവധി കഴിഞ്ഞിട്ടും എഫ്.ഡി. പുതുക്കിയില്ലെങ്കിൽ നിങ്ങളുടെ പണത്തിന് എന്തു സംഭവിക്കും?

മൂന്നുവർഷം മുമ്പാണ് രാജേഷ് പൊതുമേഖലാ ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടത്. അതിനിടെ താമസം മാറി, പുതിയ ജോലിയിൽ പ്രവേശിച്ചു. ഫോൺ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്യാൻ വിട്ടുപോവുകയും ചെയ്തു. അതുകൊണ്ടുതന്നെ, കാലാവധി പൂർത്തിയായ നിക്ഷേപത്തെക്കുറിച്ച് ബാങ്കിൽനിന്ന് അയച്ച എസ്.എം.എസ്. ലഭിച്ചില്ല. തിരക്കുകൾക്കിടയിൽ നിക്ഷേപത്തിന്റെ കാലാവധിയെത്തിയ കാര്യം മറന്നുപോകുകയും ചെയ്തു.
റിസ്കില്ലാതെ, ഉറപ്പുള്ള ആദായം ആവശ്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എഫ്.ഡി. എന്നാൽ, വ്യക്തിഗത ജീവിതത്തിലെ മാറ്റങ്ങൾ, വിലാസത്തിലോ ഫോൺ നമ്പറിലോ ഉണ്ടാകുന്ന തിരുത്തലുകൾ, അല്ലെങ്കിൽ ബാങ്ക് സന്ദേശങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് എന്നിവ കാരണം ഇത്തരം സുരക്ഷിതനിക്ഷേപങ്ങൾ പോലും കാലക്രമേണ നിക്ഷേപകരുടെ ശ്രദ്ധയിൽനിന്ന് വിട്ടുപോകാൻ സാധ്യതയുണ്ട്. കാലാവധി തികയുമ്പോൾ നിക്ഷേപിച്ച പണം ബാങ്കിൽനിന്ന് അപ്രത്യക്ഷമാകുന്നില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. എന്നിരുന്നാലും, കാലാവധി തീയതി പിന്നിടുന്ന നിമിഷം മുതൽ ആ തുകയുടെ സാമ്പത്തികവളർച്ചയിലും അതിനു ലഭിക്കുന്ന പലിശയിലും മാറ്റമുണ്ടാകും.
കാലാവധി പൂർത്തിയായാൽ
സ്വമേധയാ പുതുക്കാം: നിക്ഷേപം ആരംഭിച്ച സമയത്ത് സ്വമേധയാ പുതുക്കാനുള്ള (Auto-renewal) നിർദേശം നൽകിയിട്ടുണ്ടെങ്കിൽ, നിബന്ധനകൾക്കു വിധേയമായി നിലവിലെ പലിശനിരക്കിൽ എഫ്.ഡി. പുതുക്കിയിടും.
ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യൽ: തിരികെ നൽകാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെങ്കിൽ, ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കാലാവധിയെത്തിയ തുക നിക്ഷേപകന്റെ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
അവകാശവാദമുന്നയിക്കാത്ത തുകയ്ക്കുള്ള പലിശ: എഫ്.ഡി. തുക പിൻവലിക്കാതിരിക്കുകയാണെങ്കിൽ സേവിങ്സ് അക്കൗണ്ടിലേതോ എഫ്.ഡി. പ്രകാരമുള്ളതോ ആയ പലിശയിൽ ഏതാണ് കുറവ് അതായിരിക്കും തുടർന്ന് ലഭിക്കുക.
ഉദാഹരണത്തിന്, ഏഴു ശതമാനം പലിശ ലഭിച്ചുകൊണ്ടിരുന്ന എഫ്.ഡി. കാലാവധി പൂർത്തിയായ ശേഷം ഏറെക്കാലം പുതുക്കാതിരുന്നാൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ട് നിരക്കായ 2.5 ശതമാനത്തിലേക്ക് പലിശ കുറയും.
പത്തുവർഷം പിന്നിട്ടാൽ
പത്തുവർഷമോ അതിൽ കൂടുതലോ കാലം അവകാശവാദമുന്നയിക്കാതെ കിടക്കുന്ന നിക്ഷേപം സുരക്ഷിതമാക്കാൻ ആർ.ബി.ഐ. കർഷനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
എഫ്.ഡി. കാലാവധി പൂർത്തിയായ തീയതി മുതൽ 10 വർഷം വരെ യാതൊരു ഇടപാടുകളും നടത്താതെ കിടക്കുകയാണെങ്കിൽ, ബാങ്ക് അതിനെ 'അവകാശികളില്ലാത്ത നിക്ഷേപം' എന്ന വിഭാഗത്തിലേക്ക് മാറ്റും.
പത്തുവർഷ കാലാവധി പൂർത്തിയാകുന്ന മാസത്തിന് തൊട്ടടുത്ത മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അക്കൗണ്ടിലെ ആകെ തുക കണക്കാക്കി ബാങ്ക് അത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 'ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവെയർനസ്' (DEA) ഫണ്ടിലേക്ക് മാറ്റും.
ഡി.ഇ.എ. ഫണ്ടിലേക്ക് തുക മാറ്റുന്നതുകൊണ്ട് നിക്ഷേപകന് പണത്തിന്മേലുള്ള ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നില്ല. ആർ.ബി.ഐ. ഇവിടെ സംരക്ഷകനായാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകനോ നിയമപരമായ അവകാശികൾക്കോ തുക അവകാശപ്പെടുന്നത് വരെ, നിക്ഷേപവും പലിശയും തിരികെ ലഭിക്കാനുള്ള അവകാശം നിലനിൽക്കും.
നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ, നോമിനിയോ നിയമപരമായ അവകാശിയോ (Legal Heir) വ്യക്തിയുടെ മരണസർട്ടിഫിക്കറ്റും തങ്ങളുടെ തിരിച്ചറിയൽരേഖയും ബാങ്കിൽ ഹാജരാക്കേണ്ടതാണ്. ഈ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം എഫ്.ഡി. തുകയും പലിശയും നോമിനിക്ക് കൈമാറും.
Content Highlights: Fixed deposit money does not disappear after maturity, but interest rates drop significantly to savings account rates if left unrenewed., If auto-renewal is selected, the FD renews automatically at current rates., Unclaimed deposits for over 10 years are transferred by banks to the RBI's Depositor Education and Awareness (DEA) fund., Investors or legal heirs retain the right to claim the funds from the DEA fund with proper documentation.