വസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടു, നികുതി ബാധ്യത കുറയ്ക്കാം

#Money Desk
-
-

ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.

2025-26 സാമ്പത്തിക വർഷത്തെ സൂചിക 376 ആണ്. മുൻവർഷത്തെ സിഐഐ 363 ആയിരുന്നു. 2023-24ലേതാകട്ടെ 348ഉം. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്‌കരിക്കുന്നത്.

വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള മൂലധന നേട്ടം കണക്കാക്കാനാണ് ഈ സൂചിക ബാധകമായിരുന്നത്. എന്നാൽ 2024 ജൂലായ് 23 മുതൽ വസ്തു ഒഴികെയുള്ള മൂലധന ആസ്തികളിൽനിന്ന് ഇൻഡക്‌സേഷൻ ആനുകൂല്യം നീക്കം ചെയ്തു. നിലവിലെ വ്യവസ്ഥകൾ പ്രകാരം 2024 ജൂലായ് 22നോ അതിന് മുമ്പോ വാങ്ങുകയോ 2024 ജൂലായ് 23നോ അതിനുശേഷമോ വിൽക്കുയോ ചെയ്താൽ നികുതി ബാധ്യത കുറയ്ക്കുന്നതിന് പഴയതോ പുതിയതോ ആയ വ്യവസ്ഥകൾ സ്വീകരിക്കാം. 

പഴയ നിയമ പ്രകാരം ഇൻഡക്‌സേഷൻ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് ബാധകമാകുക. പുതിയത് പ്രകാരം ഇൻഡക്‌സേഷൻ ആനുകൂല്യമില്ലാതെ ദീർഘകാല മൂലധന നേട്ടനികുതി 12.5 ശതമാനമായി കണക്കാക്കും. അതിനാൽ, 2024 ജൂലായ് 22നോ അതിന് മുമ്പോ സ്വന്തമാക്കിയ വീട് 2025-26 സാമ്പത്തിക വർഷത്തിൽ വിൽക്കുകയാണെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കാൻ സിഐഐ ആവശ്യമായിവരും. 

സൂചികയെക്കുറിച്ച് അറിയാം
ദീർഘകാല മൂലധന നേട്ടത്തിൽനിന്ന് പണപ്പെരുപ്പ നിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്‌സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്. 

CII numbers since 2001-02
സാമ്പത്തികവർഷം  സിഐഐ നമ്പർ
2025-26 376
2024-25 363
2023-24 348
2022-23 331
2021-22 317
2020-21 301
2019-20 289
2018-19 280
2017-18 272
2016-17  264
2015-16  254
2014-15  240
2013-14  220
2012-13  200
2011-12  184
2010-11  167
2009-10  148
2007-08  129
2006-07  122
2005-06  117
2004-05  113
2003-04 109
2002-03  105
2001-02  100

താഴെപ്പറയുന്ന രീതിയിൽ ഇത് കണക്കാക്കാം

ഉദാഹരണം നോക്കാം. 2002-03 സാമ്പത്തിക വർഷം 30 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയെന്ന് കരുതുക. 2025-26 സാമ്പത്തിക വർഷത്തിൽ ആ വീടിന്റെ പണപ്പെരുപ്പം ക്രമീകരിച്ച വില (376/105)X30 ലക്ഷം രൂപ= 1,07,42,857.14 രൂപയായിരിക്കും. 2025 ഏപ്രിൽ ഒന്നിനും 2026 മാർച്ച് 31നും ഇടയിൽ വിൽക്കുകയാണെങ്കിൽ ഈ 1.07 കോടി രൂപ(പണപ്പെരുപ്പം ക്രമീകരിച്ച വില) വിറ്റവിലയിൽനിന്ന് കുറച്ച് ദീർഘകാല മൂലധന നേട്ടം അല്ലെങ്കിൽ നഷ്ടം കണക്കാക്കാം. 

Content Highlights: Updated Cost Inflation Index (CII) for 2025-26: Calculating Long-Term Capital Gains Tax on Property