എ.ഐ. വിപ്ലവം: തെറ്റുകൾ കുറഞ്ഞു, വേഗം കൂടി; ഇതിനകം ഫയൽ ചെയ്തത് അഞ്ചുകോടി റിട്ടേണുകൾ

രാജ്യത്തെ സാമ്പത്തിക ഭൂപടം അതിവേഗം മാറുകയാണ്. ഇത്തവണ വെറും നാലുമാസത്തിനുള്ളിൽ ഫയൽ ചെയ്തത് അഞ്ചുകോടിയിലേറെ റിട്ടേണുകൾ. കണക്കുകൾക്കപ്പുറം സാങ്കേതിക മുന്നേറ്റമണിവിടെ പ്രസക്തം. കഴിഞ്ഞ വർഷത്തെ 7.3 കോടി റിട്ടേണുകളെന്ന റെക്കോഡ് ഇത്തവണ പഴങ്കഥയാകും. സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള എട്ടു ദിവസങ്ങളിൽ മാത്രം 1.2 കോടിപേരാണ് റിട്ടേൺ നൽകിയത്. പൗരന്മാരുടെ ശീലത്തിന്റെ ഭാഗമാകുകയാണ് നികുതി. സാങ്കേതിക മുന്നേറ്റം അതിന് പ്രോത്സാഹനമായി.
സഫാരി സ്യൂട്ടിട്ട പഴയ നികുതി അന്വേഷകരിപ്പോഴില്ല. എല്ലാറ്റിനും പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന അൽഗോരിതങ്ങൾ മാത്രം. എല്ലാ മേഖലയിലുമെന്നപോലെ റിട്ടേണുകൾ പരിശോധിക്കാനും എഐ മുന്നിൽത്തന്നെയുണ്ട്. നിമിഷ നേരംകൊണ്ടാണ് ക്രമക്കേടുകൾ കണ്ടുപിടിക്കുന്നത്. റിട്ടേൺ ഫയൽ ചെയ്യാത്തവർ മുതൽ വിവരം വെളിപ്പെടുത്താത്തവർ വരെ വലയിൽ കുടുങ്ങുന്നു. മുൻകൂട്ടി പൂരിപ്പിച്ച ഫോമുകൾ വന്നതോടെ നികുതിദായകർക്ക് എളുപ്പവുമായി. ശമ്പളവും പലിശയും ലാഭവീതവും സ്വമേധയാ ഫോമിൽ പ്രത്യക്ഷപ്പെടുന്നു. പിഴവുകൾ കുറയുന്നു. വേഗത കൂടുന്നു. മാനുഷിക ഇടപെടലുകൾക്ക് ആവശ്യമുള്ളത് കുറച്ചിടങ്ങളിൽ മാത്രം.
നിഴൽപോലെ നിരീക്ഷണം
വസ്തു ഇടപാടുകളും ഓഹരി നിക്ഷേപങ്ങളും മാത്രമല്ല, വിദേശ യാത്രകളും ഇനി ഒളിച്ചുവെക്കാനാവില്ല. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും ബാങ്ക് ബാലൻസുംവരെ എഐ പരിശോധിക്കും. വിവിധ ഡാറ്റാബേസുകളുടെ സംയോജനം നികുതിവെട്ടിപ്പിന്റെ പരമ്പരാഗത പഴുതുകൾ അടയ്ക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ പിന്തുടർന്ന് സാമ്പത്തിക ജീവിതത്തിന്റെ മൊത്തം ചിത്രം ആദായ നികുതി വകുപ്പ് കണ്ടെത്തുന്നു. പിന്നാലെ കൂടിയ ഈ സാങ്കേതിക ഭൂതം നികുതിദായകരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടാക്കി.
ശേഖരിക്കുന് വിവരങ്ങൾ | നിരീക്ഷിക്കുന്ന ഇടപാടുകൾ |
|---|---|
സാമ്പത്തിക ഇടപാടുകൾ | വസ്തു വാങ്ങൽ, ഓഹരി നിക്ഷേപം etc. |
ജീവിതശൈലി സൂചകങ്ങൾ | വിദേശയാത്രകൾ, ഉയർന്ന മൂല്യമുള്ള ചെലവുകൾ |
ഡിജിറ്റൽ വിവരങ്ങൾ | ബാങ്കിംഗ് ഇടപാടുകൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, സോഷ്യൽ മീഡിയ സാന്നിധ്യം |
നികുതി വല വിപുലമാകുന്നു
ഭയപ്പെടുത്തി നികുതി പിരിക്കുന്ന കാലം എന്നേ അവസാനിച്ചിരിക്കുന്നു. കുറഞ്ഞ നികുതി നിരക്കും ലളിതമായ നടപടിക്രമങ്ങളും നികുതി വ്യവസ്ഥയുടെ ഭാഗമാകാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നു. എഫ്എസിടിഎ, സിആർഎസ് എന്നിവ വന്നതോടെ വിദേശ ആസ്തികൾ മറച്ചുവെക്കൽ അസാധ്യമായി. പിടിക്കപ്പെടാൻ എളുപ്പമാണെന്ന ബോധ്യം പലരെയും നികുതി നൽകാൻ പ്രേരിപ്പിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ
സാങ്കേതിക വിദ്യയുടെ പ്രയോജനം രാജ്യത്തിനും വ്യക്തികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നു. അതിവേഗം ലഭിക്കുന്ന റീഫണ്ടുകൾ സാങ്കേതിക വിദ്യയിലുള്ള നികുതിദായകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒന്നും രണ്ടും വർഷം കാത്തിരുന്ന കാലമുണ്ടായിരുന്നു. ജൂലായ് തുടക്കത്തിൽ റിട്ടേൺ നൽകിയവർക്ക് ഇതിനകം റീഫണ്ട് ലഭിച്ചുകഴിഞ്ഞു. ഡിജിറ്റൽ വെരിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കി. എഐ ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. ഇനിയും ഇനിയുമേറെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അതിന് കഴിയും. പരിശോധനകൾ കുറയുകയും സുതാര്യത വർധിക്കുകയും ചെയ്യും. വരുമാനവും നികുതി ബാധ്യതയും നേരത്തെ അറിയിക്കുകയും സ്വാഭാവികമായ ഇ-ഫയലിങിന് വ്യക്തികളെ സഹായിക്കുകയും ചെയ്യുന്ന കാലം വിദൂരത്തല്ല.
Content Highlights: Over 50 million tax returns filed in record time during 2026., AI algorithms are automating verification and detecting discrepancies instantly., Pre-filled forms have significantly reduced errors for taxpayers., Integration of multi-source databases makes tax evasion nearly impossible., Faster refund processing has increased taxpayer confidence in the digital system.