ഇത്തവണ വരുമോ ജെൻ സീ ബജറ്റ്; ഇതാദ്യമായി യുവാക്കളുമായി കൂടിക്കാഴ്ച, എ.ഐ.യും തൊഴിലവസരങ്ങളും ചർച്ചയായി

#Wealth Desk
Photo: @FinMinIndia/X
Photo: @FinMinIndia/X

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി യുവാക്കളെയും ജെൻ സീ പ്രതിനിധികളെയും കൂടിയാലോചനയ്ക്ക് വിളിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും പ്രൊഫഷണലുകളും പങ്കെടുത്തു. സാങ്കേതിക-തൊഴിൽ മേഖലകളിൽ പ്രകടമാകുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.

നിർദേശങ്ങൾ:

എ.ഐ.യോടൊപ്പം മാറുന്ന തൊഴിൽവിപണിയിലെ ഗുണപരമായ മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രാപ്തമാക്കാനുള്ള നിർദേശങ്ങൾക്കായിരുന്നു കൂടിക്കാഴ്ചയിൽ മുൻഗണന. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത യുവപ്രതിനിധികൾ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചത്:

  • മികച്ച എ.ഐ. അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുക, സാങ്കേതിക ആവാസവ്യവസ്ഥകൾ വികസിപ്പിക്കുക, ഉയർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ ആഗോളശേഷി വർധിപ്പിക്കുക.
  • തൊഴിൽവിപണിയിൽ സാങ്കേതികവിദ്യ വരുത്തുന്ന മാറ്റങ്ങൾക്കനുസൃതമായി യുവജനങ്ങളെ പ്രാപ്തരാക്കാൻ പരിശീലന ശൃംഖലകൾ കാലോചിതമായി നവീകരിക്കുകയും നൈപുണ്യവികസന പദ്ധതികൾ ശക്തിപ്പെടുത്തുകയും ചെയ്യുക.
  • സാങ്കേതികവിപ്ലവത്തിന് അടിത്തറയിടുന്ന രീതിയിൽ ഗവേഷണ-വികസന മേഖലകൾക്കും പുത്തൻ ആശയങ്ങൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ നൽകുക.

ഉത്പാദന-സേവന മേഖലകളിൽ സാങ്കേതികവിപ്ലവം ശക്തമാകുന്ന സാഹചര്യത്തിൽ യുവശക്തിയെ സാങ്കേതികമായി പ്രാപ്തരാക്കുന്നത് ഇന്ത്യയുടെ ദീർഘകാല ജി.ഡി.പി. വളർച്ചയ്ക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, കോർപ്പറേറ്റുകൾ എന്നിവരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ബജറ്റ് കൂടിയാലോചനകളിലെ മാറ്റം പ്രകടമാണ്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന യുവജനതയ്ക്ക് ധനമന്ത്രാലയം നൽകിയ ഈ പ്രാധാന്യം ഇന്ത്യയുടെ പങ്കാളിത്ത സാമ്പത്തിക ആസൂത്രണത്തിലെ വിപ്ലവാത്മകമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

നവംബർ 16-ന് സാമ്പത്തിക വിദഗ്ധരുമായുള്ള യോഗത്തോടെ ആരംഭിച്ച കൂടിയാലോചനാ പരമ്പരയിൽ ഇതിനകം വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തുകഴിഞ്ഞു. കൃഷി, ഗ്രാമവികസനം, നിർമാണമേഖല, എം.എസ്.എം.ഇ., സ്റ്റാർട്ടപ്പ്, മൂലധനവിപണി, ബാങ്കിങ്, ധനകാര്യ സേവനം, തൊഴിൽ, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലെ ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 2027-28 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ 2027 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക.

Content Highlights: Finance Minister Nirmala Sitharaman held a historic pre-budget consultation with Gen Z and youth representatives., Discussions focused heavily on artificial intelligence (AI), technology infrastructure, and job creation for the changing labor market., Youth demanded better tech ecosystems, upgraded skill development training, and increased financial support for research and development., The 2027-28 Union Budget will be presented by Finance Minister Nirmala Sitharaman on February 1, 2027.