ടൈകോൺ കേരള 2025: സംരംഭക മനോഭാവത്തിൽ മാറ്റം ആവശ്യമാണ് – എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്.

കോട്ടയം: സംസ്ഥാനത്തിന്റെ വളർച്ചക്കായി സംരംഭക മനോഭാവത്തിൽ വലിയ മാറ്റം അനിവാര്യമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ്) എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. ടൈകോൺ കേരള 2025 ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് സൗകര്യം, വ്യവസായ നയം, ഡിജിറ്റൽ ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടന്ന വേഗത്തിലുള്ള പരിഷ്കാരങ്ങൾ കേരളത്തെ വലിയ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സംസ്ഥാനമാക്കിയിട്ടുണ്ട്.
6,000 സ്റ്റാർട്ടപ്പുകൾ വളർത്താനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യം മുൻനിർത്തി വ്യവസായ–അക്കാദമിക് സഹകരണം ശക്തിപ്പെടുത്തണം. സ്കൂൾ തലത്തിൽ നിന്ന് തന്നെ തൊഴിൽ സജ്ജീകരണം മെച്ചപ്പെടുത്താനും പദ്ധതികൾ ആവശ്യമാണ്.
സംരംഭക നവീകരണത്തിന് ആ ആവശ്യമായ യുവതലമുറയെ സൃഷ്ടിക്കാൻ വിപണിയോട് ബന്ധമുള്ള നൈപുണ്യ വികസനത്തിന് മുൻഗണന നൽകണം,” അദ്ദേഹം പറഞ്ഞു.
ദാമോദർ അവനൂർ, വിവേക് കൃഷ്ണ ഗോവിന്ദ് (പ്രസിഡന്റ്, ടൈ കേരള), ഡോ. ജീമോൻ കോര (വൈസ് പ്രസിഡണ്ട്), ദിവ്യ തലക്കലാട്ട് (എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
ടൈകോൺ കേരള 2025 ന്റെ രണ്ടാം ദിവസം സംരംഭകരുടെയും സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും ശ്രദ്ധയാകർഷിച്ച നിരവധി ചർച്ചകൾ നടന്നു.
റീസൈക്കിൾ സ്ഥാപകനും സി.ഇ.ഒയുമായ അഭയ് ദേഷ്പാണ്ഡെ, ഇന്ത്യയുടെ സർകുലർ ഇക്കോണമി യുടെ പ്രവർത്തനം വിശദീകരിച്ചു.
മാലിന്യം ഒരു സാമൂഹിക ഭാരമല്ല. പുതിയ ബിസിനസ് മോഡലുകൾക്ക് അടിത്തറയാകുന്ന മൂല്യമുള്ള വിഭവമാണത്.
റീസൈക്കിളിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഡെപ്പോസിറ്റ്-റിട്ടേൺ പദ്ധതികളും വഴി രാജ്യത്തെ ഏറ്റവും അനൗപചാരികമായ മേഖലകളിൽ പോലും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യം വേർതിരിക്കൽ, ട്രേസബിലിറ്റി, ഉത്തരവാദിത്തമുള്ള ഉപഭോഗം എന്നിവയെല്ലാം സമൂഹവും സംരംഭകരും സ്വീകരിക്കേണ്ട അനിവാര്യമായ മാറ്റങ്ങളാണ്.മാനവ വിഭവശേഷി, സമർപ്പണം, സ്ഥിരത, ശരിയായ പങ്കാളികൾ എന്നീ അനിവാര്യ ഘടകങ്ങൾ ചേർന്നാൽ ദീർഘകാല വിജയം സാധ്യമാവും, ദേഷ്പാണ്ഡെ പറഞ്ഞു. പറഞ്ഞു.
ZEE 5 ഗ്ലോബലിന്റെ മുൻ സിഇഒ അർച്ചന ആനന്ദ്, ഇന്ത്യൻ കണ്ടൻ്റ് ലോകത്ത് സ്വീകാര്യത നേടുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു.ഇന്ത്യൻ സ്ട്രീമിംഗ് വ്യവസായം 700 ബില്യൺ ഡോളറിന്റെ ആഗോള വിപണിയായി വളർന്നു.
ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം ഇന്ന് ഏറ്റവും ശക്തമാണ്. ഇന്ത്യൻ കഥകൾ ഇന്ന് അതിരുകൾ കടന്ന് ലോകമെമ്പാടും അംഗീകാരം നേടുന്നുണ്ട്. വ്യക്തിഗത അഭിരുചി മനസ്സിലാക്കി ഉള്ളടക്കം എത്തിക്കുന്നതിലൂടെ പ്രേക്ഷകരുടെ ശീലങ്ങൾ മാറുന്ന കാഴ്ച്ചയാണ്.
പ്രാദേശിക ഭാഷയിലുള്ള നല്ല കണ്ടൻ്റുകളിൽ നിർമ്മിത ബുദ്ധിയുടെ സ്മാർട്ട് ലോക്കലൈസേഷൻ ഉപയോഗിച്ച് ഇന്ത്യൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലോകം കീഴടക്കുന്ന കാലത്താണ് നാമുള്ളതെന്ന് അർച്ചന ആനന്ദ് പറഞ്ഞു
നിർമ്മിത ബുദ്ധിയും സംരംഭകത്വവും സംബന്ധിച്ച സെഷനിൽ സംസാരിച്ച സീ ഫണ്ട് മാനേജിംഗ് പാർട്ണർ മയൂരേഷ് റൂട്ട ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് മൂല്യം സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ബ്രഹ്മ വേദ സഹസ്ഥാപകൻ കശ്യപ് പാണ്ഡ്യ സംരംഭകത്വം ഉപഭോക്തൃ പ്രശ്നത്തിൽ നിന്ന് തന്നെ തുടങ്ങണം എന്ന് നിർദ്ദേശിച്ചു.
കേരളത്തിലെ യുവ സംരംഭകരായ റമീസ് അലി, അനുജ ബഷീർ എന്നിവർ അവരുടെ സംരംഭക അനുഭവങ്ങളും പുതിയ ആശയങ്ങളും അവതരിപ്പിച്ചു.
ഇന്റർ റോബോട്ടിക്സ് സി.ഇ.ഒ രാഹുൽ പി. ബാലചന്ദ്രൻ, തൃശൂരിൽ രൂപംകൊള്ളുന്ന ആയിരം ഏക്കർ വിസ്തൃതിയിലുള്ള റോബോട്ടിക് പാർക്ക് പദ്ധതി വിശദീകരിച്ചു. പദ്ധതി പത്ത് മാസത്തിനുള്ളിൽ രൂപംകൊള്ളുമെന്നാണ് പ്രതീക്ഷിിക്കുന്നത്.ടൈകോൺ കേരള 2025-ന്റെ രണ്ടാം ദിനത്തിൽ, വൈവിധ്യമാർന്ന കരിയറുകളെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും സ്ത്രീ സംരഭകരുടെ സെഷനുകളും നടന്നു.
Content Highlights: Principal Secretary highlights the need for entrepreneurial mindset shift in Kerala. Discover investment opportunities and startup growth initiatives at Tecon Kerala 2025.