വൻ ലാഭമുണ്ടാക്കി എണ്ണക്കമ്പനികൾ: ആദായവർധന 68 ശതമാനം

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ തിരിച്ചടികൾക്കുശേഷം മികച്ച നേട്ടമുണ്ടാക്കി എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾ അറ്റാദായത്തിൽ 68.3 ശതമാനം വളർച്ച നേടി. ഇതോടെ ഈ കമ്പനികളുടെ മൊത്തം ലാഭം 30,103 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം ലാഭമായ 77,281 കോടി രൂപയുടെ 39 ശതമാനത്തോളം ഈ പാദത്തിലൂടെ മാത്രം സമാഹരിക്കാനായി.
മൂന്നു കമ്പനികളുടെയും കൂടി മൊത്തം വരുമാനം മുൻവർഷത്തെ 4.35 ലക്ഷം കോടി രൂപയിൽനിന്ന് 5.60 ലക്ഷം കോടിയായി. 29 ശതമാനമാണ് വർധന. ചില്ലറ വില്പനയിലെ വിലനിയന്ത്രണങ്ങൾ തുടരുമ്പോഴും ക്രൂഡ് ഓയിൽ സംസ്കരണത്തിൽനിന്നുള്ള ഉയർന്ന ആദായവും ഇടയ്ക്കിടെയുണ്ടായ ക്രൂഡ് വിലയിടിവുമാണ് ഈ നേട്ടത്തിനു പിന്നിൽ.
ജൂൺ പകുതിമുതൽ ഓഗസ്റ്റ് പകുതിവരെ ആഗോളവിപണിയിൽ ക്രൂഡ് വിലയിലുണ്ടായ താത്കാലിക കുറവ് കമ്പനികളുടെ ഇന്ധനസംസ്കരണച്ചെലവ് കുറയ്ക്കാൻ സഹായിച്ചു.
എണ്ണസംസ്കരണത്തിനു പുറമേ, പെട്രോകെമിക്കൽ, വാതകം എന്നീ മേഖലകളിൽനിന്നുള്ള ഉയർന്ന ആദായനിരക്ക് വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കി. അസംസ്കൃത എണ്ണ സംസ്കരിച്ച് മൂല്യവർധിത പെട്രോളിയം ഉത്പന്നങ്ങളാക്കുമ്പോൾ ലഭിക്കുന്ന ആദായത്തിലെ വർധന കമ്പനികളുടെ പ്രവർത്തനലാഭം ഉയർത്തി.
രണ്ടാം പാദ അറ്റലാഭം (₹ കോടിയിൽ) | മാറ്റം | രണ്ടാം പാദ റവന്യൂ (₹ കോടിയിൽ) | |
|---|---|---|---|
ഐ.ഓ.സി | ₹21,630 കോടി | സംയുക്ത ലാഭത്തിന്റെ 72%; മുൻവർഷത്തെ ₹7,610 കോടിയേക്കാൾ മൂന്നിരട്ടി വർധന(ജൂൺ പാദത്തിലെ ₹2,661 കോടി നഷ്ടത്തിൽ നിന്ന് മുന്നേറ്റം) | ₹2.63 ലക്ഷം കോടി (മുൻ വർഷം ₹2.03 ലക്ഷം കോടി) |
ബി.പി.സി.എൽ | ₹4,993 കോടി | മുൻവർഷത്തെ ₹6,443 കോടിയെ അപേക്ഷിച്ച് 22.5% കുറവ് (എന്നാൽ ഏപ്രിൽ- ജൂൺ പാദത്തിലെ ₹3,962 കോടി നഷ്ടത്തിൽ നിന്ന് കരകയറി) | ₹1.58 ലക്ഷം കോടി (മുൻ വർഷം ₹1.22 ലക്ഷം കോടി) |
എച്ച്.പി.സി.എൽ | ₹3,483 കോടി | മുൻവർഷത്തെ ₹3,830 കോടിയെ അപേക്ഷിച്ച് 9.1% കുറവ് (എന്നാൽ ഏപ്രിൽ-ജൂൺ പാദത്തിലെ ₹11,526 കോടി നഷ്ടത്തിൽ നിന്ന് വൻ തിരിച്ചുവരവ്) | ₹1.39 ലക്ഷം കോടി (മുൻ വർഷം ₹1.10 ലക്ഷം കോടി) |
Content Highlights: Public sector oil companies recorded a 68.3% increase in net profit reaching Rs 30,103 crore in the second quarter., Combined revenue grew by 29% from Rs 4.35 lakh crore to Rs 5.60 lakh crore., Driven by lower crude oil prices during mid-June to mid-August and higher margins in refining and petrochemicals.