നേതൃസ്ഥാനത്തേക്ക് ആളെക്കിട്ടാനില്ല: പ്രതിസന്ധി നേരിട്ട് സ്വകാര്യ ബാങ്കുകൾ

#Money Desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

നേതൃനിരയിലേക്ക് പിൻഗാമിയെ കണ്ടെത്തുന്നതിൽ പ്രതിസന്ധി നേരിട്ട് സ്വകാര്യ ബാങ്കുകൾ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി.യുടെ സി.ഇ.ഓ. ശശിധർ ജഗദീശൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കെ.വി. കാമത്ത്, ആദിത്യ പുരി, ഉദയ് കൊട്ടക് തുടങ്ങിയ പ്രമുഖർ ദീർഘകാലം ബാങ്കുകളെ നയിച്ചിരുന്ന കാലം കഴിയുകയാണ്. ഇടയ്ക്കിടെയുള്ള നേതൃമാറ്റം മൂലം പ്രതിസന്ധി നേരിടുകയാണ് ബാങ്കുകൾ. പരിമിതമായ നേതൃനിര, ബാങ്കിങ് വ്യവസായത്തിലെ എല്ലാ മേഖലകളിലും അറിവുള്ളവരുടെ കുറവ് എന്നിവയാണ് ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി.

നേതൃമാറ്റം: നിലവിലെ പ്രവണത 

  • 2017 മുതൽ 2026 വരെയുള്ള കാലയളവിൽ, 52 ശതമാനം സ്വകാര്യ ബാങ്ക് സി.ഇ.ഓ.മാരും അഞ്ചു വർഷമോ അതിൽ കുറവോ മാത്രമേ സേവനമനുഷ്ഠിച്ചിട്ടുള്ളൂ. പൊതുമേഖലാ ബാങ്കുകളിൽ ഇത് 60 ശതമാനമാണ് (മൂന്നു വർഷത്തിൽ താഴെ).
  • സ്വകാര്യ ബാങ്ക് സി.ഇ.ഓ.മാർ പൊതുമേഖലാ ബാങ്കുകളിലെ സഹപ്രവർത്തകരേക്കാൾ ഇരട്ടിയിലധികം കാലം അധികാരത്തിൽ തുടരാറുണ്ടെങ്കിലും ആഗോള ശരാശരിയായ 5-8 വർഷത്തേക്കാൾ കുറവാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള ശരാശരി (4.5 വർഷം).
  • ആദിത്യ പുരിയെപ്പോലുള്ള ചുരുക്കം ചിലർ മാത്രമേ 26 വർഷംപോലെ ദീർഘകാലം പദവിയിൽ ഇരുന്നിട്ടുള്ളൂ. നിലവിൽ, നാലിലൊന്ന് സ്വകാര്യ ബാങ്ക് എക്സിക്യൂട്ടീവുകൾ മാത്രമാണ് പത്തു വർഷത്തിലധികം പദവിയിൽ തുടരുന്നത്.

സിഇഒ കാലാവധി: താരതമ്യം (2017-2026)

ശരാശരി കാലാവധി

സ്വകാര്യ ബാങ്കുകൾ

6 വർഷം 5 മാസം

പൊതുമേഖലാ ബാങ്കുകൾ

2 വർഷം 10 മാസം

ബാങ്കിംഗ് മേഖല (മൊത്തത്തിൽ)

ഏകദേശം 4.5 വർഷം

പ്രതിസന്ധിയുടെ കാരണങ്ങൾ

അറിവുള്ള നേതാക്കളുടെ കുറവ്: ബാങ്കിങ് സംവിധാനത്തിന്റെ വിവിധ മേഖലകളിൽ (റീട്ടെയിൽ, ഫിനാൻസ്, ക്രെഡിറ്റ്, റിസ്‌ക് മാനേജ്മെന്റ്) വൈദഗ്ധ്യമുള്ളവർ ഉണ്ടെങ്കിലും ബാങ്കിനെ മൊത്തത്തിൽ നയിക്കാൻ പ്രാപ്തിയുള്ള എല്ലാ മേഖലകളിലും അറിവുള്ള നേതാക്കളുടെ കുറവുണ്ട്.

ജോബ് റൊട്ടേഷൻ ഇല്ലാത്ത സാഹചര്യം: 20 വർഷത്തോളമായി ബാങ്കുകൾ വ്യത്യസ്ത വിഭാഗങ്ങളിലായി ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന രീതി നിർത്തിവെച്ചിരിക്കുകയാണ്. ഇത് നേതൃത്വ പരിജ്ഞാനത്തെ ബാധിക്കുന്നു. 'എല്ലാ വൈസ് ക്യാപ്റ്റന്മാർക്കും ക്യാപ്റ്റന്മാരാകാൻ കഴിയില്ല' എന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിയമന പദ്ധതി: പല ബാങ്ക് ബോർഡുകളും സി.ഇ.ഒ.മാർ ദീർഘകാലം തുടരുമെന്ന അനുമാനത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. അടുത്ത തലമുറയിലെ നേതാക്കൾക്ക് മതിയായ വൈദഗ്ധ്യം ലഭിക്കാതെ പോകാൻ ഇത് കാരണമാകുന്നു.

സ്ഥാപകരോ പ്രൊമോട്ടർമാരോ പതിറ്റാണ്ടുകളോളം ബാങ്കിനെ നയിക്കുമ്പോൾ, എല്ലാ അധികാരങ്ങളും അറിവും തീരുമാനങ്ങളും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അവർ പടിയിറങ്ങുമ്പോൾ ആ വിടവ് നികത്തുക പ്രയാസകരമാകുന്നു. ഒരു സി.ഇ.ഒ.യുടെ കാലാവധി 10 വർഷത്തിൽ കൂടുന്നത് പിൻഗാമികളെ കണ്ടെത്താനുള്ള പദ്ധതികളെ ദോഷമായി ബാധിക്കുന്നു.

ആർബിഐ വ്യവസ്ഥകൾ

ബാങ്ക് സിഇഒമാരുടെ കാലാവധി സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ആർബിഐ നിശ്ചയിച്ചിട്ടുണ്ട്:

സ്വകാര്യ ബാങ്കുകൾ: സിഇഒമാർക്ക് പരമാവധി 15 വർഷം വരെ സേവനമനുഷ്ഠിക്കാം (പ്രായപരിധി 70 വയസ്സ്). പ്രൊമോട്ടർ സിഇഒമാർക്ക് ഇത് 12 വർഷമാണ്.

പൊതുമേഖലാ ബാങ്കുകൾ: പരമാവധി കാലാവധി 10 വർഷമാണ് (രണ്ട് അഞ്ചു വർഷത്തെ ടേമുകൾ). പ്രായപരിധി 60 വയസ്സാണ്.

നിയമന രീതി: പൊതുമേഖലാ ബാങ്കുകളിൽ സെൻട്രൽ ഗവൺമെന്റും ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോയുമാണ് (FSIB) നിയമനങ്ങൾ നിയന്ത്രിക്കുന്നത്. ഇത് വ്യക്തിഗത ബാങ്ക് ബോർഡുകളുടെ സ്വാധീനം പരിമിതപ്പെടുത്തുന്നു.

ദീർഘകാലാടിസ്ഥാനത്തിലുള്ള നേതൃത്വത്തിന് പകരം ഹ്രസ്വകാലസേവനങ്ങൾ കൂടുന്നത് ബാങ്കുകൾ നേരിടുന്ന വെല്ലുവിളിയാണ്. വരും വർഷങ്ങളിൽ സിഇഒമാരുടെ മാറ്റം കൂടുതൽ സുഗമമാക്കുന്നതിന്, ആഭ്യന്തര തലത്തിൽ നേതാക്കളെ വളർത്തിയെടുക്കുന്നതിലും വ്യത്യസ്ത മേഖലകളിൽ പരിശീലനം നൽകുന്നതിലും ബാങ്ക് ബോർഡുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

Content Highlights: Private banks are facing a severe shortage of capable successors for top leadership positions., Short average tenure of CEOs (4.5 years) and lack of job rotation are major causes of the crisis., RBI has established strict tenure guidelines: up to 15 years for private bank CEOs and 12 years for promoter CEOs., Banks need to focus on internal leadership development across diverse domains to ensure smooth transitions.