എന്‍വിഡിയയും സാംസങും ഹ്യൂണ്ടായും പങ്കാളിത്തത്തില്‍? ഒത്തുചേരല്‍ കൗതുകമായി

Photo:AFP
Photo:AFP

ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് മേധാവികളുടെ അപ്രതീക്ഷിത കൂടിക്കാഴ്ച ആഗോള ശ്രദ്ധ പിടിച്ചുപറ്റി. എന്‍വിഡിയ സിഇഒ ഡെന്‍സന്‍ ഹുവാങ്, സാംസങ് ഇലക്ടോണിക്‌സ് ചെയര്‍മാന്‍ ലീ ജെ-യോങ്, ഹ്യൂണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ യൂസണ്‍ ചുങ് എന്നിവരാണ് സോളില്‍ അപ്രതീക്ഷിതമായി ഒത്തുചേര്‍ന്നത്.

കൊറിയന്‍ മദ്യപാന ആചാരമായ 'ലവ് ഷോട്ട്' ലെ വീഡിയോ വൈറലാകുകയും ചെയ്തു. സാങ്കേതിക മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചകള്‍ക്കും ഇത് തിരികൊളുത്തി. ഡ്രൈവര്‍ ഇല്ലാ വാഹനം, അര്‍ധചാലകം എന്നീ മേഖലകളിലെ പങ്കാളത്തത്തെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഒത്തുചേരല്‍. കൊറിയന്‍ പങ്കാളികളുമായി ചേര്‍ന്ന് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ജെന്‍സന്‍ ഹുവാങ്ങിന്റെ പ്രസ്താവനയും ശ്രദ്ധേയമായി.

കൂടിക്കാഴ്ചയും വൈറലായ വീഡിയോയും

സോളിലെ ഗംഗ്‌നം ജില്ലയിലെ പ്രശസ്ത റെസ്റ്റോറന്റില്‍ വെച്ചാണ് മൂന്ന് ബിസിനസ്സ് മേധാവികളും ഒത്തുചേര്‍ന്നത്. എന്‍വിഡിയയാണ് ഈ റെസ്റ്റോറന്റ് തിരഞ്ഞെടുത്തതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ലവ് ഷോട്ട്' ആചാരം: കൂടിക്കാഴ്ചയുടെ പ്രധാന ആകര്‍ഷണം ഇവര്‍ കൊറിയന്‍ മദ്യപാന ആചാരമായ 'ലവ് ഷോട്ട്'ല്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളായിരുന്നു. രണ്ടുപേര്‍ കൈകള്‍ കോര്‍ത്ത് ഒരുമിച്ച് മദ്യപിക്കുന്നു-ഇതാണ് ആചാരം. സാധാരണയായി ദമ്പതികള്‍ക്കിടയിലാണ് ഇത് പതിവെങ്കിലും സുഹൃത്തുക്കളോ ബിസിനസ്സ് പങ്കാളികളോ പരസ്പര ബഹുമാനവും അടുപ്പവും പ്രകടിപ്പിക്കാനും ഇത്തരത്തില്‍ ഒത്തുചേരാറുണ്ട്.

റെസ്റ്റോറന്റിന് പുറത്ത് കാത്തുനിന്ന ആരാധകര്‍ക്ക് ഇവര്‍ സമ്മാനങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ, ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചത്.

Content Highlights: Nvidia`s Jensen Huang, Samsung`s Lee Jae-yong, & Hyundai`s Euisun Chung met in Seoul, sparking talks of tech collaborations in autonomous driving & semiconductors. Viral `love shot` video adds intrigue.