യു.പി.ഐ. ആപ്പ് തുറക്കാതെയും ഇനി പണമയക്കാം

മുംബൈ: ഷോപ്പിങ്ങിനുശേഷം യു.പി.ഐ. ആപ്പ് തുറക്കാതെ കടയിൽ പണം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇന്റർനെറ്റ് ലഭ്യത കുറവുള്ളയിടത്തുപോലും പുതിയ ടാപ് ആൻഡ് പേ സംവിധാനത്തിലൂടെ പെയ്മന്റ് സാധ്യമാകുമെന്ന് എൻ.പി.സി.ഐ. പറയുന്നു. കടകളിലെ പോയിന്റ് ഓഫ് സെയിൽ (പോസ് മെഷീൻ) മെഷീനു സമീപം മൊബൈൽഫോൺ പിടിച്ചാൽ ഇടപാടുനടക്കുന്ന സംവിധാനമാണിത്. മൊബൈൽ ഫോൺ എയറോപ്ലെയിൻ മോഡിലാണെങ്കിൽപ്പോലും ടാപ് ആൻഡ് പേ പ്രവർത്തിക്കും. നിലവിൽ 32 ബാങ്കുകളും 15 യു.പി.ഐ. ആപ്ലിക്കേഷനുകളും എട്ട് അഗ്രിഗേറ്റർ കമ്പനികളും 18 പെയ്മന്റ് സർവീസ് സേവനദാതാക്കളും ഇതിനു പിന്തുണ നൽകുന്നുണ്ട്.
നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി.) സംവിധാനത്തിൽ ചെറു തുകകളുടെ കാർഡ് പെയ്മന്റ് നടക്കുന്ന അതേ മാതൃകയിലാകും ടാപ് ആൻഡ് പേയുടെയും പ്രവർത്തനം. എൻ.എഫ്.സി. സംവിധാനമുള്ള മൊബൈൽ ഫോൺ പോസ് മെഷീനിനടുത്ത് കൊണ്ടുവരുമ്പോൾ പോസ് മെഷീനിലെ ഇന്റർനെറ്റ് കണക്ടിവിറ്റി ഉപയോഗിച്ചാണ് ഇടപാടു സാധ്യമാക്കുക. അതുകൊണ്ടുതന്നെ ഇന്റർനെറ്റ് ആവശ്യമായിവരില്ല.
പല അക്കൗണ്ടുകൾ ഉപയോഗിക്കുന്ന യു.പി. ഐ.യിലും റുപേ ക്രെഡിറ്റ് കാർഡ് ബന്ധിപ്പിച്ച യു.പി.ഐ. അക്കൗണ്ടിലും ഇതു പ്രവർത്തിക്കുമെന്ന് എൻ.പി.സി.ഐ. വ്യക്തമാക്കി. പിൻ ഇല്ലാതെ 5,000 രൂപയുടെവരെയുള്ള ഇടപാടുകളാണ് നടത്താനാകുക. ഇതിനുമുകളിൽ വരുന്ന തുകയുടെ ഇടപാടുകൾക്ക് പോസ് മെഷീനിൽ യു. പി.ഐ. പിൻ നമ്പർ അടിച്ചുനൽകേണ്ടിവരും.
ഇതോടൊപ്പം മൈ യു.പി.ഐ. എന്ന പുതിയ ഉപഭോക്തൃ സേവന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. യു.പി.ഐ. ഇടപാടുകളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ കാണിക്കുന്ന സംവിധാനമാണിത്. സംശയകരമായ സാഹചര്യത്തിൽ ഇടപാടുകൾ തടയാനുള്ള സേഫ്റ്റി സ്വിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. 'യു.പി.ഐ. നമ്പർ ഡീലിങ്ക്'എന്ന ലിങ്ക് വഴി യു.പി.ഐ.യുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ വേർപെടുത്തുകയാണ് ഇതിൽ ചെയ്യുന്നത്. യു. പി.ഐ. ഇടപാട് പൂർത്തിയാക്കുന്നതിനു മുൻ പായി ആർക്കാണ് പണമയക്കുന്നതെന്ന് ഈ പ്ലാറ്റ്‌ഫോമിൽ അറിയാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Content Highlights: Make UPI payments without opening apps using the new Tap and Pay feature., Works via NFC technology even with low internet connectivity or in airplane mode., Transactions up to 5,000 rupees do not require a UPI PIN., Introduces My UPI platform with a safety switch to de-link phone numbers and track transactions.