48 % ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാണത്തൊഴിലാളി തട്ടിയത് 670 കോടി: കബളിപ്പിച്ചത് 7,400 പേരെ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

48 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് 7,400 നിക്ഷേപകരിൽനിന്നായി 670 കോടി രൂപ കവർന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നു. സാധാരണക്കാരായ നിക്ഷേപകരെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് പടുത്തുയർത്തിയ അനധികൃത നിക്ഷേപ സാമ്രാജ്യത്തിന്റെ തകർച്ചയും അതിനുപിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളുമാണ് അന്വേഷണ ഏജൻസികൾ പുറത്തുവിട്ടത്.

തെലങ്കാനയിലെ വികാരാബാദ് ജില്ലക്കാരനായ നാനാവത് ഭൂപാല നായിക് ആണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ. കേസിൽ സൈബരാബാദ് ഇക്കണോമിക് ഒഫൻസ് വിങ് ഭൂപാല നായിക്കിന്റെയും ഇയാളുടെ സ്ഥാപനങ്ങളുടെയും പേരിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇത്രയധികം തുകയുടെ തട്ടിപ്പ് നടത്തിയിട്ടും 35 ലക്ഷം രൂപ മാത്രമാണ് കമ്പനിയുമായി ബന്ധപ്പെട്ട 70 അക്കൗണ്ടുകളിൽനിന്ന് പോലീസിന് കണ്ടെത്താനായത്. സമാഹരിച്ച തുകയുടെ ഭൂരിഭാഗവും ബിനാമി പേരുകളിലേക്ക് മാറ്റുകയോ കള്ളപ്പണം വെളുപ്പിക്കൽ വഴി ഷെൽ കമ്പനികളിലേക്ക് കടത്തുകയോ ചെയ്തു.

അൽഗോരിതം അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് ട്രേഡിങ് സ്ഥാപനമായ ഷെയേഴ്സ് ബസാർ വഴിയാണ് തട്ടിപ്പിലേറെയും നടന്നത്. പ്രതിമാസം നാലു ശതമാനം ലാഭം (വർഷത്തിൽ 48 ശതമാനം) നൽകുമെന്നായിരുന്നു വാഗ്ദാനം. പുതിയ നിക്ഷേപകരിൽനിന്ന് ശേഖരിക്കുന്ന പണം പഴയ നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുന്ന പോൺസി രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നതെന്ന് പോലീസ് പറയുന്നു. 2025 അവസാനമായതോടെ പണമിടപാട് സ്തംഭിച്ചു.

കിസാൻ പരിവാർ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്നു തട്ടിപ്പിന്റെ മറ്റൊരു മാർഗം. 12.5 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 5,445 ചതുരശ്ര അടി ഭൂമി നൽകുമെന്നും 12 മാസത്തെ ലോക്ക്-ഇൻ കാലയളവിൽ 24 ശതമാനം നികുതിരഹിത ലാഭവിഹിതം നൽകുമെന്നുമായിരുന്നു വാഗ്ദാനം.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട നാനാവത് ഭൂപാല പിതാവിനൊപ്പം ഹൈദരാബാദിലെത്തി കെട്ടിട നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് പെട്രോൾ പമ്പ് ജീവനക്കാരനുമായി. ഓപ്പൺ സ്കൂൾ വഴി ബിരുദം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

2013-ൽ ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ ഏജന്റായി ചുരുങ്ങിയ കാലംകൊണ്ട് നിരവധി ഇടപാടുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ഇയാൾക്കായി. തുടർന്ന് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി സ്വന്തമായി തുടങ്ങി. 2016-ൽ കിസാൻ പരിവാർ എന്ന കമ്പനി രജിസ്റ്റർ ചെയ്തു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു തുടക്കമെങ്കിലും കമ്പനിയിൽ പ്രത്യേകിച്ച് പ്രവർത്തനമൊന്നുമില്ലായിരുന്നു. 2020-ൽ അൽഗോരിതം അധിഷ്ഠിത ട്രേഡിങ് കമ്പനിയെന്ന പേരിൽ ഷെയേഴ്സ് ബസാർ തുടങ്ങി. പഴയ ഇടപാടുകാരോടൊപ്പം സോഷ്യൽ മീഡിയ പ്രചാരണം വഴി വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചു.

140 ഏക്കർ കൃഷിഭൂമി ഇതിനകം പോലീസ് കണ്ടുകെട്ടിക്കഴിഞ്ഞു. ഇതിൽ 70 ഏക്കർ കിസാൻ പരിവാർ ലാൻഡ് സ്കീമിലെ നിക്ഷേപകരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ട് വാണിജ്യ കെട്ടിടങ്ങളും 10 കോടി രൂപ വിലയുള്ള ആഡംബര വില്ലയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

യാതൊരു കുറ്റകൃത്യ പശ്ചാത്തലവുമില്ലാത്ത പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള അംഗമാണെന്നാണ് ജാമ്യാപേക്ഷയിൽ ഭൂപാല നായിക് സ്വയം വിശേഷിപ്പിച്ചത്.

Content Highlights: A construction worker named Nanavath Bhupal Naik masterminded a Rs 670 crore financial fraud., Promised 48% annual returns through algorithm-based stock trading via Shares Bazar., Used Kisan Pariwar real estate company for another layer of the Ponzi scheme., Police have frozen 140 acres of agricultural land, commercial buildings, and a luxury villa.