കേരളത്തിൽ സ്വർണപ്പണയ വായ്പകളിൽ വൻകുതിപ്പ്: മൊത്തം മൂല്യം 1.48 ലക്ഷം കോടിയായി

ബാങ്കുകളിലെ സ്വർണപ്പണയ വായ്പകളിൽ റെക്കോഡ് വർധന. ജൂൺ 30-വരെയുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്തെ ബാങ്കുകളിലെ സ്വർണപ്പണയ വായ്പകളുടെ മൊത്തം മൂല്യം 1.48 ലക്ഷം കോടി രൂപയാണ്. രണ്ടുവർഷത്തിനിടെ 44.1 ശതമാനം വർധനയുണ്ടായി.
വളർച്ച ഇങ്ങനെ
2024 ജൂണിൽ 1,02,654.60 കോടി രൂപയായിരുന്ന വായ്പാതുക രണ്ടുവർഷത്തിനുള്ളിൽ 45,294.31 കോടി രൂപ വർധിച്ച് 1,47,948.91 കോടി രൂപയിലെത്തി.
ബാങ്കുകൾ നൽകുന്ന കാർഷിക സ്വർണവായ്പകൾ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന പരിധി കടന്നു. 2026 ജൂൺ അവസാനത്തോടെ ഇത് 1,06,726.41 കോടി രൂപയായി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 29,500 കോടി രൂപയുടെ വർധനവാണ് ഈ വിഭാഗത്തിലുണ്ടായത്.
കാർഷികേതര സ്വർണവായ്പകളിലാണ് ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. വായ്പാതുക 25,428.08 കോടി രൂപയിൽനിന്ന് 41,222.55 കോടി രൂപയായി ഉയർന്നു. 63 ശതമാനം വർധന.
ബാങ്ക് | വായ്പാ തുക (കോടി രൂപയിൽ) |
|---|---|
എസ്.ബി.ഐ | 28,623.32 |
കാനറ ബാങ്ക് | 25,828.92 |
ഫെഡറൽ ബാങ്ക് | 12,202.39 |
സൗത്ത് ഇന്ത്യൻ ബാങ്ക് | 7,873.67 |
ബാങ്ക് ഓഫ് ബറോഡ | 6,920.41 |
സി.എസ്.ബി ബാങ്ക് | 5,444.79 |
അവലംബം: സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (SLBC).
വർധനവിന്റെ കാരണങ്ങൾ
സ്വർണപ്പണയ വായ്പകളിലെ കുതിപ്പിനു പിന്നിൽ പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്:
- നിത്യജീവിതച്ചെലവുകൾ വർധിക്കുന്നത് കുടുംബ ബജറ്റുകളെ സമ്മർദത്തിലാക്കുന്നു. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്കായി സ്വർണത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
- വില കുത്തനെ ഉയർന്നതോടെ മുമ്പത്തേക്കാൾ ഉയർന്ന തുക വായ്പയായി ലഭിക്കുന്നു. ഇത് വായ്പാവിഹിതം വർധിക്കാൻ കാരണമായി.
- അസംഘടിത പണമിടപാടു കേന്ദ്രങ്ങളിൽനിന്ന് ബാങ്കുകൾ, എൻ.ബി.എഫ്.സി. തുടങ്ങിയ സംഘടിത മേഖലകളിലേക്ക് സ്വർണവായ്പകൾ മാറിക്കൊണ്ടിരിക്കുന്നു.
Content Highlights: Total gold loan value in Kerala reached 1.48 lakh crore by June 2026., Agricultural gold loans crossed 1 lakh crore for the first time, reaching 1.06 lakh crore., Non-agricultural gold loans saw a massive 63 percent growth, totaling 41,222.55 crore., Driven by rising living costs, high gold prices, and a shift from unorganized sectors to banks.