തർക്കം വഴിത്തിരിവിൽ: നോയലിനെതിരെ പരസ്യനിലപാടുമായി ജിമ്മി ടാറ്റ; ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യം

#Wealth Desk
Photo: AFP
Photo: AFP

ടാറ്റാ ഗ്രൂപ്പ് തർക്കം വഴിത്തിരിവിലേക്ക്. മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി എൻ. ടാറ്റ പരസ്യമായി രംഗത്തെത്തി. ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ഓഹരി ലിസ്റ്റിങ്ങിനെ പിന്തുണച്ചും നോയൽ ടാറ്റയുടെ നിലപാടുകളെ വിമർശിച്ചുമാണ് ദീർഘകാലത്തെ മൗനം വെടിഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്.

ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരിയും കൈവശംവെച്ചിരിക്കുന്ന ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാന് നൽകിയിരിക്കുന്ന 'വീറ്റോ അധികാരത്തെ' ജിമ്മി ചോദ്യംചെയ്യുന്നു. ടാറ്റാ സൺസിൽ ഒരു ശതമാനം ഓഹരിയുള്ള ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ, കമ്പനി ലിസ്റ്റ് ചെയ്യുന്നതിനെതിരെ ശനിയാഴ്ച പരസ്യമായി രംഗത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ജിമ്മി നിലപാട് വ്യക്തമാക്കിയത്. ടാറ്റാ സൺസ് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതു സംബന്ധിച്ചും ആർ.ബി.ഐ.യുടെ നിർദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചുമാണ് ഭിന്നത രൂക്ഷമായത്.

ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ജിമ്മി ഉന്നയിച്ചത്. കമ്പനിയിൽ നിലനിൽക്കുന്ന 'രഹസ്യ പ്രവർത്തന സംസ്‌കാരം' അവസാനിപ്പിക്കാനും നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കാനും ലിസ്റ്റിങ് വഴി കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 1989-നുമുമ്പ് നിലനിന്നിരുന്നതുപോലെ വാണിജ്യ-വ്യവസായ നടത്തിപ്പിനെയും ജീവകാരുണ്യ ട്രസ്റ്റുകളെയും തമ്മിൽ വേർതിരിക്കുന്നതിനായി കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ ടാറ്റാ സൺസിനു വലിയ നേട്ടമുണ്ടായ കാര്യവും ജിമ്മി ചൂണ്ടിക്കാട്ടി.

ആർ.ബി.ഐ. നിർദേശിക്കുന്ന ലിസ്റ്റിങ്ങിൽനിന്ന് ഒഴിവാകാനായി ടാറ്റാ സൺസിനെ ചെറിയ ഘടകങ്ങളായി വിഭജിക്കാനോ പുനഃസംഘടിപ്പിക്കാനോ ഉള്ള നോയൽ ടാറ്റയുടെ നീക്കത്തെ ജിമ്മി വിമർശിച്ചു. ആർ.ബി.ഐ.യുടെ മാനദണ്ഡങ്ങളിൽനിന്ന് തടിയൂരാൻ കമ്പനിയെ വിഭജിക്കുന്നത് ദോഷകരവും പൊതുജനങ്ങളുടെയും ഓഹരി ഉടമകളുടെയും താത്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. സ്വന്തം അധികാരം നിലനിർത്താനും പരിശോധനകൾ ഒഴിവാക്കാനുമാണ് നോയൽ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടാറ്റാ സൺസിൽ 0.81 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജിമ്മി 1989 മുതൽ രത്തൻ ടാറ്റ ട്രസ്റ്റിന്റെ മുതിർന്ന ട്രസ്റ്റിയാണ്. പുണെയിലെ ഫ്‌ളാറ്റിലാണ് എൺപത്താറുകാരനായ അദ്ദേഹം താമസിക്കുന്നത്.

Content Highlights: Jimmy N. Tata publicly opposed Noel Tata regarding the Tata Sons stock market listing., Criticized the veto power of the Tata Trusts Chairman and demanded transparency., Opposed Noel Tata's reported plans to restructure or split Tata Sons to bypass RBI regulations., Highlighted the success of past listings under Ratan Tata's leadership.