ട്രംപിന്റെ വിജയം നേട്ടമാക്കി ബിറ്റ്‌കോയിന്‍: മൂല്യം ഒരു ലക്ഷം ഡോളര്‍ പിന്നിട്ടു

ഇതാദ്യമായി ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളര്‍ പിന്നിട്ടു. യുഎസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രം(നാലാഴ്ചക്കിടെ) ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായ വര്‍ധന 45 ശതമാനത്തോളമാണ്.
ട്രംപിന്റെ വിജയം ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയതാണ് മൂല്യവര്‍ധനവിന് പിന്നില്‍. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിലേയ്ക്ക് ഇലോണ്‍ മസ്‌കിനെയും പോള്‍ അറ്റ്കിന്‍സിനെയും നിയമിച്ചതോടെ അനുകൂല നയങ്ങളും പരിഷ്‌കാരങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുതിപ്പ്.
ഇടിഎഫ്(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്)വഴിയുള്ള നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടായതും മൂല്യവര്‍ധവിന് കാരണമായി. ഒറ്റ ദിവസംകൊണ്ട് 676 മില്യൂണ്‍ ഡോളറിന്റെ നിക്ഷേപമാണെത്തിയത്. ബ്ലാക്‌റോക്കിന്റെ സ്‌പോട് ബിറ്റ്‌കോയിന്‍ ഇടിഎഫ് 48 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. അതായത് അഞ്ച് ലക്ഷത്തോളം ബിറ്റ്‌കോയിനുകള്‍.
ഒരു മാസത്തിനിടെ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 50 ശതമാനം മുന്നേറ്റമുണ്ടായതോടെ ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ താത്പര്യം വര്‍ധിച്ചതും കുതിപ്പിന് കാരണമായി.
ബിറ്റ്‌കോയിന്റെ മൂല്യം 1.50 ലക്ഷം രൂപയിലെത്തിയാല്‍ വിറ്റ് ലാഭമെടുക്കുമെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട നിക്ഷേപ സ്ഥാപനമായ ജെഫ്രീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ക്രിസ്റ്റഫര്‍ വുഡ് വ്യക്തമാക്കിയിരുന്നു. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യം ഇനിയും ഉയരുമെന്ന അഭ്യൂഹം വ്യാപകമായി.
ബിറ്റ്‌കോയിന്റെ മൂല്യവര്‍ധനവിനെക്കുറിച്ച് മാത്രം പരാമര്‍ശിക്കാനാണ് ഈ റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തെ പ്രത്സാഹിപ്പിക്കുന്നതിനുള്ളതല്ല. രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് റെഗുലേറ്റിങ് സംവിധാനം നിലവില്‍ ഇല്ല.
Content Highlights: itcoin Price Hits $100000: Trump, Musk and ETF Boost