ഒരു കോടിയുമായി 45-ാം വയസ്സിൽ ജോലിവിട്ടു: എച്ച്.ആർ പ്രൊഫഷണലിന്റെ ജീവിതത്തിൽ സംഭവിച്ചത്...

#Money Desk
Representative Image | Photo: freepik.com ( credit hyperlinked below)
Representative Image | Photo: freepik.com ( credit hyperlinked below)

വിപ്രോ, കോഗ്‌നിസന്റ്, സിനെക്രോൺ തുടങ്ങിയ ആഗോള കോർപ്പറേറ്റ് ഭീമന്മാരുടെ എച്ച്.ആർ വിഭാഗത്തിൽ നേതൃപദവികൾ അലങ്കരിച്ച 22 വർഷങ്ങൾ. പുണെ നഗരത്തിന്റെ ശ്വാസംമുട്ടിക്കുന്ന വേഗതയിലും അവസാനിക്കാത്ത മീറ്റിംഗുകളുടെയും ലക്ഷ്യങ്ങളുടെയും സമ്മർദത്തിലും അമിത് ചിൽക എന്ന പ്രൊഫഷണലിന്റെ ജീവിതം തളച്ചിടപ്പെട്ടിരുന്നു. എന്നാൽ, കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആഹ്വാനം അദ്ദേഹം കേൾക്കുന്നുണ്ടായിരുന്നു. 45-ആം വയസ്സിൽ അക്കാര്യം തിരിച്ചറിഞ്ഞു.

പുണെയിലെ തിരക്കുപിടിച്ച കോർപ്പറേറ്റ് അന്തരീക്ഷവും ഹിമാലയൻ താഴ്‌വരകളിലെ ശാന്തതയും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹത്തെ ആ തീരുമാനത്തിലേക്ക് നയിച്ചു. സുരക്ഷിതമായ മുഴുവൻ സമയ കോർപ്പറേറ്റ് കരിയറിൽ നിന്ന് പടിയിറങ്ങാൻ 2022-ന്റെ അവസാന പാദത്തിൽ അദ്ദേഹം നിശ്ചയിച്ചു. വെറുമൊരു ഒളിച്ചോട്ടമായിരുന്നില്ല, കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള നീക്കമായിരുന്നു.

വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നവർ അഞ്ചോ പത്തോ കോടി പോലുള്ള വലിയ തുക സ്വപ്‌നം കാണുന്നവരാകും. എന്നാൽ ഒരു കോടി രൂപയുമായാണ് അമിത് സാഹസത്തിന് മുതിർന്നത്. ഒരു കോടി എന്നത് വലിയ തുകയല്ലെന്ന് അറിയാമായിരുന്നു. എങ്കിലും തീരുമാനങ്ങൾക്ക് ആത്മവിശ്വാസം നൽകിയ സുരക്ഷാ കവചമായായി അദ്ദേഹം ആ തുകയെ കണ്ടു. അതിൽ നിന്ന് ഒരു രൂപ പോലും പ്രതിമാസ ചെലവുകൾക്കായി പിൻവലിക്കില്ലെന്ന് തീരുമാനിച്ചു. കൂട്ടുപലിശയുടെ നേട്ടത്തിനായി നിക്ഷേപമായിതന്നെ നിലനിർത്തി.

ആസൂത്രണം ഇപ്രകാരമായിരുന്നു:

വിരമിക്കൽ നിധി

ആകെ തുക: ഒരു കോടി രൂപ.

നിക്ഷേപം: മ്യൂച്വൽ ഫണ്ട്, പി.പി.എഫ്, എൻ.പി.എസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ഫണ്ട് എന്നിങ്ങനെ വിന്യസിച്ചു.

ഉദ്ദേശ്യം: പ്രതിമാസ ചെലവുകൾക്കായി ഇതിൽനിന്നെടുക്കാകെ ദീർഘകാലയളവിൽ വളരാൻ വിട്ടു. പ്രതിമാസ ചെലവുകൾക്കായി ഇതിൽനിന്ന് ഒരു രൂപപോലും എടുക്കില്ലെന്നും തീരുമാനിച്ചു.

ചെലവ് കുറയ്ക്കൽ തന്ത്രങ്ങൾ

പുണെയിലെതുമായി താരതമ്യം ചെയ്യുമ്പോൾ ഡെറാഡൂണിൽ ചെലവിൽ 70 ശതമാനം കുറവ് വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

പുണെ

ദെഹ്റാദൂൺ

പ്രതിമാസ ആകെ ചെലവ്

₹ 1,50,000

₹ 50,000

മകളുടെ വിദ്യാഭ്യാസ ചെലവ്

₹ 32,000

₹ 7,000

ട്യൂഷൻ/അധിക ക്ലാസ്സുകൾ

₹ 12,000 - 15,000

₹ 4,000

വീട്ടുവാടക

സ്വന്തം ഫ്ലാറ്റ്

കുടുംബസ്വത്ത് 

കടബാധ്യത (EMI)

ഉണ്ടായിരുന്നു

കടരഹിതം

കടങ്ങൾ വീട്ടി: വിരമിക്കുന്നതിന് മുൻപ് തന്നെ എല്ലാ ലോണുകളും അദ്ദേഹം അടച്ചുതീർത്തു. വലിയൊരു ആശ്വാസവും സാമ്പത്തിക ലാഭവും ഇതിലൂടെ ലഭിച്ചു.

താമസം: ഡെറാഡൂണിൽ ഭാര്യയുടെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള 15 വർഷമായി ഒഴിഞ്ഞുകിടന്നിരുന്ന വീട് നവീകരിച്ച് താമസം തുടങ്ങി. വാടകയിനത്തിൽ നല്ലൊരു തുക ലാഭിക്കാനായി.

ജീവിതശൈലി മാറ്റം: പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യമായ സബ്സ്‌ക്രിപ്ഷനുകൾ, സുഹൃത്തുക്കളുമൊത്തുള്ള വാരാന്ത്യ ചെലവുകൾ എന്നിവ ഒഴിവാക്കി.

വരുമാന മാർഗങ്ങൾ

വിരമിക്കൽ എന്നത് ജോലിയുടെ അന്ത്യമല്ല ഇഷ്ടപ്പെട്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് അമിത് ചിൽക വിശ്വസിക്കുന്നു.

അനുഭവസമ്പത്ത്: വിപ്രോ, കോഗ്‌നിസന്റ്, സിനെക്രോൺ തുടങ്ങിയ കമ്പനികളിൽ 22 വർഷത്തെ എച്ച്.ആർ നേതൃത്വ പരിചയം അദ്ദേഹത്തിനുണ്ട്.

സ്വന്തം സംരംഭങ്ങൾ: 'സിനർജിസ്റ്റ്' എന്ന എച്ച്.ആർ കൺസൾട്ടിംഗ് പ്രാക്ടീസും, ഐ.സി.എഫ് സർട്ടിഫൈഡ് കോച്ചിംഗും അദ്ദേഹം നടത്തുന്നു.

നേതൃത്വ ക്യാമ്പുകൾ: ദെഹ്റാദൂണിൽ 'വിരാം' എന്ന പേരിൽ നാല് ദിവസത്തെ നേതൃത്വ പരിശീലന പരിപാടി അദ്ദേഹം സംഘടിപ്പിക്കുന്നു.

വരുമാന സ്ഥിരത: കൺസൾട്ടിംഗ്, കോച്ചിംഗ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ദൈനംദിന ചെലവുകൾക്കുള്ള തുക കണ്ടെത്തുന്നത്. ഈ ശ്രമത്തിൽ സ്ഥിരത കൈവരിക്കാൻ 18 മാസത്തെ പരിശ്രമം വേണ്ടിവന്നു.

അമിത് ചിൽക്കയുടെ നിരീക്ഷണങ്ങൾ

സമ്പാദ്യത്തിലെല്ല, ചെലവിലാണ് കാര്യം: അഞ്ചോ പത്തോ കോടിയോ സമ്പാദിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം ചെലവുകൾ കുറയ്ക്കുക എന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

മുൻഗണനകൾ മാറ്റുക: പ്രകൃതിദത്തമായ അന്തരീക്ഷം, വായന, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം എന്നിവ നൽകുന്ന സംതൃപ്തി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക: കുടുംബ സ്വത്തോ, പ്രത്യേക കഴിവുകളോ, പങ്കാളിയുടെ വരുമാനമോ എന്തുതന്നെയായാലും വിരമിച്ചാൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണം.

നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രായോഗിക മാതൃകയാണ് അമിത് ചിൽകയുടെ ജീവിതം. നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനോടൊപ്പം തന്നെ, കടബാധ്യതകൾ ഇല്ലാതാക്കുകയും ലളിതമായ ജീവിത സാഹചര്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ കോർപ്പറേറ്റ് സമ്മർദങ്ങളിൽ നിന്ന് മോചനം നേടാമെന്ന് അമിത് വിശ്വസിക്കുന്നു. വിരമിക്കൽ എന്നത് സജീവമായ തൊഴിലിൽ നിന്നുള്ള പിന്മാറ്റമല്ല, താത്‌ര്യമുള്ള മേഖലകളിൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം കരുതുന്നു.

Content Highlights: Retiring with a corpus of 1 Crore by optimizing living costs., Eliminating all debts prior to retirement to ensure financial stability., Transitioning from corporate stress to purpose-driven consulting and coaching., Relocating to lower-cost regions like Dehradun to reduce monthly expenses by 70%., Viewing retirement as freedom to pursue passion rather than complete inactivity.