ലക്ഷം കടന്ന് പൊന്ന്, പവന് 1,01,600 രൂപ

കൊച്ചി: പവന് ലക്ഷം രൂപ കടന്ന് സ്വർണവില. 1,01,600 രൂപയാണ് ചൊവ്വാഴ്ച രാവിലെ ഒരു പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,700 രൂപയാണ് വില. അടുത്ത ദിവസങ്ങളിൽ സ്വർണവില ലക്ഷം രൂപയ്ക്കടുത്ത് തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയിലെത്തിയിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
നിലവിലെ വിലക്കുതിപ്പിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്കു മുകളിൽ നൽകണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
സ്വർണ വിലയിൽ ആയിരക്കണക്കിനു രൂപയുടെ വ്യത്യാസം ഒറ്റദിവസം തന്നെയുണ്ടാകുമ്പോൾ വിലക്കയറ്റം മുന്നിൽ കണ്ട് അഡ്വാൻസ് ബുക്കിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്. എന്നാൽ, അഡ്വാൻസ് ബുക്കിങ് വഴി കോടികളുടെ നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്.
അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തേകുന്നത്. കൂടാതെ യുഎസ്-വെനസ്വേല സംഘർഷസാധ്യതയും വിപണിയെ സ്വാധീനിക്കുന്നു.
ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് അന്താരാഷ്ട്ര വില 4,400 ഡോളർ കടന്ന് 4,411 ഡോളർ എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം. 4,421 ഡോളർ വരെ വില ഉയർന്നിരുന്നു. അടുത്ത വർഷം അമേരിക്കയിൽ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. കൂടാതെ, അമേരിക്കയിലെ തൊഴിൽമേഖലയിലെ മാന്ദ്യം വേഗത്തിലാകുന്നതും കേന്ദ്രബാങ്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും സ്വർണ വില ഇനിയും ഉയരാൻ കാരണമാകും.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായുള്ള വിലനിലവാരം പരിശോധിക്കുകയാണെങ്കിൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ സ്വർണ വില വർധിക്കുന്നതാണ് രീതി.
Content Highlights: Gold price in Kochi crosses ₹1 Lakh per Pavan reaching ₹1,01,600. Discover the latest rates, factors driving the surge, and impact on buyers and sellers