കേരളത്തിനായി ഇഎസ്ജി ഗൈഡ് ബുക്ക് പുറത്തിറക്കി ജിയോജിത്

സുസ്ഥിര വികസനവും പരിസ്ഥിതിസൗഹൃദ വ്യവസായരീതികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിയോജിത് കുസാറ്റ് സെന്റർ കേരളത്തിനായി 'ഇഎസ്ജി ഗൈഡ് ബുക്ക്' പ്രസിദ്ധീകരിച്ചു. പ്രമുഖ അന്താരാഷ്ട്ര പ്രസ്ഥാനമായ ഗ്ലോബൽ റിപ്പോർട്ടിങ് ഇനിഷ്യേറ്റീവിന്റെ (ജിആർഐ) പിന്തുണയോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ (ഇഎസ്ജി) കാര്യങ്ങളിൽ കൃത്യമായ മാർഗ്ഗനിർദേശം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻഗണനാക്രമത്തിൽ കണ്ടെത്തിയ 22 പ്രധാന വ്യവസായമേഖലകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
ജിആർഐ, എസ്എഎസ്ബി തുടങ്ങിയ ആഗോള അംഗീകാരമുള്ള മാതൃകകളുമായി താരതമ്യപ്പെടുത്തി, വ്യവസായങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. സുസ്ഥിരതത്ത്വങ്ങൾ പാലിക്കുന്നത് വഴി സംരംഭങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ആഗോളമൂലധനവും സാമ്പത്തികസഹായവും എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മുംബൈയിൽ നടന്ന 'ജിആർഐ ലെഗസി' ചടങ്ങിൽ ജിആർഐ ചീഫ് ഓഫ് സ്റ്റാൻഡേർഡ്സ് ബാസ്റ്റിൻ ബക്ക്, ജിആർഐ സൗത്ത് ഏഷ്യ ഡയറക്ടർ അതിഥി ഹാൾദർ, ജിസിസിഒഎസ്എസ് സിഇഒ ജോസഫ് മാർട്ടിൻ ചാഴൂർ ഫ്രാൻസിസ് എന്നിവർ ചേർന്ന് ഗൈഡ് ബുക്കിന്റെ പ്രകാശനം നിർവ്വഹിച്ചു. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. ജുനൈദ് ബുഷ്രിയും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Geojit CUSAT Centre released the ESG Guidebook for Kerala., Developed with support from Global Reporting Initiative (GRI)., Aims to guide 22 priority industry sectors in Kerala on environmental, social, and governance practices., Helps businesses improve efficiency and attract global capital., Will be available on Amazon and through workshops across the state.