വിദേശത്തെ റിയല്‍ എസ്റ്റേറ്റ് ബൂം: ഇന്ത്യന്‍ കുടുംബങ്ങള്‍ക്കെതിരെ അന്വേഷണം

ദുബായ് | ഫോട്ടോ: എ.പി
ദുബായ് | ഫോട്ടോ: എ.പി

വിദേശ വിനിമയ വ്യവസ്ഥകള്‍ ലംഘിച്ച് ദുബായിയില്‍ വസ്തു വാങ്ങിയവരെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെയന്നാകും പ്രധാനമായും അന്വേഷിക്കുക. ഫെമ ലംഘനത്തിനും നടപടി നേരിടേണ്ടിവന്നേക്കാം. ആദായ നികുതി വകുപ്പില്‍നിന്നും റിസര്‍വ് ബാങ്കില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം. 

റിയല്‍ എസ്റ്റേറ്റ് വിപണി ആകര്‍ഷകമായതിനെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ ദുബായിയില്‍ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഡെവലപ്പര്‍മാരുടെ ഓഫറുകളും കുറഞ്ഞതോതിലുള്ള തിരിച്ചടവുമൊക്കെ വാഗ്ദാനം ചെയ്യുന്നതിനാല്‍ വന്‍തോതില്‍ വസ്തുക്കച്ചവടം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ വിദേശ കറന്‍സി വിനിമയ വവ്യസ്ഥകള്‍ പലരും ലഘിച്ചിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. 

ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് പകരം കയറ്റുമതി വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, പ്രവാസിയായ ബന്ധുവില്‍നിന്ന് സമ്മാനമായി ലഭിച്ച പണം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, ആര്‍ബിഐയുടെ ലിബറലൈഡ്‌സ് റെമിറ്റന്‍സ് സ്‌കീം (എല്‍.ആര്‍.എസ്) വഴി ബാങ്കിങ് സംവിധാനത്തിലൂടെ പണം കൈമാറുന്നതിന് പകരം ഹവാല ഇടപാടുകള്‍ നടത്തുക തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍പ്പെടും. വിദേശത്ത് ആസ്തികള്‍ സ്വന്തമാക്കുന്നതിന് പ്രതിവര്‍ഷം 2,50,000 ഡോളര്‍വരെ നിക്ഷേപിക്കാനാണ് എല്‍ആര്‍എസ് വഴി അനുവാദമുള്ളത്. 

വിദേശ എക്‌സ്‌ചേഞ്ചുകള്‍, ബ്ലോക്ക് ചെയിന്‍ ശൃംഖലകള്‍ എന്നിവ വഴി ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തി ഡെവലപര്‍മാര്‍ക്ക് കൈമാറി സ്വത്ത് സ്വന്തമാക്കിയവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം ഇടപാടുകളുടെ ഹബ്ബായി ദുബായ് മറിക്കഴിഞ്ഞു. സ്വത്തില്‍നിന്ന് വായ്പയെടുത്തോ വാടക വരുമാനത്തില്‍നിന്ന് മുന്‍കൂര്‍ കടമായി വാങ്ങിയോ ഇടപാട് നടത്തിയവരും ഫെമ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കുമെന്നാണ് വിലയിരുത്തല്‍. ദുബായിയിലെ സ്വത്ത് വാങ്ങാന്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും നടപടി നേരിടേണ്ടിവന്നേക്കാം.

Content Highlights: ED investigates Indian nationals for violating foreign exchange rules while buying property in Dubai