കേരളം ആസ്ഥാനമായ മറ്റൊരു ബാങ്കുകൂടി അപ്രത്യക്ഷമാകും?

കൊച്ചി: തൃശ്ശൂർ ആസ്ഥാനമായ സി.എസ്.ബി. ബാങ്കിന്റെ പ്രമോട്ടർമാരായ ഫെയർഫാക്‌സ് എന്ന കനേഡിയൻ കമ്പനി, ഐ.ഡി.ബി.ഐ. ബാങ്കിന്റെ 60.72 ശതമാനം ഓഹരി 53,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇടപാട് യാഥാർഥ്യമായാൽ സി.എസ്.ബി. ബാങ്കിനെ ഐ.ഡി.ബി.ഐ. ബാങ്കിൽ ലയിപ്പിക്കും.

ഐ.ഡി.ബി.ഐ. ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.48 ശതമാനവും പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.ക്ക് 50 ശതമാനത്തിനടുത്തും ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. ഇതിൽ കേന്ദ്രം 30.48 ശതമാനവും എൽ.ഐ.സി. 30.24 ശതമാനവും ഓഹരിയാണ് വിൽക്കുന്നത്. ഇരുകൂട്ടർക്കും ഏതാണ്ട് 26,000 കോടി രൂപ വീതം ലഭിക്കും.

അഞ്ചു വർഷത്തിലേറെയായി ഓഹരി വിൽപ്പനയ്ക്കായി കേന്ദ്രം ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലാണ് ഇടപാടിലേക്ക് നീങ്ങുന്നത്. ഓഹരിയൊന്നിന് 81 രൂപയാണ് ഇപ്പോൾ ഫെയർഫാക്‌സിൽ നിന്ന് ലഭിച്ചിരിക്കുന്ന ഓഫർ. കഴിഞ്ഞവർഷം നടന്ന ബിഡ്ഡിലാകട്ടെ, 75 രൂപയായിരുന്നു വാഗ്ദാനം. അതേസമയം, ബാങ്കിന്റെ ഓഹരിവില ബുധനാഴ്ച 86.30 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. 92,793 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം. 2026 മാർച്ച് 31-ലെ കണക്ക് അനുസരിച്ച് ബാങ്കിന്റെ വായ്പയും നിക്ഷേപവും അടങ്ങുന്ന മൊത്തം ബിസിനസ് ആറുലക്ഷം കോടിരൂപ കടന്നിട്ടുണ്ട്.

ഫെയർഫാക്‌സിന് പുറമേ, എമിറേറ്റ്സ് എൻ.ബി.ഡി.യും ഏറ്റെടുക്കലിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഓഫർ ചെയ്ത തുക കുറവായിരുന്നുവെന്നാണ് സൂചന. അതേസമയം, കേന്ദ്രസർക്കാരിൽനിന്ന് അന്തിമ ഇടപാട് സംബന്ധിച്ച് ഇതുവരെ ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് ഐ.ഡി.ബി.ഐ. ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചു.

എസ്.ബി.ടി.ക്കും ലോർഡ് കൃഷ്ണാ ബാങ്കിനും പിന്നാലെ...

തൃശ്ശൂർ ആസ്ഥാനമായ സി.എസ്.ബി. ബാങ്കിന്റെ (കാത്തലിക് സിറിയൻ ബാങ്ക്) 51 ശതമാനം ഓഹരികൾ 2018-ലാണ് കനേഡിയൻ വ്യവസായിയായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്‌സ് ഹോൾഡിങ്സ് സ്വന്തമാക്കി. അതേ ഫെയർഫാക്‌സ് തന്നെയാണ് ഇപ്പോൾ ഐ.ഡി.ബി.ഐ. ബാങ്കിനായി രംഗത്തുള്ളത്. ഒരേ പ്രമോട്ടറിന് ഒന്നിലേറെ ബാങ്കുകളുടെ നിയന്ത്രണം കൊണ്ടുനടക്കാൻ റിസർവ് ബാങ്കിന്റെ നിയമം അനുവദിക്കുന്നില്ല. അതിനാൽ, ഐ.ഡി.ബി.ഐ. ബാങ്ക്-ഫെയർഫാക്‌സ് ഇടപാട് യാഥാർഥ്യമായാൽ താരതമ്യേന ചെറിയ സി.എസ്.ബി.യെ ഐ.ഡി.ബി.ഐ. ബാങ്കിൽ ലയിപ്പിക്കുമെന്ന് ഉറപ്പാണ്. സി.എസ്.ബി. ബാങ്കിന്റെ വിപണിമൂല്യം 6,346 കോടി രൂപ മാത്രമാണ് നിലവിൽ. മൊത്തം ബിസിനസ് ഒരുലക്ഷം കോടി രൂപയ്ക്കുതാഴെയും. അതായത്, ഐ.ഡി.ബി.ഐ. ബാങ്കിന്റെ ആറിലൊന്ന് പോലുമില്ല സി.എസ്.ബി.യുടെ വലുപ്പം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കേരളം ആസ്ഥാനമായ രണ്ട് ബാങ്കുകളാണ് അപ്രത്യക്ഷമായത്. ലോർഡ് കൃഷ്ണാ ബാങ്കിനെ സെഞ്ചൂറിയൽ ബാങ്ക് ഓഫ് പഞ്ചാബിൽ ലയിപ്പിച്ചിരുന്നു. ഇത് 2008-ൽ എച്ച്.ഡി.എഫ്.സി. ബാങ്കിൽ ലയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) ആയിരുന്നു അപ്രത്യക്ഷമായ മറ്റൊരു കേരള ബാങ്ക്. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ 2017-ൽ എസ്.ബി.ഐ.യിൽ ലയിപ്പിച്ചിരുന്നു

Content Highlights: Fairfax offers ₹53,000 crore for a 60.72% stake in IDBI Bank., Potential merger of CSB Bank into IDBI due to RBI regulations on promoter ownership., IDBI Bank total business crossed ₹6 lakh crore as of March 31, 2026., Historical context of Kerala-based banks like SBT and Lord Krishna Bank disappearing through mergers.