ബോണ്ട് ആദായം കൂടുമോ? തിരക്കിട്ട് പണം സമാഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍

ജിഡിപി കണക്കുകളും ആര്‍ബിഐയുടെ പണ നയ തീരുമാനവും പുറത്തുവരുന്നതിന് മുമ്പായി വിപണിയില്‍നിന്നും വന്‍തോതില്‍ കടമെടുക്കാന്‍ ബാങ്കുകളും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും. പലിശ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്ന ആശങ്കയാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍.
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നബാര്‍ഡ്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയാണ് കടപ്പത്ര വില്പനയുമായി വിപണിയിലെത്തുന്നത്. 30,000 കോടി രൂപയിലേറെ(3.5 ബില്യണ്‍ ഡോളര്‍) സമാഹരിക്കുകയാണ് ലക്ഷ്യം.
ഡിസംബറിലെ പണനയത്തില്‍ ആര്‍ബിഐ നിരക്കില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ കടപ്പത്രങ്ങളുടെ ആദായം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ കണക്കുകൂട്ടുന്നു. അതുവഴിയുണ്ടാകുന്ന വായ്പാ ചെലവ് വര്‍ധന ഒഴിവാക്കാനാണ് തിരക്കിട്ട് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
സമാഹരിക്കുന്ന തുക
- പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍: 24,000 കോടി രൂപ.
ബാങ്കുകള്‍: 7,500 കോടി രൂപ.
താഴെ പറയുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.
ലക്ഷ്യമിടുന്ന തുക (കോടി രൂപയിൽ) | കാലാവധി | |
SIDBI (സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) | 6000 | 3 വർഷവും 2 മാസവും |
നബാർഡ് (NABARD) | 7000 | 3 വർഷവും 3 മാസവും |
PFC (പവർ ഫിനാൻസ് കോർപ്പറേഷൻ) | 3000 | 3 വർഷവും 5 മാസവും |
PFC (പവർ ഫിനാൻസ് കോർപ്പറേഷൻ) | 3000 | 10 വർഷം |
IRFC (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ) | 5000 | 10 വർഷം |
ആക്സിസ് ബാങ്ക് | 5000 | 10 വർഷം |
ബാങ്ക് ഓഫ് ഇന്ത്യ | 2500 | 10 വർഷം |
അതിവേഗ നീക്കം എന്തുകൊണ്ട്?
ജിഡിപി ഡാറ്റ: ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ വെള്ളിയാഴ്ച പുറത്തുവിടും.
പണനയ പ്രഖ്യാപനം: റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനം ഡിസംബര്‍ 5-നാണ് പ്രഖ്യാപിക്കുക. പണനയ തീരുമാനം പലിശനിരക്കിനെ സ്വാധീനിച്ചേക്കാം. ജിഡിപിയിലെ മുന്നേറ്റം പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കും.
പലിശ നിരക്ക് ആശങ്കകള്‍
ഡിസംബറില്‍ ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതാണ് കമ്പനികളെ ധൃതിയില്‍ ബോണ്ട് വില്‍പനയ്ക്ക് പ്രേരിപ്പിക്കുന്നത്.
നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഓവര്‍നൈറ്റ് ഇന്‍ഡെക്‌സ് സ്വാപ്പുകള്‍ (Overnight Index Swaps) പോലുള്ള ഹ്രസ്വകാല നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍.
പലിശനിരക്കില്‍ മാറ്റം വരുത്താതെ യഥാസ്ഥിതി തുടരാനുള്ള തീരുമാനം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ബോണ്ട് യീല്‍ഡുകള്‍ (കടപ്പത്ര ആദായം) ഉയരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ കടമെടുക്കുന്നതിനുള്ള ചെലവ് വര്‍ധിക്കാന്‍ ഇതിടയാക്കും. ഈ സാഹചര്യം ഒഴിവാക്കാനായി കമ്പനികള്‍ നിലവിലെ കുറഞ്ഞ ചെലവില്‍ പണം സമാഹരിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ മുന്‍കൂട്ടി കണ്ട് ബോണ്ട് ഇഷ്യു ചെയ്യുന്ന തന്ത്ര (front-loading) മായാണ് വിദഗ്ധര്‍ കാണുന്നത്.
രാജ്യത്തെ കമ്പനികള്‍ കടപ്പത്രങ്ങള്‍ വഴി 6.87 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ സമാഹരിച്ചത്.
സാങ്കേതിക പദങ്ങള്‍: വിശദമായി അറിയാം
കടപ്പത്രം(Bond)
സര്‍ക്കാരുകളും കമ്പനികളും നിക്ഷേപകരില്‍ നിന്ന് പണം കടമായി സമാഹരിക്കുന്നതിനുള്ള സാമ്പത്തിക ആസ്തി.
ആദായം (Yield)
കടപ്പത്രത്തില്‍ നിന്ന് നിക്ഷേപകന് ലഭിക്കുന്ന ആദായം. ബോണ്ടിന്റെ വിപണി വിലയും യീല്‍ഡും വിപരീത അനുപാതത്തിലാണ്.
ഓവര്‍നൈറ്റ് ഇന്‍ഡെക്‌സ് സ്വാപ്പുകള്‍ (OIS)
ഹ്രസ്വകാല പലിശ നിരക്ക് സംബന്ധിച്ച വിപണിയുടെ പ്രതീക്ഷകള്‍ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക സൂചകം.
ഓപ്പണ്‍ മാര്‍ക്കറ്റ് പര്‍ച്ചേസുകള്‍ (OMP)
പണലഭ്യത വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ബാങ്ക് വിപണിയില്‍ നിന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുന്ന നടപടി.
ജിഡിപി (GDP)
നിശ്ചിത കാലയളവില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അളക്കാനുള്ള പ്രധാന സൂചകമാണ്.
പണനയം (Monetary Policy)
ഒരു രാജ്യത്തെ പണത്തിന്റെ ലഭ്യതയും പലിശനിരക്കുകളും നിയന്ത്രിക്കുന്നതിന് കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍. സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിരക്ക് കുറയ്ക്കല്‍ (Rate Cut)
കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടി. ഇത് സാധാരണയായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു.
പലിശനിരക്ക് (Interest Rate)
പണം കടം വാങ്ങുന്നതിനുള്ള ചെലവ്. കേന്ദ്ര ബാങ്ക് നിശ്ചയിക്കുന്ന അടിസ്ഥാന പലിശനിരക്കുകള്‍ രാജ്യത്തെ വായ്പാ പലിശകളെ സ്വാധീനിക്കുന്നു.
Content Highlights: Financial institutions are rapidly raising funds by issuing bonds before key economic data and RBI policy. Learn why bond yields may increase and the implications for borrowing costs.