പണിമുടക്ക്: ബാങ്കുകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തിക്കില്ല, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് ബാങ്കിങ് സേവനങ്ങൾ അഞ്ച് ദിവസം തടസ്സപ്പെട്ടേക്കാം. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് പണിമുടക്ക്. തൊട്ടുമുമ്പുള്ള വാരാന്ത്യ അവധികൂടി എത്തുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. സമരം പരിഗണിച്ച് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നടപടി സ്വീകരിച്ചതായി ബാങ്കുകൾ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്.
പണിമുടക്ക്
സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെയാണ് പണിമുടക്ക്. തൊട്ടുമുമ്പുള്ള സെപ്റ്റംബർ 26 (നാലാം ശനി), സെപ്റ്റംബർ 27 (ഞായർ) എന്നീ പൊതുഅവധി ദിനങ്ങൾകൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക.
പണിമുടക്കിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ തീയതി നിർണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പുകളെയും വിപണി ക്രമീകരണങ്ങളെയും ബാധിച്ചേക്കാം.
ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉൾപ്പെടെയുള്ളവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ബ്രാഞ്ചുകളിലെ സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഡിജിറ്റൽ, എടിഎം ഇടപാടുകൾ നടത്താമെന്ന് ബാങ്കുകൾ അറിയിച്ചു.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും
- മൊബൈൽ ബാങ്കിങ് ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ. എന്നിവ വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യാം. എടിഎമ്മുകൾ, പണം നിക്ഷേപിക്കാവുന്ന മെഷീനുകൾ എന്നിവ പ്രവർത്തിക്കും.
- സാധാരണ പണമിടപാടുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ആശ്വാസമാകുമെങ്കിലും ബാങ്ക് ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട ഉയർന്ന മൂല്യമുള്ള ആർ.ടി.ജി.എസ്. ഇടപാടുകൾ, വായ്പാ രേഖകളുടെ കൈമാറ്റം, ചെക്ക് ക്ലിയറിങ് തുടങ്ങിയവ തടസ്സപ്പെടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ബ്രാഞ്ചിലെ ഇടപാടുകൾ പൂർത്തിയാക്കുക: വായ്പ സംബന്ധിച്ച കാര്യങ്ങളും ചെക്ക് ക്ലിയറൻസും സെപ്റ്റംബർ 26-ന് മുമ്പ് പൂർത്തിയാക്കുക.
ആവശ്യത്തിന് പണം പിൻവലിക്കുക: പണിമുടക്ക് കാലത്ത് എടിഎമ്മുകളിൽ പണം വേഗത്തിൽ തീരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ തുക മുൻകൂട്ടി പിൻവലിക്കുക.
ആപ്പുകൾ പരിശോധിക്കുക: യു.പി.ഐ., മൊബൈൽ ബാങ്കിങ് ആപ്പുകൾ സജ്ജമാണെന്നും പാസ്‌വേഡുകൾ ഓർമയുണ്ടെന്നും ഉറപ്പുവരുത്തുക
Content Highlights: Nationwide bank strike from September 28 to 30 called by UFBU., Combined with weekend holidays (Sept 26 and 27), banks will be closed for 5 consecutive days., Digital banking, UPI, and ATM services will remain operational., Branch services, cheque clearing, and RTGS will be affected., Customers advised to complete urgent transactions and withdraw cash in advance.