ശമ്പള പരിഷ്‌കരണം: വൻ വർധന പ്രതീക്ഷിച്ച് ജീവനക്കാർ, സർക്കാർ നിലപാട് നിർണായകം

#Money Desk
പ്രതീകാത്മക ചിത്രം | Photo: canva
പ്രതീകാത്മക ചിത്രം | Photo: canva

കേന്ദ്ര സർക്കാർ ജീവനക്കാർ ഇത്തവണ ശമ്പളത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെങ്കിലും മിതമായ പരിഷ്‌കാരമായിരിക്കും വരുത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയി ഉയർത്തണമെന്നും ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നുമുള്ള തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാർ അതേപടി അംഗീകരിച്ചേക്കില്ല. സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാരുകൾക്ക് മേലുണ്ടായേക്കാവുന്ന സമ്മർദവും കണക്കിലെടുത്ത് മിതമായ ഫോർമുലയാകും സ്വീകരിക്കുക.

പരിഗണനാ വിഷയങ്ങൾ

എട്ടാം ശമ്പള കമ്മീഷന് തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച നിർദേശങ്ങൾ താഴെ പറയുന്നവയാണ്:

ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയി ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വാങ്ങൽ ശേഷിയിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ ഇത്തരത്തിലുള്ള വർധന അനിവാര്യമാണെന്ന് യൂണിയനുകൾ വാദിക്കുന്നു. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോട് ലയിപ്പിക്കുക എന്ന നിർദേശവും ചർച്ചകളിലുണ്ട്.

ഫിറ്റ്‌മെന്റ് ഫാക്ടർ

ശമ്പള പരിഷ്‌കരണത്തിലെ നിർണായകമായ ഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ അടിസ്ഥാന ശമ്പളത്തെ (അല്ലെങ്കിൽ പെൻഷൻ) പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഫോർമുലയാണിത്. നിലവിലെ അടിസ്ഥാന ശമ്പളം x ഫിറ്റ്‌മെന്റ് ഫാക്ടർ = പുതിയ അടിസ്ഥാന ശമ്പളം എന്ന രീതിയിലാണ് കണക്കാക്കുക. ഏഴാം ശമ്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് നടപ്പിലാക്കിയത്. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിച്ചു.

എന്തുകൊണ്ട് കാര്യമായ വർധനവില്ല?

സാമ്പത്തിക ബാധ്യത: വലിയ തോതിലുള്ള ശമ്പള വർധന കേന്ദ്ര ഖജനാവിന് കനത്ത സാമ്പത്തിക ബാധ്യയുണ്ടാക്കും.

  • കേന്ദ്രം ശമ്പളം കുത്തനെ വർധിപ്പിച്ചാൽ സംസ്ഥാന സർക്കാരുകൾക്കും സമാനമായ രീതിയിൽ ശമ്പള പരിഷ്‌കരണം നടത്തേണ്ടി വരും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാൻ ഇത് ഇടയാക്കും.
  • ദീർഘകാലാടിസ്ഥാനത്തിൽ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിലുണ്ടായേക്കാവുന്ന വൻവർധനവും സർക്കാർ പരിഗണിക്കുന്നു.
  • പണപ്പെരുപ്പത്തിന്റെ സമ്മർദങ്ങൾക്കിടയിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനായി സന്തുലിതമായ ഫോർമുല കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം.

മുൻകാലങ്ങളിലേതുപോലുള്ള വർധന എട്ടാം ശമ്പള പരിഷ്‌കരണത്തിൽ സർക്കാർ സ്വീകരിക്കില്ലെന്ന് ഉറപ്പായി. ഫിറ്റ്‌മെന്റ് ഫാക്ടർ സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന അന്തിമ തീരുമാനമാകും ജീവനക്കാരുടെ ശമ്പള വർധനവ് എത്രയെന്ന് നിശ്ചിയിക്കുക. പണപ്പെരുപ്പവും സർക്കാരിന്റെ സാമ്പത്തിക ശേഷിയും തമ്മിൽ പൊരുത്തപ്പെടുന്ന രീതിയിലുള്ള പരിഷ്‌കരണത്തിനാണ് സാധ്യത.

Content Highlights: Expectations of a major salary hike vs. government preference for a moderate formula., Union demands include a 3.83 fitment factor and DA merger with basic pay., Fiscal discipline and pressure on state governments are key constraints for the center., The 2026 revision will focus on balancing inflation impact with budgetary limitations.