എട്ടാം ശമ്പള കമ്മീഷൻ: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ എത്ര വർധനവുണ്ടാകും?

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്‌കരിണത്തിന് രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷൻ അടുത്ത വർഷം പകുതിയോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും. റിട്ടയേഡ് ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷയായ സമിതിയാണ് നിർദേശങ്ങൾ തയ്യാറാക്കുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ ആണ് പുതിയ ശമ്പള ഘടനയിലെ നിർണായക ഘടകം. ഇത് 1.83 മുതൽ 2.57 വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതുപ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം 7,440 രൂപയിൽനിന്ന് 18,000 രൂപയായി വർധിച്ചു. അടുത്തവർഷം ഒക്ടോബറിലെ ദീപാവലി ഉത്സവ സീസണിൽ പരിഷ്‌കരിച്ച ശമ്പളം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം അടിസ്ഥാന ശമ്പളത്തിലുണ്ടാകുന്ന മാറ്റം താഴെ പറയും പ്രകാരമായിരിക്കും.
2.86 ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരമുള്ള വർധനവ്
നിലവിലെ അടിസ്ഥാന ശമ്പളം (7th CPC) | പ്രതീക്ഷിക്കുന്ന അടിസ്ഥാന ശമ്പളം (8th CPC) | ഏകദേശ വർധന | |
|---|---|---|---|
ലെവൽ 1 (അറ്റൻഡന്റ്‌സ്) | ₹18,000 | ₹51,480 | ₹33,480 |
ലെവൽ 2 (LDC) | ₹19,900 | ₹56,914 | ₹37,014 |
ലെവൽ 3 (കോൺസ്റ്റബിൾസ്) | ₹21,700 | ₹62,062 | ₹40,362 |
ലെവൽ 4 (ജൂനിയർ ക്ലർക്ക്) | ₹25,500 | ₹72,930 | ₹47,430 |
ലെവൽ 5 (സീനിയർ ക്ലർക്ക്) | ₹29,200 | ₹83,512 | ₹54,312 |
ലെവൽ 6 (ഇൻസ്‌പെക്ടർമാർ) | ₹35,400 | ₹1,01,244 | ₹65,844 |
ലെവൽ 7 (സൂപ്രണ്ടുമാർ) | ₹44,900 | ₹1,28,414 | ₹83,514 |
ലെവൽ 10 (ഗ്രൂപ്പ് A ഓഫീസർമാർ) | ₹56,100 | ₹1,60,446 | ₹1,04,346 |
1.70 ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരമുള്ള പരിഷ്‌കരണം
7th CPC അടിസ്ഥാന ശമ്പളം (Rs) | 8th CPC അടിസ്ഥാന ശമ്പളം (Rs) | |
|---|---|---|
ലെവൽ 1 | 18,000 | 30,600 |
ലെവൽ 2 | 19,900 | 33,830 |
ലെവൽ 3 | 21,700 | 36,890 |
ലെവൽ 6 | 35,400 | 60,000 |
ഫിറ്റ്മെന്റ് ഫാക്ടർ എല്ലാ ജീവനക്കാർക്കും ഒരേപോലെയായിരിക്കുമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ട്.
ഏകീകൃത രീതി: ഇതുപ്രകാരം എല്ലാ തട്ടിലുമുള്ള ജീവനക്കരെയും ഒരേരീതിയിൽ പരിഗണിക്കുന്നു(ഉദാഹരണത്തിന് എല്ലാവർക്കും 2.15). ഇതുപ്രകാരം എല്ലാവർക്കും സമാനമായ ആനുകൂല്യം ഉറപ്പാക്കുന്നു. എന്നാൽ കൂടുതൽ ശമ്പളമുള്ളവർക്ക് കൂടുതൽ നേട്ടസാധ്യതയുണ്ട്.
വ്യത്യസ്ത രീതി പ്രകാരം വിവിധ ശമ്പള തട്ടുകൾക്കായി വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടറുകൾ നൽകുകയാണ് ചെയ്യുന്നത്. താഴേത്തട്ടിലുള്ള ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുകയും ഉയർന്ന ഉദ്യോഗസ്ഥരും താഴേത്തട്ടിലുള്ളവരും തമ്മിലുള്ള ശമ്പള വ്യത്യാസം കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുപ്രകാരം താഴ്ന്ന തട്ടിലുള്ളവർക്ക് ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടറും (കൂടുതൽ ആശ്വാസം നൽകാൻ) ഇടത്തരം വിഭാഗക്കാർക്ക് മിതമായ ഫിറ്റ്മെന്റ് ഫാക്ടറും അനുവദിച്ചേക്കും. ഉയർന്ന സ്‌കെയിലിലുള്ളവർക്ക് കുറഞ്ഞ ഫിറ്റ്മെന്റ് ഫാക്ട(ചെലവു നിയന്ത്രിക്കാൻ)റാകും പരിഗണിക്കുക.
പെൻഷൻകാർ
കുറഞ്ഞ പെൻഷനായ 9,000 രൂപയോടൊപ്പം ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയാൽ 23,130 രൂപയായി വർധിക്കും. 2.86 ആണെങ്കിൽ 25,740 രൂപയാകും. 22,450 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവർക്ക് 2.86 ഫിറ്റ്മെന്റ് ഫാക്ടറിൽ 64,207 രൂപ വരെ ലഭിച്ചേക്കാം.
61,550 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്ന സീനിയർ ഓഫീസർ തലത്തിലുള്ളവർക്ക് 2.86 ഫിറ്റ്മെന്റ് ഫാക്ടറിൽ 1,76,033 രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
Content Highlights: Discover potential salary increases for central government employees and pensioners with the 8th Pay Commission. Learn about the new fitment factor and its impact.