തിരിച്ചടി നേരിട്ട് ഓഹരി മ്യൂച്വൽ ഫണ്ടുകൾ; വിവിധ വിഭാഗങ്ങൾ നൽകിയ ആദായം പരിശോധിക്കാം

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്ക് സെപ്റ്റംബർ കനത്ത തിരിച്ചടിയാണ് നൽകിയത്. മിഡ് ക്യാപ്, സ്മോൾ ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങി നാലു പ്രധാന വിഭാഗങ്ങളിലും തകർച്ച രേഖപ്പെടുത്തി. ഹ്രസ്വകാല തിരുത്തലുകൾക്കപ്പുറം 3, 5, 10 വർഷത്തെ ദീർഘകാല പ്രകടനം പരിശോധിക്കുമ്പോൾ വേറിട്ടൊരു ചിത്രമാണ് വ്യക്തമാകുക.
പ്രകടനം ഇപ്രകാരം
മിഡ് ക്യാപ്: ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് മിഡ്-ക്യാപ് ബെഞ്ച്മാർക്കിനാണ് (നിഫ്റ്റി മിഡ്ക്യാപ് 150). സൂചിക 7.1 ശതമാനം ഇടിഞ്ഞു. മിഡ്-ക്യാപ് ഫണ്ട് വിഭാഗത്തിന്റെ ശരാശരി ഇടിവ് 6.72 ശതമാനമായിരുന്നു.
ലാർജ് ക്യാപ്: നിഫ്റ്റി 100 ബെഞ്ച്മാർക്ക് 5.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, ലാർജ്-ക്യാപ് ഫണ്ട് വിഭാഗത്തിന്റെ ശരാശരി ഇടിവ് 5.83 ശതമാനമായിരുന്നു.
ഫ്ലെക്സി ക്യാപ്: നിഫ്റ്റി 500 ബെഞ്ച്മാർക്ക് 5.8 ശതമാനം താഴ്ന്നു. ഫ്ലെക്സി ക്യാപ് ഫണ്ട് വിഭാഗത്തിന്റെ ശരാശരി ഇടിവ് 5.23 ശതമാനമായിരുന്നു.
സ്മോൾ ക്യാപ്: മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സ്മോൾ ക്യാപ് വിഭാഗം കൂടുതൽ പ്രതിരോധശേഷി കാണിച്ചു. നിഫ്റ്റി സ്മോൾക്യാപ് 250 ബെഞ്ച്മാർക്ക് 3.1 ശതമാനം മാത്രം ഇടിഞ്ഞപ്പോൾ, സ്മോൾ ക്യാപ് ഫണ്ട് വിഭാഗത്തിന്റെ ശരാശരി ഇടിവ് 2.71 ശതമാനമായിരുന്നു.
എല്ലാ വിഭാഗങ്ങളിലും മ്യൂച്വൽ ഫണ്ടുകളുടെ ശരാശരി ഇടിവ് അവയുടെ അടിസ്ഥാന സൂചിക (ബെഞ്ച്മാർക്ക്)യിലെ ഇടിവിനേക്കാൾ കുറവായിരുന്നു എന്നത് ശ്രദ്ധേയമാണ്.
വിഭാഗം | ബെഞ്ച്മാർക്ക് സൂചിക | 1 മാസം (സെപ്റ്റംബർ 2026) | 3 വർഷം* | 5 വർഷം* | 10 വർഷം* |
|---|---|---|---|---|---|
ലാർജ് ക്യാപ് | നിഫ്റ്റി 100 | -5.9% | 7.8% | 7.1% | 11.7% |
മിഡ് ക്യാപ് | നിഫ്റ്റി മിഡ്‌ക്യാപ് 150 | -7.1% | 13.7% | 14.8% | 16.6% |
സ്മോൾ ക്യാപ് | നിഫ്റ്റി സ്മോൾക്യാപ് 250 | -3.1% | 14.0% | 14.5% | 14.6% |
ഫ്ലെക്സി ക്യാപ് | നിഫ്റ്റി 500 | -5.8% | 9.5% | 9.0% | 12.8% |
*സി.എ.ജി.ആർ
ദീർഘകാല റിട്ടേൺ
ദീർഘകാലയളവിലെ നേട്ടക്കണക്കുകൾ നോക്കുമ്പോൾ ഹ്രസ്വകാല ഇടിവുകളിൽനിന്നു വ്യത്യസ്തമായി മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങൾ ശക്തമായ വളർച്ച കൈവരിച്ചതായി കാണാം.
മൂന്നുവർഷത്തെ പ്രകടനം:
സ്മോൾ ക്യാപ്: 14 ശതമാനം വാർഷിക റിട്ടേണോടെ സ്മോൾ-ക്യാപ് ബെഞ്ച്മാർക്ക് ഒന്നാമതെത്തി.
മിഡ് ക്യാപ്: 13.7 ശതമാനം നേട്ടത്തോടെ തൊട്ടുപിന്നിൽ നിന്നു.
ഫ്ലെക്സി ക്യാപ്: 9.5 ശതമാനം റിട്ടേൺ നൽകി.
ലാർജ് ക്യാപ്: 7.8 ശതമാനം റിട്ടേണുമായി ഏറ്റവും പിന്നിലായി.
അഞ്ചുവർഷത്തെ പ്രകടനം:
മിഡ് ക്യാപ്: 14.8 ശതമാനം റിട്ടേണോടെ മുന്നിലെത്തി.
സ്മോൾ ക്യാപ്: 14.5 ശതമാനം റിട്ടേണുമായി രണ്ടാം സ്ഥാനത്ത്.
ഫ്ലെക്സി ക്യാപ്: 9 ശതമാനം റിട്ടേൺ രേഖപ്പെടുത്തി.
ലാർജ് ക്യാപ്: 7.1 ശതമാനം റിട്ടേണുമായി പിന്നിലായി.
10 വർഷത്തെ പ്രകടനം:
മിഡ് ക്യാപ്: ദീർഘകാലയളവിൽ വാർഷിക അടിസ്ഥാനത്തിൽ 16.6 ശതമാനം റിട്ടേൺ നൽകി മിഡ് ക്യാപ് വിഭാഗം ആധിപത്യം നിലനിർത്തി.
സ്മോൾ ക്യാപ്: 14.6 ശതമാനം വാർഷിക റിട്ടേൺ നൽകി.
ഫ്ലെക്സി ക്യാപ്: 12.8 ശതമാനം റിട്ടേൺ നേടി.
ലാർജ് ക്യാപ്: 11.7 ശതമാനം റിട്ടേൺ രേഖപ്പെടുത്തി.
അടിസ്ഥാന സൂചികകൾ
ലാർജ് ക്യാപ്: നിഫ്റ്റി 100 ടി.ആർ.ഐ (Nifty 100 TRI)
മിഡ് ക്യാപ്: നിഫ്റ്റി മിഡ്ക്യാപ് 150 ടി.ആർ.ഐ (Nifty Midcap 150 TRI)
സ്മോൾ ക്യാപ്: നിഫ്റ്റി സ്മോൾക്യാപ് 250 ടി.ആർ.ഐ (Nifty Smallcap 250 TRI)
ഫ്ലെക്സി ക്യാപ്: നിഫ്റ്റി 500 ടി.ആർ.ഐ (Nifty 500 TRI)
(ടി.ആർ.ഐ -ടോട്ടൽ റിട്ടേൺസ് ഇൻഡക്സ് -എന്നത് ഓഹരി വിലയിലെ മാറ്റങ്ങളും ലഭിക്കുന്ന ഡിവിഡന്റുകളും ഉൾപ്പെടുത്തിയുള്ള കണക്കാണ്).
വിലയിരുത്താം ഇക്കാര്യങ്ങൾ
മിഡ് ക്യാപ് ആധിപത്യം: അഞ്ചുവർഷത്തെയും 10 വർഷത്തെയും നിക്ഷേപ കാലയളവിൽ ഏറ്റവും ഉയർന്ന റിട്ടേൺ നൽകിയത് മിഡ്-ക്യാപ് വിഭാഗമാണ്.
സ്മോൾ ക്യാപ് കരുത്ത്: മൂന്നുവർഷ കാലയളവിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് സ്മോൾ-ക്യാപാണ്. കൂടാതെ, 2026 സെപ്റ്റംബറിലെ ഇടിവിൽ ഏറ്റവും കുറഞ്ഞ ആഘാതം നേരിട്ടതും ഈ വിഭാഗമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ദീർഘകാലയളവിലെ നേട്ടമാണ് ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടത്. ഹ്രസ്വകാലയളവിൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് റിട്ടേണിൽ കാര്യമായ വ്യതിയാനം ഉണ്ടാകാം.
ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള ശേഷിയും അനുസരിച്ചുവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ദീർഘകാലയളവിൽ സ്ഥിരതയാർന്ന നേട്ടം നൽകിയവയായിരിക്കണം. കാറ്റഗറിയിലെ ശരാശരി ആദായവും അടിസ്ഥാന സൂചികയേക്കാൾ റിട്ടേണും നൽകിയ ഫണ്ടുകൾ പരിഗണിക്കാം. കഴിഞ്ഞകാലത്തെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
Content Highlights: Equity mutual funds faced a significant downturn in September across mid-cap, small-cap, flexi-cap, and large-cap categories., Small-cap funds showed high resilience with the lowest drop of 2.71% during the September correction., Long-term performance (3, 5, and 10-year CAGR) reveals strong growth for mid-cap and small-cap mutual funds., Mid-cap funds delivered the highest returns over 5-year and 10-year investment horizons., Investors should focus on long-term goals and risk tolerance rather than short-term market volatility.