മൊത്തവില പണപ്പെരുപ്പത്തിൽ കുതിപ്പ്: ഏപ്രിലിൽ 8.3 ശതമാനമായി

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പണപ്പെരുപ്പത്തെ ബാധിച്ചുതുടങ്ങി. ഏപ്രിലിലെ മൊത്ത വില പണപ്പെരുപ്പം മൂന്നര വർഷത്തെ ഉയർന്ന നിരക്കായ 8.3 ശതമാനത്തിലെത്തി. ക്രൂഡ് ഓയിൽ വില വർധനവും ഇന്ധന പ്രതിസന്ധിയുമാണ് പ്രധാന കാരണം. മാർച്ചിൽ 3.88 ശതമാനമായിരുന്ന പണപ്പെരുപ്പമാണ് ഒറ്റമാസംകൊണ്ട് ഇരട്ടിയിലേറെ കൂടിയത്.
ഇന്ധനം, വൈദ്യുതി, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ വർധനവ് കമ്പനികളുടെ പ്രവർത്തന ചെലവുകളെ ബാധിച്ചുതുടങ്ങി. ഭക്ഷ്യ പണപ്പെരുപ്പം താരതമ്യേന കുറവാണെങ്കിലും ആഗോള സാഹചര്യങ്ങൾ സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇന്ധന-ഊർജ മേഖലയിലെ ആഘാതം
പണപ്പെരുപ്പം കുതിച്ചുയരാൻ പ്രധാന കാരണം ഇന്ധന വിലയിലുണ്ടായ വൻ വർധനവാണ്.
ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നീ വിഭാഗത്തിൽ 67.18% വർധനവാണ് രേഖപ്പെടുത്തിയത്.
പെട്രോൾ, ഡീസൽ: പെട്രോൾ വിലയിൽ 32.40 ശതമാനവും ഹൈ-സ്പീഡ് ഡീസൽ വിലയിൽ 25.19 ശതമാനവും വർധനവുണ്ടായി.
എൽപിജി: മാർച്ചിൽ കുറവ് രേഖപ്പെടുത്തിയിരുന്ന എൽപിജി വില ഏപ്രിലിൽ 10.92 ശതമാനമായി ഉയർന്നു.
വാണിജ്യ സിലിണ്ടറുകൾ: വീടുകളിലെ പാചകവാതക വിലയിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി.
ഉത്പാദന മേഖല
ഇന്ധനവില വർധന ഫാക്ടറികളിലെ ഉത്പാദന ചിലവിനെ ബാധിച്ചു. വൈകാതെ ഉപഭോക്താക്കളിലേക്കും അധികച്ചെലവ് കൈമാറും.
കെമിക്കൽസ് (5.09%), ടെക്സ്റ്റൈൽസ്, മെഷിനറി, ബേസിക് മെറ്റൽസ് (7%) എന്നിവയുടെ വിലയിൽ കാര്യമായ വർധനവുണ്ടായി.
ഭക്ഷ്യ വസ്തുക്കൾ
മറ്റു മേഖലകളെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില വർധന താരതമ്യേന കുറവാണ്. ഉള്ളി (26.45%), പരിപ്പുവർഗ്ഗങ്ങൾ (4.03%) എന്നിവയുടെ വിലയിൽ കുറവുണ്ടായി. എങ്കിലും പഴങ്ങൾ, മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലയിൽ വർധന പ്രകടമാണ്.
Content Highlights: Wholesale inflation climbed to 8.3% in April, a 3.5-year high., Rising crude oil and fuel prices are the primary catalysts., Manufacturing costs have spiked due to energy and raw material inflation., Commercial LPG and transportation fuel costs saw significant double-digit increases., Food inflation remains relatively stable compared to industrial commodities.