ഇന്ത്യ-ഇ.യു വ്യാപാര കരാർ: വിദ്യാർഥികൾക്കും ജോലിക്കാർക്കും വൻ സാധ്യത

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർഥ്യമായതോടെ പഠനത്തിനും തൊഴിലിനും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പോകുന്നത് എളുപ്പമാകും. വിദ്യാഭ്യാസത്തിനുള്ള നിയന്ത്രണങ്ങൾ കുറയ്ക്കുക, തൊഴിൽ വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ഇന്ത്യയുടെ വൈദഗ്ധ്യവും യൂറോപ്പിന്റെ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഉത്പാദനമേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയ്ക്ക് കരാറിൽ പ്രാധാന്യം നൽകുന്നുണ്ട്. യുഎസിലെയും യുകെയിലും വിസ നിയന്ത്രണം കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് യൂറോപ്പ് ഇതോടെ ബദലായി മാറും.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ നീക്കാൻ കരാർ ലക്ഷ്യമിടുന്നു.
നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം: യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിധിയോ നിയന്ത്രണമോ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏകദേശം 1,21,000 ഇന്ത്യൻ വിദ്യാർത്ഥികൾ യൂറോപ്യൻ യൂണിയനിൽ പഠിക്കുന്നുണ്ട്.
ഇ.യു ലീഗൽ ഗേറ്റ്വേ ഓഫീസ്: ഇന്ത്യയിൽ ഒരു 'വൺ-സ്റ്റോപ്പ് ഹബ്' ആയി പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയൻ ലീഗൽ ഗേറ്റ്വേ ഓഫീസ് ആരംഭിക്കും. ഇന്ത്യൻ പ്രതിഭകൾക്ക് യൂറോപ്പിലേക്ക് പോകുന്നതിന് ആവശ്യമായ പിന്തുണ ഈ ഓഫീസ് വഴി ലഭിക്കും.
വിദേശ ക്യാമ്പസ്: യൂറോപ്യൻ സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ ക്ഷണിക്കുന്നതിനൊപ്പം സംയുക്ത ബിരുദം (Joint degree) നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
സാമ്പത്തിക ലാഭം: അമേരിക്കയെയും യുകെയെയും അപേക്ഷിച്ച് യൂറോപ്പിൽ പഠനച്ചെലവ് കുറവാണ്. അമേരിക്കയിൽ വർഷം 60-65 ലക്ഷം രൂപ ചെലവ് വരുമ്പോൾ, ജർമ്മനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ 35-40 ലക്ഷം രൂപ മാത്രം മതിയാകും.
പ്രൊഫഷണലുകൾക്ക് ആനുകൂല്യങ്ങൾ
ഐടി, ആർ&ഡി (R&D) | പ്രൊഫഷണലുകൾക്ക് യൂറോപ്യൻ ക്ലയന്റുകളുമായി നേരിട്ട് പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. |
സേവന മേഖല | ബിസിനസ്, പ്രൊഫഷണൽ സേവനങ്ങളുൾപ്പെടെ 37 ഉപ വിഭാഗങ്ങളിൽ ഇന്ത്യക്ക് പ്രവേശനം ലഭിക്കും. |
കുടുംബ വിസ | യൂറോപ്യൻ യൂണിയനിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ കോർപ്പറേറ്റുകളിലെ ജീവനക്കാർക്കും പങ്കാളികൾക്കും ആശ്രിതർക്കും വിസ നടപടികൾ എളുപ്പമാക്കും. |
പഠനാനന്തര തൊഴിൽ വിസ | പഠനത്തിന് ശേഷം അവിടെത്തന്നെ ജോലി ചെയ്യാനുള്ളസാഹചര്യം ഒരുക്കും. വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. |
സാമ്പത്തിക സഹകരണം
യൂറോപ്പിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ മനുഷ്യവിഭവശേഷിയും സമന്വയിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
സഹ-നിർമാണം: യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കാനും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിപണികൾ പിടിക്കാനും സാധിക്കും.
തൊഴിൽ അവസരങ്ങൾ: ടെക്‌സ്‌റ്റൈൽസ്, ലെതർ, പാദരക്ഷ, സ്‌പോർട്‌സ് ഗുഡ്‌സ്, രത്‌നം, ആഭരണം തുടങ്ങിയ മേഖലകളിൽ താരിഫ് ഇല്ലാതാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിക്കും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും.
വിസ നടപടികൾ: ഒരു വർഷം വരെയുള്ള പഠന വിസകളും റെസിഡൻസ് പെർമിറ്റുകളും എളുപ്പത്തിൽ ലഭിക്കും. എന്നാൽ ദീർഘകാല വിസകൾ അതത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് വിധേയമായിരിക്കും.
സാമൂഹിക സുരക്ഷാ കരാറുകൾ: അഞ്ച് വർഷത്തിനുള്ളിൽ എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായും സാമൂഹിക സുരക്ഷാ കരാറുകൾ പ്രാബല്യത്തിൽ വരുത്താൻ ഇന്ത്യയും ഇയുവും ധാരണയിലെത്തിയിട്ടുണ്ട്.
സുരക്ഷിതമായ കുടിയേറ്റം: സുരക്ഷിതവും ക്രമവുമായ കുടിയേറ്റം ഉറപ്പാക്കാനും വൈദഗ്ധ്യ വികസനത്തിന് പിന്തുണ നൽകാനും ഈ ധാരണാപത്രം സഹായിക്കും.
അമേരിക്കൻ നിയന്ത്രണങ്ങളും യൂറോപ്പിന്റെ നിലപാടും
അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ കരാർ പ്രാധാന്യമർഹിക്കുന്നു.
യുഎസ് നയങ്ങളോടുള്ള പ്രതികരണം: ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിസ നിയമങ്ങൾ കർശനമാക്കിയത് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും തിരിച്ചടിയായിരുന്നു. ഇതിന് വിപരീതമായി ഇന്ത്യക്കാർക്കായി വാതിലുകൾ തുറന്നിടാനാണ് യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നത്.
വിദ്യാർത്ഥികളുടെ നീക്കം: പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന 70% വിദ്യാർത്ഥികളും ഇപ്പോൾ അമേരിക്കയ്ക്ക് പകരമായി യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്.
'യൂറോപ്പിലെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവും പ്രതിഭയും പങ്കാളികളായി ഒത്തുചേരുന്നത് യൂറോപ്യൻ കമ്പനികൾക്ക് വളർച്ച കൈവരിക്കാനും ഇന്ത്യയിലും യൂറോപ്പിലും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. വിദ്യാർത്ഥികൾ, ഗവേഷകർ, തൊഴിലാളികൾ എന്നിവരുടെ നീക്കം സുഗമമാക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അനുകൂല നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.
Content Highlights: Unlock new study and work opportunities in Europe with the India-EU trade agreement. Easier visas, reduced education costs, and enhanced career prospects await.