വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 100 ഡോളർ കടന്നു

മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്രവിപണിയിൽ എണ്ണവില വീണ്ടും കുതിക്കുന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീണ്ടും 100 ഡോളർ കടന്നു. വ്യാഴാഴ്ച ബാരലിന് 100.36 ഡോളറിലാണ് വ്യാപാരം നടന്നത്.
സൗദി അറേബ്യയുടെ എണ്ണടാങ്കറുകൾക്കുനേരേ ചെങ്കടലിൽ ഹൂതികൾ ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകളാണ് വ്യാഴാഴ്ച എണ്ണവിപണിയിൽ സമ്മർദം കൂട്ടിയത്. സൗദിയിൽനിന്നുള്ള എണ്ണ നീക്കത്തിൽ ചെങ്കടൽ നിർണായകമാണെന്നതിനാൽ ഇവിടെയുണ്ടാകുന്ന ആക്രമണം ആഗോള എണ്ണനീക്കത്തിൽ വലിയ വെല്ലുവിളിയായി മാറും. രണ്ടു കപ്പലുകൾക്കു നേരേയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതിലൊന്ന് ഇന്ത്യയിലേക്കും ഒന്ന് ചൈനയിലേക്കുമുള്ളതായിരുന്നെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾ യാത്ര ഉപേക്ഷിച്ച് പിന്തിരിഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി.
റഷ്യൻ എണ്ണയുടെ ഇളവും നിലയ്ക്കുന്നു
ഇന്ത്യക്ക് കുറഞ്ഞവിലയിൽ റഷ്യൻ എണ്ണ ലഭിക്കുന്നതു നിലയ്ക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യക്കാർ കൂടിയതോടെ ഇന്ത്യക്കുള്ള ഇളവുകൾ വ്യാപാരക്കമ്പനികൾ ഒഴിവാക്കുകയാണ്. ബി.പി.സി.എലിന് ഓഗസ്റ്റിലേക്കുള്ള എണ്ണയുടെ ലഭ്യത ഉറപ്പായിട്ടുണ്ട്. അതേസമയം, സെപ്റ്റംബറിലേക്ക് എണ്ണയ്ക്കായി വഴി തേടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബറിലേക്കായി റഷ്യൻ എണ്ണ വാഗ്ദാനവുമായി കമ്പനികളുണ്ടെങ്കിലും ഇളവുകളൊന്നുമില്ലെന്ന് ബി.പി.സി.എൽ. അധികൃതർ പറയുന്നു.
Content Highlights: Brent crude nears $100 per barrel due to Middle East instability., Houthi attacks on oil tankers in the Red Sea disrupt global supply chains., Crude oil prices rose 20% in two weeks amid US-Iran tensions., India faces an end to discounted Russian oil supplies for September.