വി.പി.എസ്.വി. ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന്‍ അന്തരിച്ചു

ഡോ. സി.വി. ജയദേവന്‍
ഡോ. സി.വി. ജയദേവന്‍

കോട്ടയ്ക്കല്‍: വി.പി.എസ്.വി. ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന്‍ (60) ബെംഗളൂരുവില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. ആയുര്‍വേദ അധ്യാപകന്‍, ചികിത്സകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളേജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 2018-ല്‍ ആണ് പ്രിന്‍സിപ്പലായത്. 

കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സൊസൈറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ അധികച്ചുമതലയും കുറച്ചുനാള്‍ വഹിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍ ആയുര്‍വേദ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി ഓഫ് ആയുര്‍വേദ എന്നിവയില്‍ അംഗമായും ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 

ജംനഗര്‍ ഐ.ടി.ആര്‍.എ.യുടെ ഗവേണിങ് ബോഡി, സയന്റിഫിക് ഉപദേശക സമിതി, ജയ്പൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ എത്തിക്‌സ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത് കോട്ടയ്ക്കല്‍ യൂണിറ്റ് പ്രസിഡന്റ്, എ.കെ.പി.സി.ടി.എ. സംസ്ഥാന കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ഫാക്ടറി മുന്‍ മാനേജര്‍ കെ.വി. രുദ്രവാരിയരുടെയും രാധ വാരസ്യാരുടെയും മകനാണ്. ഭാര്യ: ഡോ. പി.എസ്. സിന്ധുലത (മെഡിക്കല്‍ ഓഫിസര്‍, ആയുഷ് വകുപ്പ്). പിന്നണി ഗായികയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയുമായ പാര്‍വതി, ബെംഗളൂരുവില്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിനിയായ പവിത്ര എന്നിവര്‍ മക്കളാണ്. മരുമകന്‍: അര്‍ജുന്‍. 

Content Highlights: vpsv ayurveda college former principal dr cv jayadevan passed away