സംസ്ഥാന ഭിന്നശേഷി അവാർഡ്: സന്തോഷം പങ്കിട്ട് വേങ്ങര പഞ്ചായത്ത് ഭരണസമിതി

വേങ്ങര: സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് നേടിയ വേങ്ങര പഞ്ചായത്ത് ഭരണസമിതി വേങ്ങര അലിവ് എബിലിറ്റി പാർക്കിലെ വിദ്യാർഥികൾക്കൊപ്പം മധുരം പങ്കിട്ട് നേട്ടം ആഘോഷിച്ചു.
ഭിന്നശേഷി ക്ഷേമത്തിനായി പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പദ്ധതികളാണ് ഈ പുരസ്കാരത്തിന് പഞ്ചായത്തിനെ അർഹമാക്കിയത്. ഭിന്നശേഷിക്കാർക്കായി ക്ഷേമ കോൾ സെന്റർ, എം-സഹജീവനം ഭിന്നശേഷി സമഗ്ര സർവേ, സംസ്ഥാനത്ത് ആദ്യമായി കാഴ്ചപരിമിതിയുള്ളവർക്കായി വോളിബോൾ മത്സരം, പഞ്ചായത്തിൽ സേവനങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാർക്ക് സൗജന്യ ചായ നൽകുന്ന 'സ്നേഹച്ചായ' പദ്ധതി, വീടുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന കുടുംബങ്ങൾക്ക് സമ്മാനം നൽകുന്ന പദ്ധതി, കാഴ്ചപരിമിതിയുള്ളവരുടെ ലോകം പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുന്ന ഡാർക്ക് റൂം എന്നീ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെയാണ് വേങ്ങര അവാർഡ് കരസ്ഥമാക്കിയത്. ഇതിനുപുറമെ, പഞ്ചായത്തിലെ ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ആരാധനാലയങ്ങൾക്ക് കത്തുകൾ നൽകുകയും ഭിന്നശേഷിക്കാർക്ക് പി.എസ്.സി. പരിശീലനം, വിനോദയാത്ര, കലോത്സവം, കാഴ്ചപരിമിതിയുള്ളവർക്ക് മൊബൈൽ ഫോൺ വിതരണം തുടങ്ങി വിവിധ ക്ഷേമപ്രവർത്തനങ്ങളും പഞ്ചായത്ത് നടപ്പാക്കിവരുന്നു.
മധുരം പങ്കിടൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൾനാസർ, ജില്ലാപഞ്ചായത്തംഗം ശരീഫ് കുറ്റൂർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, സബ്ന ഇബ്രാഹീം, സാദിഖ് കൊടിയാട്ട്, വി.ടി. മൊയ്തീൻ, ബഷീർ മമ്പുറം, എം.പി. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Vengara Grama Panchayat celebrated winning the Kerala State Disability Award by distributing sweets to students at the Alive Ability Park.