വളവന്നൂരപ്പൻ തിരു ആറാട്ട് മഹോത്സവം ഭക്തിനിർഭരമായി

വളവന്നൂരപ്പന്റെ ആറാട്ടിനായുള്ള പൂജ
വളവന്നൂരപ്പന്റെ ആറാട്ടിനായുള്ള പൂജ

കല്പകഞ്ചേരി: വളവന്നൂർ കുറുക്കോൾക്കുന്ന് ശ്രീ വളവന്നൂരപ്പൻ മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റും തിരു ആറാട്ട് മഹോത്സവവും ഭക്തിനിർഭരമായി സമാപിച്ചു.

ദേശത്തെ വിവിധ കുടുംബക്ഷേത്രങ്ങളിൽനിന്നുമുള്ള കൊടിവരവുകളോടുകൂടിയാണ് മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രംതന്ത്രിമാരായ പുതുമന ഹരിശങ്കരൻ നമ്പൂതിരി, പുതുമന മധുസൂദനൻ നമ്പൂതിരി എന്നിർ ചടങ്ങുകൾക്ക് കാർമികത്വംവഹിച്ചു. പൊന്മുണ്ടം താണിക്കപറമ്പിൽ ഭഗവതീക്ഷേത്രത്തിൽ നിന്ന്‌ പുറപ്പെട്ട പള്ളിവേട്ട തിരിച്ചെഴുന്നള്ളത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കൈകൊട്ടിക്കളികളും അയ്യപ്പഭക്തരുടെ ഭജനയും നടന്നു. ശനിയാഴ്ച വളവന്നൂർ അല്ലോട്ട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര കുളത്തിൽ മഹാദേവന്റെ തിരുആറാട്ടും തുടർന്ന് ഗജവീരന്റെയും വാദ്യ മേളങ്ങളുടെയും താലമേന്തിയ അമ്മമാരുടെയും അകമ്പടിയോടെ വളവന്നൂരപ്പൻ മഹാദേവക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും നടന്നു. തുടർന്ന് നടന്ന ആറാട്ട് സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.

Content Highlights: The annual festival of Sri Valavannoorappan Mahadeva Temple in Kurukkolkunnu, Kalpakanchery, concluded with the auspicious Arattu ritual.