ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം -എം.എൽ.എ.മാർ

29fahmi9ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് പുരസ്‌കാരം നേടിയ പഞ്ചായത്ത് സെക്രട്ടറിമാരായ കെ. അബ്ദുൾ ഷുക്കൂർ (കാളികാവ്), എം. രാകേഷ് മോഹൻ (കോഡൂർ), വി. വിജയകുമാർ (താനൂർ ബ്ലോക്ക് പഞ്ചായത്ത്), പി. ശാന്തി (കീഴാറ്റൂർ) എന്നിവർ
29fahmi9ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് പുരസ്‌കാരം നേടിയ പഞ്ചായത്ത് സെക്രട്ടറിമാരായ കെ. അബ്ദുൾ ഷുക്കൂർ (കാളികാവ്), എം. രാകേഷ് മോഹൻ (കോഡൂർ), വി. വിജയകുമാർ (താനൂർ ബ്ലോക്ക് പഞ്ചായത്ത്), പി. ശാന്തി (കീഴാറ്റൂർ) എന്നിവർ

മലപ്പുറം: വികസനപദ്ധതികളിൽ ഉദ്യോഗസ്ഥതലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എ.മാർ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർവീസ് റോഡുകൾ പൂർത്തിയാക്കുന്നതിലും അപകടസാധ്യതകൾ പരിശോധിക്കുന്നതിലും അടിയന്തര നടപടികൾ വേണമെന്ന് പി.പി. സുനീർ എം.പി. ആവശ്യപ്പെട്ടു.

ജില്ലയിൽ ദേശീയപാതയുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ടെങ്കിലും കാലടി, എടരിക്കോട് എന്നിവിടങ്ങളിൽ നിലവിലെ പ്രോജക്ടിൽ സർവീസ് റോഡുകൾ ഉൾപ്പെട്ടിട്ടില്ലെന്നും ഇവ പുതുതായി അനുമതിലഭിച്ചശേഷമേ നിർമിക്കാൻ കഴിയൂവെന്നും എൻ.എച്ച്.എ.ഐ. പ്രതിനിധി പറഞ്ഞു. ജില്ലയിലെ കിഫ്ബി പ്രവൃത്തികളുടെ വിശദാംശങ്ങൾ അടുത്ത ജില്ലാ വികസനസമിതി യോഗത്തിനു മുൻപ് എല്ലാ വകുപ്പുകളിൽനിന്നും ശേഖരിച്ച് ജില്ലാ പ്ലാനിങ് ഓഫീസർക്ക് നൽകണമെന്ന് യോഗത്തിൽ നിർദേശിച്ചു.

കൂടാതെ, വർഷങ്ങൾക്കുമുൻപ് കുടിവെള്ള കണക്‌ഷൻ ലഭിച്ചിട്ടും വെള്ളം എത്താതെ ബിൽ മാത്രം വരുന്ന പരാതിയും കൺസ്യൂമർ നമ്പർ ഉൾപ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കാനും എം.പി.യുടെ നിർദേശത്തെത്തുടർന്ന് യോഗത്തിൽ തീരുമാനമായി.

മഞ്ചേരി മെഡിക്കൽ കോളേജിലെ എം.ആർ.ഐ. യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്‌ഷൻ വൈകുന്ന വിഷയം എം. റഹ്‌മത്തുള്ള എം.എൽ.എ. യോഗത്തിൽ ഉന്നയിച്ചു. അഡീഷണൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി 43.12 ലക്ഷം രൂപയും കുടിശ്ശിക ഇനത്തിൽ 25 ലക്ഷം രൂപയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് തുക അടച്ചിട്ടും ഓരോഘട്ടത്തിലും പുതിയ കുടിശ്ശിക കണക്കുകൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും തുക നൽകാനുണ്ടെങ്കിൽ അത് മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

തീരദേശപാത (കെ.ആർ.എഫ്.ബി.) നിർമാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയ വീടുകളുടെ രേഖകളും നഷ്ടപരിഹാരവും, ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം, അഞ്ചുടി കുണ്ടുങ്ങൽ പാലം ഭൂമി ഏറ്റെടുക്കൽ, താനൂർ ഗവ. കോളേജ് റോഡ് സ്ഥലം ഏറ്റെടുക്കൽ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പി.കെ. നവാസ് എം.എൽ.എ. ഉന്നയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് പ്രവൃത്തികളുടെ രണ്ടാംഘട്ട സ്ഥിതി, കോഹിനൂർ എലിവേറ്റഡ് ഹൈവേ എസ്റ്റിമേറ്റിന്റെ ടെൻഡർ നടപടികൾ, റൺവേയുമായി ബന്ധപ്പെട്ട ക്രോസ് റോഡ് അലൈൻമെന്റ് എന്നിവ വേഗത്തിലാക്കാൻ ടി.വി. ഇബ്രാഹിം എം.എൽ.എ നിർദേശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ. സാദിഖ് അധ്യക്ഷനായി. പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എൻ.കെ. മുഹമ്മദ് അൻസൽ ബാബു തുടങ്ങിയവരും പങ്കെടുത്തു.

ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

കഴിഞ്ഞ മൂന്നുമാസങ്ങളിൽ മികച്ച പ്രവർത്തനം കാഴ്‌ചവെച്ച ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിമാർക്കും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർക്കും വില്ലേജ് ഓഫീസർമാർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. താനൂർ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വി. വിജയകുമാർ, മികച്ച പഞ്ചായത്ത് സെക്രട്ടറിമാരായ കെ. അബ്ദുൾഷുക്കൂർ (കാളികാവ്), എം. രാകേഷ് മോഹൻ (കോഡൂർ), പി. ശാന്തി (കീഴാറ്റൂർ), മികച്ച വില്ലേജ് ഓഫീസർമാരായ എ. നജീബ് (മേലാറ്റൂർ), പി.കെ. നുസ്രത്ത് (മലപ്പുറം), ടി.എസ്. ശ്രീഷ (വഴിക്കടവ്), ടി.വി. പ്രസാദ് (നെടിയിരുപ്പ്), എം.കെ. കബീർ (നന്നംമുക്ക്), കെ. ദേവദാസ് (കാട്ടിപ്പരുത്തി), വി. ശ്രീജ (വള്ളിക്കുന്ന്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Content Highlights: MLAs in Malappuram urge officials to end delays in development projects during the District Development Committee meeting chaired by the ADM.