മഞ്ചേരി മെഡിക്കൽ കോളേജിൽ 10.10 കോടിയുടെ എം.ആർ.ഐ. സ്‌കാൻ യന്ത്രം ‘കട്ടപ്പുറത്ത് ’

ഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസം
മഞ്ചേരി : മെഡിക്കൽ കോളേജിൽ കോടികൾ മുടക്കി സ്ഥാപിച്ച എം.ആർ.ഐ. സ്‌കാൻ യന്ത്രം 'കട്ടപ്പുറത്ത്'. ആശുപത്രിയിലെ റേഡിയോളജി ബ്ലോക്കിൽ സ്ഥാപിച്ച എം.ആർ.ഐ. യൂണിറ്റ് ഇതുവരെ ഒരു രോഗിക്കുപോലും ഉപകാരപ്പെട്ടിട്ടില്ല. ആശുപത്രിയിൽ നിലവിലുള്ള വൈദ്യുതി കപ്പാസിറ്റിയിൽ (750 കെ.വി.) യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇതാണ് പ്രതിസന്ധിക്കുകാരണം.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ കമ്മിഷൻ ചെയ്തിട്ടില്ല. ഇതോടെയാണ് സ്‌കാൻ യൂണിറ്റ് പൂർണമായും അടച്ചുപൂട്ടിയ നിലയിലായത്.
കട്ടപ്പുറത്തായത് ജർമൻ നിർമിത സീമൻസ് 1.5 ടെസ്‍ല യന്ത്രം
നിർമിതബുദ്ധിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ജർമൻ നിർമിത സീമൻസ് 1.5 ടെസ്‍ല എം.ആർ.ഐ. സ്‌കാനിങ് യന്ത്രമാണ് എട്ടുമാസത്തോളമായി ഉപയോഗിക്കാതെ കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മെഡിക്കൽ കോളേജിൽ യന്ത്രം സ്ഥാപിച്ചത്.
ഇതിനായി പ്ലാൻ ഫണ്ടിൽനിന്ന് 10.10 കോടി രൂപ ചെലവിട്ടു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ രണ്ടുകോടി രൂപ വേറേയും.
മാർച്ച് ആദ്യവാരത്തിൽ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്‌കാനിങ് യൂണിറ്റ് ആശുപത്രിക്ക് സമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതിസംവിധാനംപോലും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം.
ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടും രക്ഷയില്ല
എം.ആർ.ഐ. സ്‌കാനിങ് യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ആശുപത്രിയിൽ 750 കെ.വി.എ. ശേഷിയുള്ള പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ട് മാസങ്ങളായി.
കേബിൾ ജോലികളും കെ.എസ്.ഇ.ബി. ജോലികളും നീണ്ടുപോയതിനാൽ പുതിയ ട്രാൻസ്‌ഫോർമർ ഇതുവരെ കമ്മിഷൻ ചെയ്യാനായിട്ടില്ല. പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയായാൽ ഉടൻ പദ്ധതി കമ്മിഷൻ ചെയ്യുമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
ആശുപത്രിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ 2025-ൽ 1.38 കോടി രൂപ വകയിരുത്തിയതാണ്. ട്രാൻസ്‌ഫോർമർ പ്രത്യേകം രൂപകല്പനചെയ്തു നിർമിക്കേണ്ടിവന്നതിനാൽ വൈകുകയായിരുന്നു.
എം.ആർ.ഐ. സ്‌കാനില്ലാത്ത ഏക മെഡിക്കൽ കോളേജ്
എം.ആർ.ഐ. സ്‌കാൻ യൂണിറ്റ് പ്രവർത്തിക്കാത്ത സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജാണ് മഞ്ചേരിയിലേത്.ഇവിടെ എം.ആർ.ഐ. സ്‌കാൻ യൂണിറ്റ് സ്ഥാപിക്കാൻ 7.2 കോടി രൂപയുടെ പദ്ധതിക്ക് 2022 ഫെബ്രുവരിയിൽ സർക്കാർ അനുമതി നൽകിയതാണ്. തുടർന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി കരാറുണ്ടാക്കുകയും യന്ത്രം വാങ്ങാൻ ആദ്യഗഡുവായി ഈ തുക കൈമാറുകയുംചെയ്തു.
എന്നാൽ പത്തുകോടി രൂപയായിരുന്നു യന്ത്രത്തിന്റെ വില.ബാക്കിവരുന്ന മൂന്നുകോടി സർക്കാരിൽനിന്നു ലഭിക്കുന്നതിന് കാലതാമസം നേരിട്ടു. തുക ലഭിച്ചയുടൻ ആശുപത്രി അധികൃതർ യന്ത്രത്തിന് ഓർഡർ നൽകി.
യന്ത്രം ലഭിക്കാനും വൈകി. യന്ത്രമെത്തിയപ്പോൾ ഇവ പ്രവർത്തിപ്പിക്കാനുള്ള ഹൈടെൻഷൻ ട്രാൻസ്‌ഫോർമർ വേണ്ടിവന്നു. ഇതു സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ രോഗികൾ രോഗനിർണയത്തിന് വൻതുക നൽകി പുറത്തുള്ളഎം.ആർ.ഐ. സ്‌കാനിങ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. യൂണിറ്റ് പ്രവർത്തിച്ചുതുടങ്ങിയാൽ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഈ സേവനം ലഭ്യമാകും.