ചോക്കാട് നഗറിൽ ആനക്കൂട്ടം

നാല്പത് സെന്റ് ആദിവാസി നഗറിൽ കുട്ടിയാനകളടക്കം ഇരുപതിലേറെ ആനകളുള്ള കൂട്ടങ്ങൾ റബ്ബർതോട്ടത്തിൽ
കാളികാവ് : ഇളംവെയിൽ കൊള്ളാൻ കൂട്ടമായി ഇറങ്ങുന്നതുപോലെയാണ് കാട്ടാനക്കൂട്ടങ്ങൾ ചോക്കാട് നഗറിലേക്കെത്തുന്നത്. ഉച്ചകഴിഞ്ഞ് വെയിലാറുന്നതോടെ പത്തും ഇരുപതും ആനകളുള്ള കൂട്ടങ്ങൾ പതിവായി ചോക്കാട് നഗറിൽ മേയാനിറങ്ങുന്നു.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി നഗറാണ് ചോക്കാട് നാല്പത് സെന്റ്. ആദിവാസികൾക്ക് പതിച്ചുനൽകിയ ഇടമാണിതെങ്കിലും അവകാശം സ്ഥാപിച്ചിരിക്കുകയാണ് കാട്ടാനകൾ. കുട്ടിയാനകളടക്കമുള്ള വലിയ ആനക്കൂട്ടങ്ങളാണ് റബ്ബർതോട്ടങ്ങളിൽ തമ്പടിച്ചിട്ടുള്ളത്. ഇവിടെ മണിക്കൂറുകളോളം തമ്പടിക്കും. മേയ്ക്കാൻ എത്തുന്ന കാലിക്കൂട്ടങ്ങൾ പോലെയാണ് കുട്ടിയാനകളടക്കമുള്ള ആനകൾ തോട്ടങ്ങളിൽ വിഹരിക്കുന്നത്. കൂട്ടമായെത്തുന്ന ആനകൾ വലിയ ശല്യക്കാരല്ലെങ്കിലും കൂട്ടംതെറ്റിയെത്തുന്ന ഒറ്റയാനകൾ ആദിവാസികളടക്കമുള്ള താമസക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ഒറ്റയാൻമാർ വീടുകൾക്ക് സമീപത്തുകൂടി സഞ്ചരിക്കുകയും വീടുകളുടെ ഓടുകൾ ഇളക്കിയിടുകയും ചെയ്യുന്നു. വീടുകൾക്കുപിന്നിലെ സെപ്റ്റിക് ടാങ്കുകൾ തകർക്കുന്നതടക്കമുള്ള നാശനഷ്ടങ്ങളും വരുത്തുന്നുണ്ട്.
ഒറ്റയാനകൾ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാക്കാമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാൻ ആദിവാസി നഗറിന്റെ ഒരു ഭാഗത്ത് വലിയ മതിൽ നിർമിച്ചിട്ടുണ്ട്. എന്നാൽ മതിൽ ഇല്ലാത്ത ഭാഗത്തെ വിടവിലൂടെയാണ് ആനക്കൂട്ടങ്ങൾ തോട്ടങ്ങളിലേക്കും താമസസ്ഥലങ്ങൾക്ക് സമീപത്തേക്കും എത്തുന്നത്. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.